Monday, April 30, 2007

അപരിചിതര്‍...

എന്നും വരുന്ന ആ കുട്ടികള്‍ എവിടെ? വിജയലക്ഷ്മി ചിന്തിച്ചു.
ഈ നഗരത്തില്‍ എന്നും കാണാറുള്ള മുഖങ്ങള്‍ അവരുടേത്‌ മാത്രമാണ്‌.പ്രേമിക്കുന്നവര്‍ പാര്‍ക്കുകള്‍ ഇഷ്ടപെടുന്നവരായിരിക്കും. പക്ഷെ മറ്റു പല ആളുകളും വരുന്നതിനായതിനാല്‍ അതില്‍ ഒരു റിസ്ക്‌ ഫാക്ടര്‍ ഉണ്ട്‌. വിജയലക്ഷ്മി ആരോടെന്നില്ലാതെ വെറുതെ ചിരിച്ചു. പക്ഷെ അവര്‍ സാധാരണ ഇണക്കിളികളെ പോലെ അല്ലെന്നും തനിക്ക്‌ തോന്നിയിട്ടുണ്ട്‌. ഒന്നാമതായി അവര്‍ രണ്ടു പേരും വല്യ പണമുള്ളിടത്തു നിന്നാണ്‌ എന്നു കണ്ടിട്ട്‌ തോന്നുന്നില്ല. സാധാരണയായി താനിരിക്കുന്ന ബഞ്ചിന്റെ ഒരു ബഞ്ച്‌ മുന്നിലൂടെയാണ്‌ നടന്ന് പോകുക. ഒന്നും മിണ്ടാതെ, അവര്‍ എന്നും ഇരിക്കാരുള്ള കാറ്റാടി മരത്തിന്റെ അടുത്ത്‌ ഇരിക്കും. താനിരിക്കുന്ന ബഞ്ചിന്റെ മുന്നില്‍ രണ്ടാമത്‌ ബഞ്ച്‌ കഴിഞ്ഞാല്‍ ഒരു വളവാണ്‌. കോണ്‍ഷേപ്പിലുള്ള അക്വേറിയം ബില്‍ഡിങ്ങിന്റെ ഒരു ഭാഗം അതിനോട്‌ ചേര്‍ന്നാണ്‌. ആ ഭാഗം ഒരു അരമതില്‍ കെട്ടി വളച്ചിരിക്കുന്നു. അതിനടുത്താണ്‌ കാറ്റാടിമരം. അതിനു താഴെയായി രണ്ടു ചെറിയ പാറകള്‍ ഉണ്ട്‌. അതിലാണ്‌ ആ കുട്ടികളിരിക്കാറ്‌. ഈ ബഞ്ചിലിരുന്ന് നോക്കിയാല്‍ ഇരുവരേയും കാണാം. തോളോട്‌ തോള്‍ ചേര്‍ന്നിരിക്കും. പണ്ട്‌ താനും പപ്പേട്ടനും ഈ പാര്‍ക്കില്‍ വന്നങ്ങനെ ഇരിക്കാറുണ്ട്‌. പപ്പേട്ടന്‍ ഉണ്ടായിരുന്നപ്പോഴേതില്‍ നിന്ന് ഈ നഗരം എത്ര മാറി!, ടീച്ചര്‍ നെടുവീര്‍പ്പിട്ടു. ഏത്രയോ പേര്‍ വരുന്നു...എത്രയോ പേര്‍ പോകുന്നു...ചിലരെല്ലാം നേരത്തെ..ചിലരെല്ലാം കുറച്ച്‌ വൈകിയും...പപ്പേട്ടന്‍ പോയിട്ടിപ്പൊ അഞ്ച്‌ വര്‍ഷമായിരിക്കുന്നു...താന്‍ ഒറ്റക്കായിട്ടും...
*****
ടീച്ചറേ, മറ്റേ ഗേറ്റ്‌ വഴി തന്നെ പോണം. ഇവിടെ ഗേറ്റിന്റെ പണി ശകലം കൂടി ബാക്കിയുണ്ട്‌. വാച്ച്‌ മാന്‍ കുമാരനാണ്‌.
ഓ..ആയിക്കോട്ടെ. അപ്പൊ റിനോവേഷന്‍ കഴിഞ്ഞില്ലാലെടൊ..
പാര്‍ക്ക്‌ റിനോവേഷന്‍ കഴിഞ്ഞ്‌ ഇന്നലെ തുറന്നതേയുള്ളു. സാധാരണ, വീട്ടില്‍ നിന്നിറങ്ങി നടന്ന്, പാര്‍ക്കിന്റെ കിഴക്ക്‌ വശം സപ്ന തിയ്യേറ്ററിന്റെ മുന്നിലെ ഗേറ്റിലൂടെയാണ്‌ കടക്കുന്നത്‌. തിരിച്ചു പോകുമ്പോള്‍ പടിഞ്ഞാറ്‌ വശത്തെ ഗേറ്റ്‌ കടന്ന് വടക്കുന്നാഥന്റെ നടക്കലൊന്ന് തൊഴുത്‌, തിരിച്ച്‌ വീട്ടിലേക്ക്‌. വേറെ ആവശ്യങ്ങളില്ലെങ്കില്‍ എന്നും ഇതാണ്‌ പതിവ്‌. ഇതിപ്പൊ ഒരാഴ്ച കഴിഞ്ഞ്‌ ഇന്നാണ്‌ വരുന്നത്‌. കണ്ണിന്‌ ഒരു ഓപ്പറേഷന്‍. അതിനാല്‍ എല്ലാ പതിവും മുടങ്ങി. ഒരാഴ്ച രിനൊവേഷന്‍. കൃത്യം അതേ ഒരാഴ്ച ആശുപത്രിയില്‍. നല്ല കണക്ക്‌! ആരോടെന്നില്ലാതെ ടീച്ചര്‍ വെറുതെ ചിരിച്ചു. ഇരുട്ടി തുടങ്ങി. അധികം വൈകിയാല്‍, കാഴ്ചക്ക്‌ അത്ര ശക്തി പോര. ടീച്ചര്‍ നടത്തത്തിന്റെ വേഗം കൂട്ടി.
***
ടിംഗ്‌ ടൊങ്ങ്‌. പതിവ്‌ പോലെ ജാനു വന്ന് വാതില്‍ തുറന്നു. അകത്ത്‌ കയറി സോഫയില്‍ ഇരുന്നു. വേഗത്തില്‍ നടന്നത്‌ കൊണ്ടായിരിക്കാം, ഒരു ക്ഷീണം.
-ജാനൂ...ഒരു ചെറു നാരങ്ങ പിഴിഞ്ഞ്‌ വെള്ളമൊഴിച്ചു താ..
ശരിയെന്നാ..ജാനു പൊയ്ക്കൊ, നേരം വൈകണ്ട. ഗ്ലാസ്സില്‍ നിന്നും മുഖമുയര്‍ത്തി ടീച്ചര്‍ പറഞ്ഞു.
ചെറുതായി ക്ഷീണം തോന്നിയതിനാല്‍ നേരത്തെ കിടന്നു. പക്ഷെ ഉറക്കമാണെങ്കില്‍ വരുന്നുമില്ല. ആഭേദസ്മരണകള്‍ കയ്യിലുണ്ട്‌..പക്ഷെ വായിക്കാന്‍ തോന്നുന്നില്ല. വെറുതെ കണ്ണുകളടച്ച്‌ കിടന്നു.
ആ കുട്ടികള്‍ എവിടെ? സാധാരണ അവരെ കാണാതിരിക്കുന്നത്‌ വീക്കെന്‍ഡില്‍ കോളേജില്ലാത്തപ്പോഴാണ്‌. അല്ലാതെ ഇനി ഒരാള്‍ മുടങ്ങിയാലും മറ്റേയാള്‍ അവിടെയിരുന്ന് കുറേ കഴിഞ്ഞേ പോകാറുള്ളൂ.അല്ല..താനെന്തിനാ അവരെ പറ്റി ചിന്തിച്ച്‌ ഉറങ്ങാതിരിക്കുന്നത്‌?ടീച്ചര്‍ സ്വയം പറഞ്ഞു. അവരാരാണെന്നോ, എന്താണെന്നോ ഒന്നുമറിയില്ല. തന്റെ മുന്നിലൂടെ കടന്നു പോകുമ്പോള്‍, കണ്ടിട്ടുള്ളത്‌ കൊണ്ടോ, എന്തോ ഒരു പരിചയഭാവം കാണും മുഖത്ത്‌. അത്ര തന്നെ..പക്ഷേ..എന്നാലും എവിടെ പോയി? നാളെ കാണുമായിരിക്കും. ടീച്ചര്‍ ഒന്നു ദീര്‍ഘമായി നിശ്വസിച്ചു.
*****
എന്നും ഒരേ വാര്‍ത്ത തന്നെ.ഇതിപ്പൊ രണ്ടാഴ്ച്‌ മുന്‍പും കണ്ടതാണല്ലോ! സ്മാര്‍ട്ട്‌ സിറ്റി, സ്മാര്‍ട്ട്‌ സിറ്റി!..ഹും..ഇന്ത്യ പരമ്പരയിലെ രണ്ടാമത്തെ കളിയും തോറ്റു..ആകെ വ്യത്യസ്ഥതയുള്ളത്‌ മരണപേജില്‍ മാത്രം!-പാല്‍.. ടീച്ചര്‍ കണ്ണുയര്‍ത്തി നോക്കി.മുന്നില്‍ പാല്‍കുപ്പിയുമായി സുരേഷ്‌. 8-ം ക്ലാസ്സില്‍ പഠിക്കുന്ന ഒരു വാല്‌ പയ്യന്‍. പാല്‍കുപ്പിയില്‍ താളം പിടിച്ചാണ്‌ നില്‍പ്പ്‌.
-ഇന്നാ..ടീച്ചര്‍ കുപ്പി തിരിച്ച്‌ കൊടുത്തു. തിരിഞ്ഞ്‌ നടക്കുമ്പോള്‍ എന്തോ ഓര്‍ത്ത്‌ ടീച്ചര്‍ തിരിഞ്ഞ്‌ നിന്ന് വിളിച്ചു.
-ടാ സുരേഷേ..
-ഹും..എന്താ?
-നിനക്കൊരു ചേച്ചിയില്ലെ?
-എനിക്കൊന്നല്ല രണ്ട്‌ ചേച്ചിമാരുണ്ട്‌.
-ഓ.ടീച്ചര്‍ പറഞ്ഞു..അതല്ലെടാ..കോളേജില്‍ പഠിക്കുന്നത്‌. മൂത്തവള്‍ നേരത്തെ കല്യാണം കഴിഞ്ഞ്‌ പോയതല്ലെ.
-ങ്ങും.രേഷ്മ..(എന്തേ? എന്ന ചോദ്യഭാവത്തില്‍ സുരേഷ്‌.)
-ഇപ്പൊ അവള്‍ക്ക്‌ കോളേജുണ്ടൊ?
-ഇണ്ട്‌..എന്താ?
-ഏയ്‌..ഒന്നൂല്യ..ഞാന്‍..ആ..വെറുതെ ചോദിച്ചതാ..
കോളേജുണ്ടല്ലൊ..പിന്നെവിടെ പോയതായിരിക്കും? പത്രത്തിലൂടെ നോക്കുന്നുണ്ടെങ്കിലും ടീച്ചറുടെ മനസ്സ്‌ ആകെ ചിന്തയിലായിരുന്നു..
****
ര്‍`ണിം..ര്‍`ണിം..ടെലിഫോണ്‍ അടിച്ചു." ഞാന്‍ പതുക്കെ എഴുന്നേറ്റ്‌ വരുമ്പഴേക്കും അത്‌ കട്ടാകും..ജാനൂ..അതിങ്ങെടുക്ക്‌.." ജാനു കോഡ്‌ലെസ്സുമായി വന്നു.
-ഹലോ?
-നമസ്കാരം ടീച്ചറേ. ഞാന്‍ സ്വാമിജിയുടെ കയ്യില്‍ കൊടുക്കാം. അഭേദാനന്ദാശ്രമത്തില്‍ നിന്നും മുരുകനാണ്‌.-നമസ്കാരം ടീച്ചര്‍..
-നമസ്കാരം സ്വാമിജി.
- ഞാന്‍ വിളിച്ച്‌ ബുദ്ധിമുട്ടിച്ചോ? ആട്ടെ കണ്ണിനിപ്പോ എങ്ങനുണ്ട്‌?
- കുഴപ്പമില്ല സ്വാമി. പിന്നെ നൂറ്‌ ശതമാനം നേരെയാവൊന്നുല്യ..വയസ്സിത്ര ആയില്ലെ?
- എല്ലാം ശരിയാവും. പിന്നെ ഇപ്പൊ വിളിച്ചത്‌ ടീച്ചറെ ഒന്നുകൂടി ഓര്‍മ്മിപ്പിക്കാനാണ്‌. നമ്മുടെ അന്നദാനമണ്ഡപത്തിന്റെ കാര്യത്തില്‍..
- ഓര്‍മ്മയുണ്ട്‌ സ്വാമി. ഞാന്‍ വേഗം ശരിയാക്കാം. അത്‌ ഞാന്‍ അന്ന് പറഞ്ഞത്‌ പോലെ ആ സ്ഥലം വിറ്റ്‌ കിട്ടിയാലുടനെ മനസ്സില്‍ വിചാരിച്ച പോലെ അത്‌ ഞാനെത്തിക്കാം. കഴിഞ്ഞാഴ്ച ഹോസ്പിറ്റലിലും മറ്റുമായി..
-അറിയാം അറിയാം..ഞാന്‍ എല്ലാവരേയും വിളിച്ചൊന്ന് ഓര്‍മ്മിപ്പിക്കുന്നുവെന്നേയുള്ളൂ. പിന്നെ അടുത്താഴ്ച സത്സംഗത്തിന്‌ വരണം. വിശ്വനാഥപൈയുടെ ടോക്കുണ്ട്‌..
-ശരി സ്വാമി..ഫോണ്‍ കട്ടായി..
ഇപ്പ്പൊ തന്നെ വിളിച്ചേക്കാം.ജാനൂ..ആ ടെലിഫോണ്‍ ഇരിക്കുന്ന ടേബിളിന്റെ താഴത്തെ വലിപ്പില്‍ ഒരു ഡയറിയുണ്ട്‌. അതിങ്ങെടുത്ത്‌ താ..എവിട്യാ ഇതെഴുതിവച്ചത്‌. ഒരോര്‍മ്മയും കിട്ടുന്നില്ല. ഡയറിയുടെ പേജുകള്‍ തിരയുമ്പോള്‍ ടീച്ചര്‍ സ്വയം പറഞ്ഞു. ഈയിടെയായി ഓര്‍മ്മ തീരെ കുറഞ്ഞിരിക്കുന്നു. കണ്ണിനു മാത്രമല്ല..തലക്കും കൂടി ഓപ്പറേഷന്‍ വേണ്ടി വരുമ്ന്നാ തോന്നണത്‌. ഹാവൂ..ടീച്ചറുടെ വിരല്‍ ബട്ടണുകളിലമര്‍ന്നു. ങും.ങും.'നിങ്ങള്‍ വിളിച്ച നമ്പര്‍ ഇപ്പോള്‍ സ്വിച്ച്‌ ഓഫ്‌...' അത്‌ മുഴുമിപ്പിക്കാന്‍ കാത്ത്‌ നില്‍ക്കാതെ ടീച്ചര്‍ കട്ട്‌ ചെയ്തു.
******
-അമ്മായീ...അമ്മായിക്ക്‌ എന്നോട്‌ ഇത്ര സ്നേഹല്ല്യാണ്ട്‌ പോയല്ലൊ? ഒരാഴ്ച ആസ്പത്രീല്‌ കെടന്നിട്ട്‌ എന്നെ ഒന്നറിയിക്കാന്‍ തോന്നീല്യല്ലൊ..മിനിഞ്ഞാന്ന് തെക്കേതിലെ നേഴ്‌സ്‌ ത്രേസ്യാമേനെ കണ്ടപ്പഴാ അമ്മായി അവര്‍ടെ ആസ്പത്രീല്‌ കെടന്നിരുന്നൂന്ന് അറിഞ്ഞെ..അമ്മായി ആകങ്ങട്‌ ക്ഷീണിച്ചു.
- ഓ സാരല്ല്യ ഗിരിജേ..അതത്രക്ക്‌ വല്യ ഓപെറേഷനൊന്നുമല്ല. രണ്ട്‌ ദിവസം കൊണ്ട്‌ തീരാവുന്നതേണ്ടാര്‌ന്നുള്ളൂ. പപ്പേട്ടന്റെ കൂട്ടുകാരനായത്‌ കൊണ്ട്‌, ആ തോമസ്‌ ഡോക്ടര്‍, ഒരാഴ്ച കിടന്ന്‌ട്ട്‌ പോയാമതീന്ന് പറഞ്ഞു..അത്രേ ഉള്ളൂ..
- അമ്മായീനെ ഞാന്‍ എത്ര തവണ വിളിച്ചൂന്നാ..
(എന്തിനാ ഗിരിജേ ഈ നുണ..നിന്നെയെനിക്കറിയാവുന്നതല്ലേ..ടീച്ചര്‍ മനസ്സില്‍ വിചാരിച്ചു.)
-എന്നിട്ട്‌ വിളിച്ചിട്ട്‌ കിട്ടാഞ്ഞപ്പൊ, നീയെന്തേ ഒന്നന്വേഷിക്കാഞ്ഞേ? ടീച്ചര്‍ കളിയായി ചോദിച്ചു.
ഗിരിജ ആകെ വല്ലാണ്ടായി..
-അല്ല..അത്‌..പിന്നെ..ങാ..വല്ല ലൈന്‍ തകരാറേങ്ങാനുമാവുമ്ന്നാ കരുത്യേ..
(ങും..മിടുക്കി, നിന്റെ ഈ നാക്കില്ലായിരുന്നെങ്കില്‍, ഹൊ..താന്‍ ചിരിക്കുന്നത്‌ ഗിരിജ കാണാതിരിക്കാന്‍ ടീച്ചര്‍ മുഖം തിരിച്ചു).
*****
500/- രൂപയും വാങ്ങി മൂന്ന് മണിക്ക്‌ പോകുന്നത്‌ വരെ...ഹൊ..ഒരു ചെവിതല തന്നിട്ടില്ല്യ..ടീച്ചര്‍ ജാനുവിനോട്‌ പറഞ്ഞു.
-ടീച്ചര്‍ ഒന്നും മിണ്ടാണ്ട്‌ കേട്ടിരിക്കണോണ്ടാ..
-എന്തെങ്കിലും ആവട്ടേന്ന് വിചാരിച്ചിട്ടാ.. ഞാന്‍. പപ്പേട്ടന്റെ അകന്നതെങ്കിലും, ബന്ധത്തില്‌ന്ന് പറയാനുള്ള ഒരേ ഒരുവളാ..നല്ലതായാലും, ചീത്തയായാലും, ഈ കാണുന്നതിലുള്ള ഒരു പങ്ക്‌ എന്തായാലും അവള്‍ക്കുള്ളത്‌ തന്ന്യാ..പക്ഷെ അത്‌ എന്നെ തെക്കോട്ടെടുത്തിട്ടേ കിട്ടൂ...അല്ലെങ്കില്‍ തന്നെ ഞാന്‍ വേറെ ആര്‍ക്ക്‌ കൊടുക്കാനാ?ടീച്ചര്‍ മുന്നിലെ ജനലിലൂടെ റോഡിലേക്ക്‌ നോക്കി..ചൂടാറിതുടങ്ങുന്നതേയുള്ളൂ...റോഡ്‌ വിജനമായി തന്നെ..
****
പാര്‍ക്കിലേക്ക്‌ നടന്നു തുടങ്ങുമ്പോഴും, റോഡിലധികം തിരക്കില്ലായിരുന്നു. ടീച്ചര്‍ റോഡിന്റെ അരിക്‌ ചേര്‍ന്ന് നടന്നു. .ഇന്നാ കുട്ടികള്‍ വരുന്നുണ്ടാവോ?'ഗോകുല'ത്തിന്റെ ചിത്രപണികളുള്ള മതില്‌ തുടങ്ങി. ഗോകുലത്തിന്റെ അവിടെ എത്തുമ്പോള്‍ ശ്രീലക്ഷ്മി വരാറുള്ളതാ..ഇന്ന് ഞാന്‍ നേരത്തെയാണോ? ടീച്ചര്‍ വാച്ച്‌ നോക്കി. അല്ലല്ലൊ..വൈകിയിട്ടുമില്ല..
പീപി..പീപി..ആ..ശ്രീലക്ഷ്മിയുടെ ഹോണാണ്‌. ടീച്ചര്‍ ഗോകുലത്തിന്റെ മതിലിനോട്‌ ചേര്‍ന്ന് പറ്റി നിന്നു. അവിടെ വളവുണ്ടെന്നൊന്നുമില്ല്യാത്ത പോലെയാ അതെന്നും വരുന്നത്‌.
ഏയ്‌..അതാ ചെറുക്കനല്ലെ! ബസ്സിനുള്ളില്‍ ആ പരിചിത മുഖം. എന്താണെന്നറിയില്ല ഒരാശ്വാസം ടീച്ചര്‍ക്കനുഭവപ്പെട്ടു.
ബഞ്ചില്‍ ചെന്നിരുന്നിട്ടും ഇടയ്കിടെ ടീച്ചര്‍ ആ കാറ്റാടിമരത്തിലേക്ക്‌ നോക്കി കൊണ്ടിരുന്നു. കാണുന്നില്ലല്ലൊ! ഇനി വന്ന് കണ്ടാല്‍ എന്തായാലും അവരെ പറ്റി ചോദിക്കും. ടീച്ചര്‍ മനസ്സില്‍ കരുതി.
-ടീച്ചറിന്റെ പതിവ്‌ സമയം കഴിഞ്ഞല്ലൊ? ഇന്നിതെന്ത്‌ പറ്റി? (കുമാരനാ)
ചിന്തായില്‍ നിന്ന് ഞെട്ടിയുണര്‍ന്ന് ടീച്ചര്‍ പറഞ്ഞു..ഏയ്‌ ഒന്നൂല്ല്യ..
പടിഞ്ഞാറ്‌ വശത്തെ ഗേറ്റിന്റെ പണി പൂര്‍ത്തിയായി...നടന്ന് വടക്കുന്നാഥന്റെ മുന്നിലെത്തി, തൊഴുത്‌ തിരിച്ച്‌ നടന്നപ്പോഴാണ്‌ കണ്ടത്‌. അവിടെ കല്‍പടവുകളില്‍ ആരോ ഒരു ശിവനെ വരച്ച്‌ വച്ചിരിക്കുന്നു. ശിവന്റെ മുഖം മാത്രം. ആ മുഖത്തിന്റെ പകുതി വലുപ്പത്തിലുള്ള ചന്ദ്രക്കലയും! ശിരസ്സില്‍ നിന്നുമൊഴുകുന്ന ഗംഗ, അടുത്ത കല്ലുകളിലൊഴുകുന്ന പോലെ..മനസ്സിലാദ്യമായി ഒരു കണ്‍ഫ്യൂഷന്‍..പാര്‍വ്വതീ സമേതനായ ശിവന്‍ വേണോ..അതോ തിരുജടയില്‍ ഗംഗയെ ഒളിപ്പിച്ച ശിവന്‍ വേണോ? എന്തേ മന്‍സ്സിലിപ്പൊ ഇങ്ങനെ ഒരു വികൃതി? ടീച്ചര്‍ വയം ചോദിച്ചു..നിയമപരമായി പാര്‍വ്വതിയ്ക്കാണല്ലോ പ്രിഫെറന്‍സ്‌..അതിന്‌ കാമത്തില്‍ നിയമത്തിനെന്ത്‌ പ്രസക്തി!
അങ്ങനെയെങ്കില്‍ ഗംഗയെ കണ്ട്‌ പാര്‍വ്വതി പിണങ്ങി കാണണം..ശിവന്‍ പാര്‍വതിയെ ഉപേക്ഷിച്ച്‌ ഗംഗയെ എടുത്തും കാണും..ഏത്‌ കോളേജിലാണ്‌പഠിക്കുന്നതെന്നറിഞ്ഞിരുന്നെങ്കില്‍..അല്ലെങ്കില്‍ തന്നെ തനിക്കിതില്‍ എന്ത്‌ കാര്യം. രണ്ട്‌, മൂന്ന് ദിവസം കഴിഞ്ഞാല്‍ താനും മറക്കും ഇതൊക്കെ..
****
ഹും..മരുന്ന് കഴിഞ്ഞ്‌ കുറച്ച്‌ ദിവസമായി..കൊളെസ്റ്റ്രോള്‍ കണ്ട്രോളിലാണെന്നതിനാല്‍ നാളെ വാങ്ങാം, നാളെ വാങ്ങാം എന്ന് കരുതി മാറ്റി വച്ച്‌, മാറ്റി വച്ച്‌..എന്തായാലും നാളെ ജാനൂനെ വിട്ട്‌ വാങ്ങിപ്പിക്കാം. ഈയിടെയായി മറവി വളരെ കൂടുതലാ..അല്‍ഷിമേഴ്സാണോ തനിക്കും. ഈയടുത്താ ടീവിയില്‍ അതിനെ പറ്റിയുള്ള ഒരു സിനിമ കണ്ടത്‌..ഓര്‍ക്കാന്‍ കൂടി വയ്യ. ഓര്‍മ്മയുടെ കാര്യം പറാഞ്ഞപ്പോഴാ..ആ ശിവന്‍.കുട്ടിയെ വിളിച്ചില്ല. അന്ന് വിളിച്ചപ്പൊ സ്വിച്ച്ഡ്‌ ഓഫ്‌ ആയിരുന്നല്ലോ. ഇപ്പൊ തന്നെ വിളിച്ചേക്കാം..അല്ലെങ്കില്‍ ഇനിയും മറന്നാലോ..
- ഹലോ, ശിവങ്കുട്ടിയല്ലെ?- അതെ ഇതാരാണ്‌?
- ഞാനാടൊ..വിജയലക്ഷ്മി..
- അയ്യൊ ടീച്ചറായിരുന്നോ, ഞാന്‍ നമ്പറ്‌ ശ്രദ്ധിച്ചില്ല..ങാ..എന്താ ടീച്ചറേ ഈ രാത്രീല്‌?
- തന്നോടൊക്കെ ഒരു കാര്യം പറഞ്ഞിട്ട്‌..
-ഓര്‍മ്മയുണ്ട്‌ ടീച്ചറേ..പക്ഷെ ഇതു വരെ ഒന്നും ഒത്ത്‌ വന്നില്ല. അറിയാവുന്ന ബ്രോക്കര്‍മാരോടൊക്കെ പറഞ്ഞിട്ടുണ്ട്‌. പിന്നെ അതും പോരാഞ്ഞ്‌, ടീച്ചര്‍ ബ്രോക്കര്‍മാര്‍ക്ക്‌ കൊടുക്കാന്‍ തന്നേന്ന് എടുത്ത്‌ ഞാന്‍ പേപ്പറിലും കൊടുത്തിട്ടുണ്ട്‌. കഴിഞ്ഞ 27-ആം തിയ്യതിയില്‍ വന്നിരുന്നു. ഞാന്‍ ടീച്ചറിന്റെ നമ്പറും കൊടുത്തിട്ടുണ്ടായിരുന്നു..
- ങും..ശരി ശരി..എന്നാലും ഒന്ന് കൂടി ഉഷാറായി അന്വേഷിച്ച്‌ നോക്ക്‌ ശിവങ്കുട്ടി..
-ഹഹ..നോക്കാം ടീച്ചറേ..നോക്കാം.. ടീച്ചര്‍ ഫോണ്‍ കട്ട്‌ ചെയ്ത്‌ കട്ടിലില്‍ ചാരിയിരുന്നു. ഈ ശിവങ്കുട്ടിയും ഒരു വകയാ..എന്റെ സ്റ്റുഡന്റായിരുന്നു.. പഠിക്കുമ്പോ രാഷ്ട്രീയം പറഞ്ഞ്‌ നടന്നു. കോളേജീന്ന് പുറത്തിറങ്ങിയപ്പൊ..രാഷ്ട്രീയവുമില്ല..ജോലിയുമില്ല..ഇപ്പൊ ഇതു പോലെ പല പല പണിയും ചെയ്ത്‌ ജീവിക്കുന്നു. ഓരോ മനുഷ്യര്‍ ഓരോ തരം! ടീച്ചര്‍ തലയിണ ഒന്ന് കൂടി പൊന്തിച്ചു വച്ചു..
****
ഇന്ന് പപ്പേട്ടന്റെ അമ്മ മരിച്ച ദിവസമാ..രാവിലെ എഴുന്നേറ്റ്‌ കുട്ടങ്കുളങ്ങര അമ്പലത്തില്‍ പോയി അമ്മയ്ക്കായി പ്രാര്‍ത്ഥിക്കാറുണ്ട്‌. പപ്പേട്ടന്റെ തറവാട്‌ അമ്പലത്തിന്റെ തെക്ക്‌ വശത്തായിരുന്നു. തന്നെ കല്യാണം കഴിച്ചു കൊണ്ട്‌ വന്നത്‌ ആ വീട്ടിലേക്കായിരുന്നു. പിന്നീടാ അതൊക്കെ വിറ്റ്‌ ഇപ്പൊ ഇരിക്കുന്നിടത്തേക്ക്‌ വന്നത്‌..ടീച്ചര്‍ ഓര്‍ത്തു. തൊഴുത്‌ കാറില്‍ കയറി ആദ്യത്തെ വളവ്‌ തിരിയുമ്പൊഴാണ്‌ ടീച്ചര്‍ ആ ആണ്‍കുട്ടിയെ വീണ്ടും കണ്ടത്‌.. കാറിന്റെ എതിരെ നടന്ന് വരുന്നു..ഏയ്‌ ഒന്ന് നിര്‍ത്ത്‌. ടീച്ചര്‍ കാറില്‍ നിന്നും പുറത്തിറങ്ങി. തന്നെ കണ്ടോന്ന് ഉറപ്പില്ല..
ഏയ്‌ മോനെ...ടീച്ചര്‍ വിളിച്ചു..അവന്‍ തിരിഞ്ഞ്‌ നോക്കുന്നില്ലല്ലൊ..പാര്‍ക്കില്‍ വച്ചു കണ്ടാല്‍ ഒരു പരിചയഭാവമെങ്കിലും ഉണ്ടാവും മുഖത്ത്‌..എന്തെങ്കിലും ചോദിച്ചാലോ എന്ന് കരുതിയിട്ടായിരിക്കും ശ്രദ്ധിക്കാതെ പോയത്‌. ടീച്ചര്‍ രണ്ടടി വേഗത്തില്‍ നടന്ന് അവന്റെ തോളില്‍ കൈ വച്ചു..
അവന്‍ തിരിഞ്ഞ്‌ നിന്നു..മോനെ..ടീച്ചര്‍ക്ക്‌ എന്തു ചോദിക്കണമെന്നറിയാതെയായി..ഉം..മോനെവിടുത്തെയാ?
അ..അ..
- ടീച്ചര്‍ ഒന്ന് കൂടി ചോദ്യം ആവര്‍ത്തിച്ചു..
-അ..അ..അവന്‍ ആംഗ്യം കാണിച്ചു..അവന്‌ ചെവി കേള്‍ക്കാനും, സംസാരിക്കാനും ആവില്ല..ടീച്ചര്‍ ആകെ വല്ലാതായി..അവന്‍ കുറച്ച്‌ നേരം ഒന്നും മിണ്ടാന്‍ കഴിയാതെ നോക്കി നില്‍ക്കുന്ന ടീച്ചറെ നോക്കി നിന്നു..പിന്നെ നടന്ന് നീങ്ങി..
-ഇവിടടുത്തെങ്ങും ഉള്ളതല്ല..കണ്ട്‌ പരിചയം പോരാ..അമ്പലത്തിലെ വെളിച്ചപാടിന്റെ ശബ്ദം പിന്നില്‍..
-ങ്ങും...തിരിഞ്ഞ്‌ നോക്കാതെ ടീച്ചര്‍ ഒന്നു മൂളി..
******
ഈശ്വരാ..ആ കുട്ടിക്ക്‌ സംസാരിക്കാന്‍ കഴിയില്ലേ..അല്ല...ആ രണ്ട്‌ കുട്ടികളും !!!അവരെ ശ്രദ്ധിച്ച്‌ തുടങ്ങിയത്‌ മുതലുള്ള കാര്യങ്ങള്‍ ടീച്ചറുടെ മനസ്സിലൂടെ മിന്നി. ശരിയാ..അവര്‍ സംസാരിക്കുന്നത്‌ താനിത്‌ വരെ കണ്ടിട്ടില്ല. ആ പെണ്‍കുട്ടിക്കും സംസാരിക്കാന്‍ കഴിയില്ലെ? അവര്‍ പിണങ്ങിയത്‌ എന്തിനായിരിക്കാം..?കാര്‍ വീടിന്‌ മുന്നില്‍ വന്ന് നിന്നപ്പോഴാണ്‌ ടീച്ചര്‍ ചിന്തകളില്‍ നിന്ന് വേര്‍പെട്ടത്‌.ഇനി താനവരെ ഒരുമിച്ച്‌ കാണുമോ? അറിയില്ല..
*****
ണിം ണിം ..ഫോണ്‍ ബെല്ലടിച്ചു..ഓ സ്വാമിജിയായിരിക്കും. സോഫയിലിരുന്ന് കൈയ്യെത്തിച്ച്‌ ടീച്ചര്‍ ഫോണെടുത്തു.
-ഹലോ...2345348 അല്ലെ..
-അതെ..
-ങ്ങാ..ഞാന്‍ ഒരാഴ്ച മുന്‍പത്തെ പത്രത്തില്‍ വന്ന ഒരു ആഡ്‌ കണ്ട്‌ വിളിക്കുന്നതാ..ഒരു സ്ഥലം വീടടക്കം കൊടുക്കാനുണ്ട്‌ എന്നുള്ളത്‌..
-ങ്ങാ..ടീച്ചര്‍ പറഞ്ഞു.
-അതെനിക്ക്‌ നോക്കിയാല്‍ കൊള്ളാമെന്നുണ്ട്‌. എനിക്കും വീടുള്ളതാ വേണ്ടത്‌. 2500 സ്ക്വയര്‍ ഫീറ്റ്‌ എനിക്ക്‌ ചെറുതാ..എന്നാലും..
-അല്ല..അത്‌ 3250 സ്ക്വയര്‍ ഫീറ്റ്‌ ഉണ്ടല്ലൊ..
-ഉവ്വോ..പത്രത്തില്‍ പക്ഷെ 2500 എന്നാണല്ലൊ. എനിവേ..എനിക്ക്‌ എന്നാ ആ സ്ഥലം ഒന്ന് കാണാന്‍ പറ്റുക. നാളെയായാലോ?
-ഓ ശരി..ഒന്ന് വിളിച്ചിട്ട്‌ വന്നാല്‍ ഞാന്‍ ആരെയെങ്കിലും ഏര്‍പാടാക്കി നിര്‍ത്താം.
-ഒകേ..ഞാന്‍ നാളെ ഒരു 10 മണിക്ക്‌ വിളിക്കാം..
-ഒകേ..
ആ കുട്ടിയുടെ മുഖം മനസ്സില്‍ നിന്ന് മായുന്നില്ല..ടീച്ചര്‍ സോഫയില്‍ ഒന്ന് ചാഞ്ഞിരുന്നു..ഈ സ്ഥലം വിറ്റ്‌ പോയാല്‍ അതില്‍ നിന്ന് കുറച്ച്‌ പണം അവനെ കണ്ട്‌ പിടിച്ച്‌ കൊടുത്താലൊ? ഓപറേഷന്‍ എന്തെങ്കിലും ചെയ്താല്‍ സുഖപ്പെടുന്നതാണെങ്കില്‍...
-ആരായിരുന്നു ടീച്ചറെ ഫോണില്‍? ജാനു ചോദിച്ചു.അത്‌ പത്രത്തില്‍ ശിവങ്കുട്ടി കൊടുത്ത പരസ്യം കണ്ട്‌ വിളിച്ചതാ..ഒരു പുത്തന്‍ പണക്കാരന്‍..ഓ ..പിന്നെ ആ ശിവങ്കുട്ടിയുടെ കാര്യം പറയണ്ട..ഒരു കാര്യവും നേരെ ചൊവ്വെ ചെയ്യാനറിയില്ല, ഇപ്പൊഴും..3250 സ്ക്വയര്‍ ഫീറ്റ്‌ എന്ന് ഒരായിരം തവണ പറഞ്ഞിട്ടുള്ളതാ..എന്നിട്ടും ദേ 2500 സ്ക്വയര്‍ ഫീറ്റെന്ന് കൊടുത്തിരിക്കുന്നു. ഞാന്‍ ആശുപത്രിയിലായിരുന്നതിനാല്‍ നോക്കിയുമില്ല. എന്തായാലും ജാനൂ..ആ 27-ആം തിയ്യതിയിലെ പേപ്പറെടുത്തിട്ട്‌ വാ..
-ഹൊ..ഇപ്പഴത്തെ പിള്ളേരുടെ ഒരു കാര്യെ..വയ്യാണ്ട്‌ കിടക്കണ വീട്ടുകാരെ നോക്കാണ്ട്‌...ജാനു ടീച്ചറുടെ അടുത്തേക്ക്‌ നടന്ന് വന്നു..
- എന്താ ജാനൂ..പിറുപിറുക്കണേ?
-അല്ലാ..ഇപ്പൊഴത്തെ പിള്ളേരെ..ജാനു നിവര്‍ത്തി പിടിച്ചിരിക്കുന്ന പേജ്‌ ടീച്ചര്‍ക്ക്‌ നേരെ പിടിച്ചു.'യുവതിയും യുവാവും ആത്മഹത്യ ചെയ്ത നിലയില്‍. അയ്യന്തോള്‍ കളരിക്കല്‍ ശങ്കരന്റേയും,....
ടീച്ചറിന്റെ ശബ്ദമിടറി..കണ്ണുകളില്‍ നീറ്റലനുഭവപ്പെട്ടു..ടീച്ചര്‍ പേപ്പറില്‍ നിന്ന് മുഖം തിരിച്ചു.. ഈശ്വരാ..
ബാക്കി ജാനുവാണ്‌ വായിച്ചത്‌..
'...ആകെയുള്ള ഒരു ഇരട്ട സഹോദരന്‍ മനോജ്‌ ബധിരനും, മൂകനുമാണ്‌. തനിക്കുണ്ടായിരുന്ന ഗുരുതരമായ ഹൃദ്രോഗ്രം മാറ്റാന്‍ കഴിവില്ലാത്തതിനാലാവണം സനോജ്‌ ആത്മഹത്യ ചെയ്തതെന്ന് കരുതപെടുന്നു.മരിച്ച സുജയും, സനോജും തമ്മില്‍ പ്രണയത്തിലായിരുന്നു...'
******
നാല്‌ മണിയായല്ലൊ..ഈ ടീച്ചറിതെവിടെ? ഇന്നൊന്നും കഴിച്ചില്ലാന്ന് തോന്നുന്നു..മുറിയടഞ്ഞ്‌ കിടപ്പുണ്ട്‌. ഇങ്ങനെയുണ്ടായിട്ടില്ലല്ലൊ ഇതു വരെ..ജാനു പിറുപിറുത്ത്‌ കൊണ്ട്‌ ടീച്ചറിന്റെ മുറിയുടെ വാതിലില്‍ മുട്ടി. ടീച്ചര്‍ വാതില്‍ തുറന്നു..വീര്‍ത്തിരിക്കുന്ന കണ്ണുകള്‍, തടിച്ച കണ്ണടയ്ക്കുള്ളിലൂടെയെങ്കിലും കാണാം...
-ഒന്നും കഴിച്ചില്ലാന്ന് തോന്നുന്നു, ഇന്ന്?
- എനിക്ക്‌ വിശപ്പില്ല..ടീച്ചര്‍ ഒരു വിധം പറഞ്ഞൊപ്പിച്ചു.
-തിരിഞ്ഞ്‌ നടക്കാന്‍ പോകുമ്പോള്‍ ഒന്ന് നിന്ന് ജാനു വീണ്ടും ചോദിച്ചു..അല്ല..ഇന്ന് നടക്കാനും പോണില്ലേ?എങ്ങോട്ടെന്നില്ലാതെ നോക്കി കൊണ്ട്‌ ടീച്ചര്‍ പറഞ്ഞു..ഇല്ല..ഇനിയൊരിക്കലും..

*********

No comments: