സാബ്രെ..


എന്റെ ഏതൊരു സാഹസികത നിറഞ്ഞ ദിവസത്തില്‍ വേണമായിരുന്നെങ്കിലും 'സാബ്രെ'യെ കണ്ടുമുട്ടുമായിരുന്നു. പക്ഷെ അതുണ്ടായത്‌ ഞാന്‍ ഇന്ത്യയിലേക്ക്‌ തിരിച്ചു പോയാലോ എന്നു ചിന്തിച്ച അന്നായിരുന്നു. അന്നു രാവിലെ മുതല്‍ തന്നെ അസാധാരണമാം വിധം അസ്വസ്ഥമായിരുന്നു മനസ്സ്‌. ഓഫീസിലെത്താന്‍ തന്നെ വൈകി. കപ്പലിന്റെ എഞ്ചിന്‍ സെര്‍വീസിങ്ങുമായി ബന്ധപ്പെട്ട ജോലിയായിരുന്നതിനാല്‍, കപ്പല്‍ ദുബായിയില്‍ വരുമ്പോള്‍ മാത്രമെ കാര്യമായ പണിയുണ്ടാകാറുള്ളൂ. എങ്കിലും ഓഫീസില്‍ കൃത്യ സമയത്ത്‌ എത്താതെ പറ്റില്ല. എന്നിട്ടെന്താ, എന്തെങ്കിലും പുസ്തകം വായിച്ചുകൊണ്ടിരിക്കും. അക്കാലത്ത്‌ മരിയാപുസോയുടെ 'ദ ലാസ്റ്റ്‌ ഡോണ്‍' വായിക്കലായിരുന്നു പ്രധാന പണി. അതിലെ ഒരു കഥാപാത്രമായ അഥീന അക്വിറ്റൈനിനെ വര്‍ണ്ണിച്ചു കൊണ്ടിരിക്കുകയാണ്‌ കഥാകാരന്‍.' പുറത്തെ പൂഴിമണലിനെ ചുംബിച്ചു കൊണ്ടിരിക്കുന്ന അലസയായ കടല്‍. സൂര്യന്‍ അസ്തമയത്തിന്‌ പോകാന്‍ മടി കാണിക്കുന്നു. അവളുടെ നീല കണ്ണുകള്‍ ഒരു സമുദ്രം പോലെ.. അകലെ, വര്‍ഷങ്ങള്‍ക്കകലെ, ഇതേ പോലെ അസ്തമയസൂര്യന്റെ ചെറുചൂടില്‍, പാടത്ത്‌ കൊയ്യാറായി നില്‍ക്കുന്ന നെല്‍ക്കതിരുകള്‍. അഥീന അക്വിറ്റൈന്റേതേക്കാള്‍ ഭംഗിയുള്ള കണ്ണുകള്‍, എന്തോ കാത്ത്‌ നില്‍ക്കുന്നു, നക്ഷത്രങ്ങള്‍ പോലെ...മരിയോപുസോ.. ഞാന്‍ നിന്നെ അസ്വദിക്കുന്നു. ഓഫീസിലെ ഫിലിപ്പീന സുഹൃത്ത്‌ ചോദിച്ചു.
വൈ ആര്‍ യു ക്രൈയിംഗ്‌?
-നതിംഗ്‌...
ഒരു ചെറു പുഞ്ചിരിയില്‍ കാലം മറഞ്ഞു. പൊന്‍ നിറമുള്ള വെയിലിനു പകരം, മുന്നില്‍ വൈറ്റ്‌ വാഷ്‌ ചെയ്ത ചുവരിന്റെ ബാക്ക്ഗ്രൌണ്ടില്‍ രണ്ട്‌ വലിയ എഞ്ചിന്റെ ചിത്രങ്ങള്‍ മാത്രം!
*****
ഹിറ്റ്‌ 96.7FM...ഷൈഖ്‌ സയ്യദ്‌ റോഡിലേക്ക്‌ വണ്ടിയെത്തിയപ്പോള്‍ FM-ലെ ജോണിന്റെ ശബ്ദം. മൂവി ഗൊ റൌണ്ട്‌ എന്ന പ്രോഗ്രാം ആണ്‌. മലയാളസിനിമാ വിശേഷങ്ങള്‍ക്കൊപ്പം പാട്ടുകളുമുണ്ടാകും. ഇരുവശങ്ങളിലും തലയുയര്‍ത്തി നില്‍ക്കുന്ന പടുകൂറ്റന്‍ കെട്ടിടങ്ങള്‍.ഇവിടം മരുഭൂമിയായിരുന്നെന്ന് വിശ്വസിക്കാന്‍ തന്നെ പ്രയാസം. ഏസിയുടെ തണുപ്പില്‍, അകലെ നിന്നെന്ന പോലെ കടലിന്റെ മൃദുവായ ആരവം. ജാനകിയമ്മയുടെ ശ്രുതിമധുരമായ ശബ്ദം.. 'ആഴക്കടലിന്റെ അങ്ങേക്കരയി... 'ശ്രീരാഗമാണോന്ന് സംശയം.. നഷട്ബോധത്തിന്റെ ആഴക്കടലില്‍, സൌന്ദര്യാരാധനക്ക്‌ മുത്തുകള്‍ തിരയുന്നു. ഇല്ല..മുത്തുകള്‍ പോയിട്ട്‌ ഒരു വെള്ളാരങ്കല്ല് പോലുമില്ല. തിരിച്ച്‌ പൊങ്ങിവന്നപ്പോള്‍, വിയര്‍പ്പുതുള്ളികള്‍..അസ്വസ്ഥമായ മനസ്സ്‌..അതും ഏസിയുടെ കുളിരില്‍..
****
ഇല്ല..ഇതു താങ്ങാനാവുന്നില്ല. മുറിയിലെത്തിയതും, കാബിനറ്റ്‌ തുറന്ന് നോക്കി. ഇന്നലത്തെ ഗ്രാന്റ്‌സ്‌. കഷ്‌ടി ഒരു പെഗ്ഗുണ്ടാവും. ഓകെ, അപ്പൊ വെള്ളം വേണ്ട. ഒന്നു കിടന്നാലൊ..ഇല്ല കടലിപ്പോഴും അശാന്തമാണ്‌. ഇനി അടുത്ത മാര്‍ഗ്ഗം ഒരു കുളി! ഷവര്‍ തുറന്ന് അതിനടിയില്‍ നിന്നു. ചെവിയില്‍ വെള്ളം വീഴുന്ന ശബ്ദം. ബാത്‌ റൂമിലെ ടൈലുകളില്‍ വെള്ളം വീഴുന്നു. തൊട്ടപ്പുറത്തിരിക്കുന്ന ബക്കറ്റില്‍, ഫ്ലഷിന്റെ കവറില്‍..വെള്ളം പലതരം ശബ്ദങ്ങളുണ്ടാക്കി.ചെണ്ട, താളം, ചേങ്ങില..അതെ, പാണ്ടിമേളമാണ്‌. ആറാട്ടുപുഴ പൂരത്തിന്‌ അമ്മതിരുവടിയെ എഴുന്നള്ളിക്കുമ്പോള്‍ പാണ്ടിമേളമാണ്‌. ഇപ്പോള്‍ മേളം അഞ്ചാം കാലത്തിലേക്ക്‌ കടന്നിരിക്കുന്നു. അറുപത്തിയൊന്ന് ദേവകള്‍ അണിനിരക്കുന്ന ദേവസംഗമം! ഒരു പക്ഷെ ഞങ്ങളുടെ അവസാനത്തെ സംഗമവും! അവള്‍ മുഖം കുനിച്ചു നില്‍ക്കുകയാണ്‌.
-ഒന്നു ചോദിച്ചോട്ടെ..ഇഷ്‌ടം തോന്നിയിട്ടുണ്ടോ എന്നോട്‌? എപ്പോഴെങ്കിലും?
അവള്‍ മുഖമുയര്‍ത്തി. നിറഞ്ഞ്‌ തുടങ്ങിയ കരിനീലകണ്ണുകള്‍..
-ങ്ങും..അവള്‍ പറഞ്ഞു.
-എന്നിട്ടും എന്തേ?..പാതിവഴിയില്‍ അവന്റെ വാക്കുകള്‍ പതറി.
-എനിക്കറിയില്ല..അത്‌ ശരിയാവില്ലാന്ന് തോന്നി..
ഷവറിനടിയില്‍ നിന്ന് ഞാന്‍ വേദന നിറഞ്ഞ പുച്ഛത്തോടെ ചിരിച്ചു..അന്നത്തെ പോലെ..
*****
തല തോര്‍ത്തിയിട്ടില്ല. യോര്‍ക്ക്‌ ഇന്റര്‍നാേഷനലിന്റെ മുന്നില്‍ കാറെത്തിയപ്പോഴാണ്‌ ഞാനത്‌ ശ്രദ്ധിച്ചത്‌. അകത്ത്‌ കയറി. കൈയ്യിലൊരു പെഗ്ഗ്‌ വോഡ്‌കയുമായി ഞാന്‍ പ്രാഞ്ചി പ്രാഞ്ചി നടന്നു. കോഴികൂടിനടുത്ത്‌ നടക്കുന്ന കുറുക്കനെ പോലെ. കൂടുതലും ആഫ്രിക്കന്‍സ്‌ ആണ്‌. ഇടയ്ക്ക്‌ റഷ്യന്‍സ്‌, ഒന്ന്, രണ്ട്‌, ഫിലിപ്പീന. അവിടവിടെ വച്ചിരിക്കുന്ന കമ്പ്യൂട്ടര്‍ ഗയിമുകളില്‍ ഒന്നിനടുത്ത്‌ ഒരു സുന്ദരി നില്ക്കുന്നു. സൊളിറ്റൈറില്‍ ഒരു കാര്‍ഡ്‌ തള്ളുന്നതിനിടയില്‍ അവള്‍ ഇടങ്കണ്ണിട്ട്‌ നോക്കി. അവളുകളുടെ കണ്ണുകളും നീലയാണ്‌. പക്ഷെ അഥീനയുടെ അത്രക്ക്‌ നീലയല്ല. -എക്സ്‌ക്യൂസ്‌ മി. ആര്‍ യു റെഡി ഫോര്‍ എ റേഷ്യല്‍ വാര്‍?- ഒന്നു ചിരിച്ചെങ്കിലും സുന്ദരിയായ അവള്‍ പറഞ്ഞു." ഒ.. നൊ..അയാം ബിസി നൌ.-ഓകെയ്‌ .. ഞാന്‍ അടുത്ത്‌ തന്നെ മാറി നിന്നു. ഇത്‌ റേഷ്യല്‍ ഡിസ്ക്രിമിനേഷന്‍ തന്നെ. കറുത്ത ഇന്ത്യനെ വെളുത്ത ടര്‍ക്കിക്കാരിക്ക്‌ വേണ്ട.ഷിറ്റ്‌!കുടിച്ച വോഡ്‌ക വെറും മിനെറല്‍ വാട്ടര്‍! ഞാന്‍ കൌണ്ടറിനടുത്തേക്ക്‌ നടന്നു.വീണ്ടും വീണ്ടും ലാര്‍ജ്ജുകള്‍..
*****
ഷക്കീലിന്റെ ക്യാമ്പിലെത്തുമ്പോള്‍ പന്ത്രണ്ട്‌ മണിയായ്‌ കാണും. അവിടെ നിഴല്‍ വീണ മുഖവുമായി ഇരിക്കുന്ന ഒരു ഇന്‍ഡോനേഷ്യന്‍. വസ്‌ത്രധാരണം ഇന്ത്യക്കാരുടേത്‌ പോലെ. കയ്യില്‍ രണ്ട്‌ സ്വര്‍ണ്ണ നിറത്തിലുള്ള വളയും, ഒരു റബ്ബര്‍ കൊണ്ടുള്ള വളയും.അവളുടേതും നീല കണ്ണുകളാണ്‌..നഗ്നയായി മാറില്‍ ചാഞ്ഞ്‌ കിടക്കുമ്പോള്‍, എന്റെ കയ്യിലെ കറുത്ത ചരട്‌ ചൂണ്ടി അവള്‍ ചോദിച്ചു,'ഇതെന്താ?'-നതിംഗ്‌.ജസ്റ്റ്‌ ഫോര്‍ എ സ്റ്റൈല്‍. പാവം അമ്മ.. നടക്കാന്‍ വയ്യാതിരിക്കുമ്പോഴും, പെരുവനം അമ്പലത്തില്‍ നടന്ന് പോയി പൂജിച്ചു കൊണ്ടു വന്ന ചരടാണ്‌. ഈശ്വരാ.. ഞാന്‍ കണ്ണുകള്‍ മാറ്റി..
-നന്നായി കുടിച്ചിട്ടുണ്ടല്ലൊ?എന്തിനാ ഇങ്ങനെ കുടിക്കുന്നത്‌? ഒരു രസത്തിന്‌ കുറച്ച്‌ ആവാം പക്ഷെ ഇങ്ങനെ അധികം കുടിച്ചാല്‍ കരളിന്‌ അസുഖം വരും. എനിക്കറിയാം. അവളുടെ കലങ്ങിയ നീല കണ്ണുകള്‍ കൊച്ചു കുട്ടികളെ ഉപദേശിക്കുന്നത്‌ പോലെ..
-എങ്ങനെയറിയും? നീ കുടിക്കുമോ? നിനക്കിപ്പോള്‍ കരളില്ലെ? ഞാന്‍ കളിയാക്കി.
അതല്ല. അവളുടെ ശബ്ദം മാറി.കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു. ഞാന്‍ അവളുടെ മുഖം പിടിച്ചുയര്‍ത്തി.-ഏയ്‌.വാട്ട്‌ ഹാപ്പെന്റ്‌? ഞാന്‍ ചോദിച്ചു. അവള്‍ ഒഴിഞ്ഞ്‌ മാറുന്ന ഒരു ചിരി ചിരിച്ചു.
നൊ നൊ, പറയ്‌, വാട്ട്‌ ഈസ്‌ റോങ്‌ വിത്‌ യു? നിന്റെ പാരെന്റ്‌സ്‌ കുടിക്കുമോ? അതോ..
അവള്‍ ദീര്‍ഘമായി ഒന്നു നിശ്വസിച്ചുഃഉം... നൊട്ട്‌ മൈ പാരെന്റ്‌സ്‌...മൈ ഹസ്ബന്‍ഡ്‌..കുടിച്ച്‌, കുടിച്ച്‌.. ഇപ്പൊ കരളിന്‌ രോഗമാണ്‌. ഒന്നും ചെയ്യാന്‍ വയ്യ. വേദനയോടെ അവള്‍ പറഞ്ഞു.
- ചികില്‍സയൊന്നും?
- ഉം..ഉണ്ട്‌.. ഹി ഈസ്‌ ഇന്‍ ഹോസ്പിറ്റല്‍ നൌ. ഓപറേഷന്‍ വേണം..അതിന്‌ വേണ്ടിയാണ്‌ ഞാന്‍ ഈ...അയാം ലിവിംഗ്‌ ഫോര്‍ ഹിം ഓണ്‍ലി...അവളുടെ നീല കണ്ണുകള്‍ നിറഞ്ഞൊഴുകി...
ഇടയ്ക്കൊക്കെ വിളിക്കൂ. തിരിച്ചു പോകാനൊരുങ്ങുമ്പോള്‍ എന്റെ മൊബൈലില്‍ അവളുടെ നമ്പര്‍ അടിച്ചു കൊണ്ട്‌ അവള്‍ പറഞ്ഞു, എന്റെ പേരറിയാമോ? സാബ്രെ...
******
പിന്നീട്‌ ഞാനവളെ കണ്ടത്‌ വളരെ അപ്രതീക്ഷിതമായി ജുമൈറ ബീച്ചില്‍ വച്ചാണ്‌.
ഹലോ. ഇന്ന് ഡ്യൂട്ടിയില്ലെ? ഞാന്‍ ചോദിച്ചു.
ഇല്ല. എം.സി-യാണ്‌. അവള്‍ ചിരിച്ചു.
അന്ന് അവള്‍ ഒരു പാട്‌ കാര്യങ്ങള്‍ പറഞ്ഞു. അവളുടെ ഒരകന്ന ബന്ധുകൂടിയാണ്‌, ഭര്‍ത്താവായ സഫര്‍. വീട്ടുകാര്‍ക്ക്‌ ഇഷ്‌ടമില്ലാതിരുന്നിട്ടും അവര്‍ ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഒരിക്കലും തിരിച്ചു പോകില്ല എന്ന് നിശ്ചയിച്ചുറപ്പിച്ചാണ്‌ അവള്‍ സ്വന്തം വീട്ടില്‍ നിന്നും ഭര്‍ത്താവിനോടൊപ്പം ഇറങ്ങിയത്‌. പക്ഷെ വിധി..അത്‌ പറയുമ്പോള്‍ അവള്‍ കരയുകയായിരുന്നില്ല. ആ നീലകണ്ണുകള്‍ പുകയുകയായിരുന്നു... തിരിച്ചു വീട്ടില്‍ വീണ്ടും കയറി ചെല്ലുമ്പോഴേക്കും കരഞ്ഞ്‌ കരഞ്ഞ്‌ ആ കണ്ണുകള്‍ വറ്റിയിരുന്നിട്ടുണ്ടാകും.. ഞാന്‍ മനസ്സിലോര്‍ത്തു.
-ഓപറേഷന്‌ ഇനിയും പണം വേണം..അവളകലെ വെയിലില്‍ തിളങ്ങുന്ന അലകളിലേക്ക്‌ നോക്കി കൊണ്ട്‌ പറഞ്ഞു. ഇനി രണ്ട്‌ മാസം കൂടി..അത്‌ കഴിഞ്ഞാല്‍ ഞാന്‍ തിരിച്ച്‌ ഇന്‍ഡോനേഷ്യയിലേക്ക്‌ പോകും...
ര്‍ണിം,ര്‍ണിം..അവളുടെ സെല്‍ ഫോണ്‍ റിംഗ്‌ ചെയ്തു.
യാ യാ, അയാം കമിംഗ്‌..അവള്‍ മറുപടിയായ്‌ പറഞ്ഞു. - എനിക്ക്‌ പോണം. ഒഴുകാന്‍ തുടങ്ങിയിരുന്ന കണ്ണുകള്‍ തുടച്ച്‌ അവള്‍ എഴുന്നേറ്റ്‌ നടന്നു...
*****
ഇന്‍ഡോനേഷ്യയിലേക്ക്‌ തിരിച്ച്‌ പോകുന്നതിന്‌ മുന്‍പ്‌ ഞാന്‍ സാബ്രെയെ ഒരിക്കല്‍ കൂടി കണ്ടിരുന്നു. ഒരു ദിവസം ഓഫിസിലിരിക്കുമ്പോള്‍ ഒരു ഫോണ്‍കോള്‍.
-ഹലോ.-ഹലോ.. ഞാന്‍ സാബ്രെയാണ്‌. ഞാന്‍ തിരിച്ച്‌ പോകുകയാണ്‌.. നാളെ.എനിക്ക്‌ ഒന്ന് കാണണമെന്ന് തോന്നി. ഇന്ന് എങ്ങനെ? ഫ്രീയാണോ?
-ഓകെ..
-എങ്കില്‍ എന്റെ ഫ്ലാറ്റില്‍ വന്നാല്‍ മതി.
-ഒോകെ.അന്ന് ഞങ്ങള്‍ ഒരു മണിക്കൂര്‍ മുറിയടച്ചിരുന്ന് സംസാരിച്ചു.
-ഓപറേഷന്‍ കഴിഞ്ഞു, കഴിഞ്ഞയാഴ്ച..കണ്ണുകള്‍ തുടച്ച്‌ ചിരിച്ച്‌ കൊണ്ട്‌ പറഞ്ഞു. മിനിഞ്ഞാന്ന് വീട്ടിലേക്ക്‌ കൊണ്ട്‌ വന്നു.കയ്യില്‍ കരുതിയിരുന്ന ഒരു ചെറിയ ഗിഫ്റ്റ്‌ അവളുടെ കയ്യില്‍ വച്ചുകൊടുത്തു കൊണ്ട്‌ ആ സന്തോഷത്തില്‍ ഞാനും പങ്ക്‌ ചേര്‍ന്നു.. പിരിഞ്ഞുപോരുമ്പോള്‍ അവള്‍ അവളുടെ ഇന്‍ഡോനേഷ്യയിലെ അഡ്രസ്സ്‌ തന്നു.-ഷിപ്പില്‍ സിംഗപൂരിലേക്കും, ഇന്‍ഡോനേഷ്യയിലേക്കുമൊക്കെ വരാറുണ്ടെന്നല്ലെ പറഞ്ഞത്‌. ഇനി വരുമ്പോള്‍ എന്റെ വീട്ടിലേക്ക്‌ വരൂ..അവിടെ ഷിപ്പ്‌യാര്‍ഡിന്റെ അടുത്താണ്‌..ആ കണ്ണുകള്‍ തിളങ്ങി.. സംഭവിക്കാന്‍ സാധ്യതയില്ലെങ്കിലും, ഞാന്‍ സമ്മതഭാവത്തില്‍ ചിരിച്ചു.
*****
സാബ്രെ പോയി കുറച്ച്‌ മാസങ്ങളായി. അവളെ ഞാന്‍ മറന്ന് തുടങ്ങിയതാണ്‌. പിന്നീട്‌ ഓര്‍ക്കുന്നത്‌ ഷിപ്പില്‍ യാത്ര ചെയ്യുമ്പോഴാണ്‌. ദുബായില്‍ നിന്ന് ഇന്‍ഡോനേഷ്യ വരെ!. ജോലി കഴിഞ്ഞ്‌ കപ്പലിന്റെ മുകള്‍തട്ടില്‍ വരുമ്പോള്‍, കുറച്ച്‌ നേരം കടല്‍ നോക്കി നില്‍ക്കും. അപ്പോഴൊക്കെ ഞാനോര്‍ക്കും. അഥീനയുടെ കണ്ണുകള്‍, ഉത്സവപറമ്പിലെ കരിനീലകണ്ണുകള്‍, സാബ്രെയുടെ കണ്ണുകള്‍..പാവം..ഇപ്പൊ ഭര്‍ത്താവുമൊത്ത്‌ സുഖമായി കഴിയുന്നുണ്ടാവും..
*****
"-------------"ഇന്‍ഡോനേഷ്യന്‍ ഭാഷയാണ്‌. എന്നെ എന്തൊക്കെയൊ ശകാരിക്കുകയും, ശപിക്കുകയുമൊക്കെ ചെയ്യുകയാണ്‌ ആ വൃദ്ധയായ സ്ത്രീ...ഗൈഡ്‌ ആയി വന്ന ഒരു ചെറുപ്പക്കാരനാണ്‌ സാബ്രെയുടെ വീട്ടില്‍ നിന്നും തിരിച്ചു വരുമ്പോള്‍ പറഞ്ഞു തന്നത്‌.. സാബ്രെ തിരിച്ചുവന്നു കുറച്ചു കാലം ഭര്‍ത്താവുമൊന്നിച്ച്‌ താമസിച്ചിരുന്നത്രെ..പക്ഷെ പിന്നീട്‌ അയാള്‍ സാബ്രെയെ ഉപേക്ഷിച്ച്‌ മറ്റൊരു സ്ത്രീയുമായി താമസം തുടങ്ങി...ഒരു സിനിമാക്കഥ പോലെ ..എനിക്കു വിശ്വസിക്കാന്‍ കഴിയുന്നില്ല.. ഞാന്‍ സ്വയം പറഞ്ഞു.,. സാബ്രെ വീട്ടുകാരുമായി വഴക്കായി എങ്ങോട്ടോ പോയി..എവിടെയാണെന്നൊ എന്താണെന്നൊ ആര്‍ക്കുമറിയില്ല.., അയാള്‍ പറഞ്ഞു നിര്‍ത്തി.ഞാന്‍ അന്ന് തന്നെ ദുബായിലേക്ക്‌ തിരിച്ചു പോന്നു..പോരുമ്പോള്‍ മുഴുവന്‍ സാബ്രെയെ കുറിച്ച്‌ ഓര്‍ക്കുകയായിരുന്നു...മരണത്തിന്റെ വായില്‍ നിന്ന് ഭര്‍ത്താവിനെ രക്ഷിച്ചെടുത്ത്‌ വെറുതെ മറ്റൊരാള്‍ക്ക്‌...ജീവിതത്തിന്റെ ഗതിവിഗതികളില്‍ ആശ്ചര്യത്തോടെ നോക്കി നില്‍ക്കാന്‍ മാത്രം വിധിക്കപ്പെട്ടവര്‍... തന്നെപോലെ...സാബ്രെയെപ്പോലെ..അങ്ങനെ എത്ര പേര്‍..കടലില്‍ തിരകള്‍ അശാന്തമായി.. *****
ഹലോ...റഷീദ്‌ പോര്‍ട്ടിലിറങ്ങി തിരിച്ച്‌ കരാമയിലേക്ക്‌ ടാക്സി കാത്തിരിക്കുമ്പോളാണ്‌ നാട്ടില്‍ നിന്നും ഫോണ്‍...
'മോനെ അമ്മയാണ്‌ നീ എത്തിയോ?.. ഞങ്ങള്‍ ഇവിടെ ആകെ തീ പിടിച്ചിരിക്കുകയാ..ഫ്ലാഷ്‌ ന്യൂസില്‍...സുനാമി അടിക്കുന്നതിന്റെ വാര്‍ത്തകളാ മൊത്തം...ഈശ്വരാ...അപകടമൊന്നുമില്ലാതെ എത്തിയല്ലോ..' '
ഇല്ലമ്മേ..പേടിക്കണ്ട.. ഞാന്‍ സേഫ്‌ ആയി എത്തി..'
ഷിപ്പില്‍ വെച്ച്‌ ഇന്‍ഫോ കിട്ടിയിരുന്നു..പക്ഷെ റൂമിലെത്തി ടിവി കണ്ടപ്പോഴാണ്‌ അതിന്റെ ഭീകരത മനസ്സിലായത്‌...കടല്‍ തകര്‍ത്തു കളഞ്ഞ വീടുകള്‍..അലമുറയിട്ട്‌ കരയുന്ന കുട്ടികള്‍..കൂടുതല്‍ മരണങ്ങള്‍ ഇന്‍ഡോനേഷ്യയിലും ഇന്‍ഡ്യയിലും.... ഇന്‍ഡോനേഷ്യ........ജീവന്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു..സ്ക്രീനില്‍ ഉറ്റവര്‍ നഷ്‌ടപ്പെട്ടവരുടെ ദൈന്യ മുഖങ്ങള്‍ മാറി മാറി തെളിയുന്നു...പിഞ്ചു കുട്ടികളെ മാറോട്‌ ചേര്‍ത്ത്‌ ആര്‍ത്തലച്ച്‌ കരയുന്ന അമ്മമാര്‍, ദുരന്തം റിപ്പോര്‍ട്ട്‌ ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍..മുറിവേറ്റവര്‍ ...അവരുടെ ശുശ്രൂഷകള്‍ക്കായി ധൃതി പിടിച്ചോടുന്ന ഡോക്ടര്‍മാര്‍..സന്നദ്ധ പ്രവര്‍ത്തകര്‍...ഒരു കൊച്ചു കുട്ടി വീടിന്റെ ഒരു ഭാഗം വീണ്‌ തകര്‍ന്ന തന്റെ കാലുമായ്‌ വേദനിച്ച്‌ കരയുന്നു... ....
ഏയ്‌..സാബ്രെ..അവള്‍ ആ കുട്ടിയുടെ കാലുകളില്‍ മുറിവ്‌ വെച്ചു കെട്ടുകയാണ്‌...കരയുന്ന ആ കുട്ടിയുടെ തലയില്‍ അവള്‍ തലോടി...അവന്റെ മുഖം മാറോട്‌ ചേര്‍ത്ത്‌ വെച്ചു...അവളുടെ കണ്ണുകള്‍ ..അവക്ക്‌ നീല നിറം കൂടിയിട്ടുണ്ട്‌.....അവ നിറഞ്ഞൊഴുകുന്നു...ആര്‍ത്തലക്കുന്ന തിരകളായല്ല....പകരം..അഗാധവും,ശാന്തവുമായ ഓളങ്ങളായി...

Comments

Kiranz..!! said…
എഴുത്ത് നന്നായി..കമന്റുകളൊക്കെ നോട്ടിഫൈ ചെയ്യാനുള്ള സെറ്റിംഗ് മനപൂര്‍വം ചെയ്യാത്തതാണോ ? അല്ലെങ്കില്‍ pinmozhikal@gmail.com എന്ന് കൊടുത്താല്‍ കുറെക്കൂടി വായനക്കാര്‍ അറിയാനും അഭിപ്രായമറിയിക്കാനും സാധിക്കും.
My goodness.. Really fantastic.. My eyes also filled up with sabra
hope... said…
kurachu neram tharichu erunnu poyi...
ethu veru kathayaano atho jeevithathil ninnano.. utharam ariyaan vendi chodhichathalla...

wonderful...

"aakashangalil meghangal ellathavar..."

eniyum oru vibhagam undu ariyaamo
" thaazhe bhoomiyum ellathavar"
Dileep said…
hmm...entammo..dasetta kollam nannayittundu :)

Popular posts from this blog

അദിതി, ഏന്‍ അബ്സൊല്യൂട്ടിസ്റ്റ്

ശാന്തി പറഞ്ഞ കഥ 2 -)0 ഭാഗം