Monday, October 20, 2008

അദിതി, ഏന്‍ അബ്സൊല്യൂട്ടിസ്റ്റ്

ഉച്ചയ്ക്ക് ഒരു മണിയായപ്പോഴാണ് അവള്‍ ഉണര്‍ന്നത്. ടീപ്പോയിന്‍മേല്‍ ഒരു ഫ്ലാസ്ക്കില്‍ ഗ്രേസ് മെന്‍ഡോണ്‍ക്ക തിളപ്പിച്ചു വച്ച ചായ ഉണ്ട്. ഒരു കപ്പ് ചായ അതില്‍ നിന്നും പകര്‍ത്തിയെടുത്ത് അവള്‍ കട്ടിലില്‍ നിന്നെഴുന്നേറ്റതും കാലില്‍ എന്തോ തടഞ്ഞു. രാത്രിയിലുപയോഗിച്ചതിന്‍റെകവറാണ്. അവളതെടുത്ത് വേസ്റ്റ് ബാസ്കറ്റിലിട്ടു..നന്നായി ഉറങ്ങിയെങ്കിലും തല ചെറുതായി വേദനിക്കുന്നുണ്ട്. ഇന്നലെ വോഡ്ക കഴിച്ചതല്‍പം കൂടി പോയി. മുഹമ്മദ് നിര്‍ബന്ധിച്ചപ്പോള്‍ കഴിച്ചതാണ്. അദിതി കപ്പുമായി ലിവിങ് റൂമിലേക്ക് നടന്നു. അവിടെ ചുമരിന്‍റെ കോര്‍ണ്ണറില്‍ ' എല്‍സാല്‍ വഡോര്‍ ഡാലി'(മെഡിറ്റേറ്റീവ് റോസ്) പെയിന്‍റിംഗ് തൂക്കിയിട്ടിട്ടുണ്ട്. അതില്‍ ഒന്ന് നോക്കി അദിതി തൊട്ടടുത്തുള്ള സോഫയില്‍ വന്നിരുന്നു. മുന്നിലെ ചില്ല് മേശയിന്‍മേല്‍ ഗള്‍ഫ് ന്യൂസ്. ഫ്രന്‍റ് പേജില്‍ തന്നെ മരണം. ..''ഇന്നലെ രാത്രി 2 മണിയോടെ ഷെയ്ക്ക് റഷീദ് റോഡില്‍ ഒരു ട്രക്കുമായി കാര്‍ കൂട്ടിയിടിച്ച് നാല്‍പ്പത്തിരണ്ട് വയസ്സുള്ള മുഹമ്മദ് എന്നയാള്‍ മരണമടഞ്ഞു". ഈശ്വരാ..അറിയാതെ അവളില്‍ നിന്നും ഒരു ആന്തലുയര്‍ന്നു. കുറച്ച് മണിക്കൂറുകള്‍ക്ക് മുന്‍പ് ഇവിടെ നിന്നിറങ്ങി പോകുമ്പോള്‍ കണ്ട മുഖം..ചോരയില്‍ കുതിര്‍ന്ന്...
"നിന്നെ ഞാന്‍ കല്യാണം കഴിക്കും"..(അറബിയില്‍) ഒരു നനഞ്ഞ ചിരി ചിരിച്ച് മുഹമ്മദ് ഇറങ്ങി.
- എന്താ? എന്താ പറഞ്ഞത്? അദിതി ചോദിച്ചു..
-അതോ..അടുത്ത തവണ കാണുമ്പൊ പറയാം..മുഹമ്മദ് വീണ്ടും ചിരിച്ചു.
അദിതിയുടെ കണ്ണുകളെരിഞ്ഞു...ബാത്റൂമിലെ വാഷ്ബേസിനില്‍ നിന്ന് വരുന്ന തണുത്ത വെള്ളം കൊണ്ട് മുഖം കഴുകി അദിതി നിവര്‍ന്ന് നിന്നു. ടാപ്പില്‍ നിന്നും കുറച്ച് വെള്ളം കോരിയെടുത്ത് അവള്‍ മുന്നിലെ കണ്ണാടിയിലേക്ക് ഒഴിച്ചു. മുകളില്‍ നിന്നും വെള്ളം ഒരു ചെറിയ തോട് പോലെ താഴേക്ക് ഒലിച്ചു..കണ്ണുനീര്‍ പോലെ...
നാട്ടില്‍ വീടിന്‍റെ പുറകിലായി കടല്‍ പോലെ പരന്ന് കിടക്കുന്ന കോള്‍പാടം..പാടത്തിന്‍റെ നടുവിലായി ഒരു കോണ്‍ക്രീറ്റ് പാലം..ഒരു പാട്കഥകളുറങ്ങുന്ന ആ പാലത്തിന്‍റെ അടിയിലൂടെ ഒഴുകുന്ന ഒരു തോട്..കണ്ണുനീര്‍ പോലെ..നേര്‍ വഴിയായി ഒഴുകുന്ന തോട് പെട്ടന്ന് വളഞ്ഞൊഴുകുന്ന ഒരു ഭാഗത്ത് കൈതകള്‍ നിറഞ്ഞ ഒരു കടവുണ്ട്. ആരു കൊണ്ടിട്ടെന്നറിയില്ല നിറയെ ഉരുളന്‍ കല്ലുകളുമുണ്ട് അവിടെ.ആ കടവില്‍ പതിനേഴ് വയസ്സുള്ള ഒരു പെണ്‍കുട്ടി, ചെറിയ കല്ലുകളെടുത്ത് വെള്ളത്തിലേക്കിടുന്നു. അതുണ്ടാക്കുന്ന ചുഴികളില്‍ അവളൊരു ഉന്‍മാദത്തോടെ നോക്കുന്നു...വാഷ്ബേസിനില്‍ ചുഴിഞ്ഞൊഴുകുന്ന വെള്ളത്തില്‍ നിന്നും കണ്ണുകളുയര്‍ത്തി അദിതി കണ്ണാടിയിലേക്ക് നോക്കി. ടാപ്പടച്ച്, മുഖം തോര്‍ത്തി കൊണ്ട് അടുക്കളയിലേക്ക് നടന്നു..
****
അദിതി വരുമ്പോള്‍ ഗ്രേസ് അടുക്കളയില്‍ പാത്രങ്ങള്‍ കഴുകി കൊണ്ടിരിക്കുന്നു. പാവം..പത്ത് നാല്‍പത്തിയഞ്ച് വയസ്സായിട്ടും അവര്‍ക്കിന്നും വല്ലാത്ത ആധിയാണ് എല്ലാറ്റിനും.
അദിതി: ഇന്നെന്താണ് ഗ്രേസമ്മെ മുഖം വല്ലാതെ വീര്‍ത്തിരിക്കുന്നത്? ഫോണ്‍ ചെയ്തില്ലെ? മോള്‍ടെ വിശേഷമൊക്കെ എങ്ങനെ? 11 ആം തിയ്യതിയല്ലെ ഡേറ്റ് പറഞ്ഞിരിക്കുന്നത്?
ഗ്രേസ്: ങും. അതു തന്നെ പ്രശ്നം, അവര്‍ പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു. കൊച്ചിന്‍റെ കിടപ്പില്‍ എന്തോ തകരാറുണ്ടത്രെ. ഡോക്ടര്‍ പറഞ്ഞു ചിലപ്പൊ സിസ്സേറിയന്‍ വേണ്ടി വരുമെന്ന്..അതിനു കാശുണ്ടാക്കാന്‍ ഞാനെവിടെ പോവാനാ..എനിക്കവളെ മാത്രം നോക്കിയാ പോരല്ലോ വേറെയുമില്ലേ രണ്ടെണ്ണം..ബുദ്ധിമുട്ടിക്കാതെ രണ്ടും രണ്ടാക്കി തന്നാ മതിയായിരുന്നു ..ജീസ്സസ്..ഗ്രേസ് ഒരു നെടുവീര്‍പ്പിട്ടു.
-നീയെന്തായാലും പ്രസവിക്കുന്നത് ഇരട്ടകളെയായിരിക്കും.
-ഓ എനിക്കൊന്നും വയ്യ..ഞാനൊരൊറ്റ മോനെയെ പ്രസവിക്കൂ..അതും നിന്‍റെ കൂട്ട്, തങ്കകുടം പോലത്തെ ഒരു കള്ളനെ..പതിനേഴുകാരിയുടെ മധുര സ്വപ്നങ്ങളില്‍ ഒരു കള്ളനെ പോലെയാണവന്‍ വന്നത്..കോളേജിലെ രണ്ടാം വര്‍ഷ ബിരുദക്കാരന്‍! പ്രീഡിഗ്രിക്ക് പഠിക്കുന്ന, അവളുടെ ഭംഗിയുള്ള കണ്ണുകളിലെ മയില്‍പീലി എന്നും ചൂടുന്ന കാര്‍`വര്‍ണ്ണന്‍..നിറഞ്ഞ കണ്ണുകള്‍ ഗ്രേസിനെ കാണിക്കാതെ അദിതി മുറിയിലേക്ക് പോയി.
****
ഊണ് കഴിച്ച് കൊണ്ടിരിക്കുമ്പോള്‍ അദിതിയുടെ മുന്നിലിരുന്ന് ഗ്രേസ് കരഞ്ഞു.
ഗ്രേസ്: മോളെ..ഇതൊക്കെ ഞാന്‍ എങ്ങിനെയാ? അവര്‍ക്ക് മുഴുമിപ്പിക്കാനായില്ല.
- അല്ലെങ്കില്‍ തന്നെ ഞാനീ കാശ് കൊണ്ടൊക്കെ എന്തു ചെയ്യാനാ? അദിതി അവരുടെ കൈകളില്‍ തലോടിക്കൊണ്ട് പറഞ്ഞു.
ഗ്രേസ്: ദൈവം മോളെ അനുഗ്രഹിക്കും...-ദൈവം എന്നെ ഇപ്പൊഴേ അനുഗ്രഹിച്ചിരിക്കുകയല്ലെ! അദിതി ഉള്ളില്‍ പറഞ്ഞു..ഒരു ചിരിയോടെ..
****
ടി വി യില്‍ എന്തോ മിമിക്രി പരിപാടി. ബോറടിച്ചപ്പോള്‍ ഓഫ് ചെയാനായി റിമോട്ട് എടുത്തപ്പോഴാണ്, അദിതിയുടെ സെല്‍ റിങ് ചെയ്തത്. ടീ വി ഓഫ് ചെയ്ത്, അവള്‍ സെല്ലില്‍ നോക്കി. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഇന്നാണ് കോളെടുക്കുന്നത്..സെല്ലില്‍ പേര് തെളിഞ്ഞു. .രാജീവ്! നാട്ടില്‍ നിന്നുള്ളവരില്‍ നിന്ന് ഈ നമ്പര്‍ മാത്രമെ സേവ് ചെയ്തിട്ടുള്ളൂ..
അദിതി: ഹലോ..
രാജീവ്: ഹലോ അദിതി? അറിയാമോ? അവിടുത്തെ ഒരു പ്രജയാണേ..
അദിതി: ഓ എന്താ അറിയാതെ മഹാരാജാവെ? നമ്പര്‍ കണ്ടപ്പൊഴേ മനസ്സിലായി. വാശിപിടിച്ച് സേവ് ചെയ്തിട്ടതല്ലെ എന്‍റെ മൊബൈലില്‍! ഈയിടെയായി കാണാറില്ലല്ലൊ?
രാജീവ്: അതിനെന്താ? കാണാലോ..ഇന്ന് തന്നെയായിക്കോട്ടെ..അതും ഒരു ക്ലീന്‍ നൈറ്റ് ഔട്ട്..എന്താ?
അദിതി-അയ്യയ്യോ.. എന്തു പറ്റി? പിശുക്കൊക്കെ മാറിയോ?.ഒരു കൊഞ്ചലോടെ അദിതി ചോദിച്ചു.
രാജീവ്: അതൊന്നുമില്ല. ഒരു ചെയ്ഞ്ച്..
അദിതി: എപ്പൊഴാ വരുന്നെ?
രാജീവ്: ഒരു ഒമ്പത് മണി..ഒകെ?
അദിതി: ഒകെ..
*****
-ഇതൊക്കെ അഴിച്ച് വയ്ക്കുന്നില്ലെ? മുന്‍പേ ചോദിക്കണമെന്ന് കരുതിയിരുന്നതാണ്. ഈ രുദ്രാക്ഷം കൂടാണ്ട് കാവി കളറില്‍ മുത്തുകളുള്ളഇതെന്ത് മാലയാ? ഒരു കൊച്ച് കുട്ടിയുടെ കൌതുകത്തോടെ അദിതി ചോദിച്ചു.
-ഒ ഇതോ? ഇത് ബുദ്ധിസ്റ്റുകളുടേതാണ്. അഴിച്ച് വയ്ക്കുന്നതിനിടയില്‍ രാജീവ് പറഞ്ഞു.
രാജീവ്: ഭക്ഷണമിരിപ്പുണ്ടോ? നേരത്തെ എന്തോ വിശപ്പ് തോന്നിയില്ല.
അദിതി: അതിന് പട്ടരേ..ഇന്ന് നോണാണല്ലോ! ചോറ് കാണും..പിന്നെ തൈരും..മതിയോ? പിന്നെന്താ..ങും..പപ്പടം കാച്ചി തരാം.
രാജീവ്: ഓ ധാരാളം..അദിതി എഴുന്നേറ്റു.
-മഹതിയായ ഗ്രേസ് ഇല്ലെ? അവരെവിടെയും പോവില്ല എന്നറിയാമായിരുന്നെങ്കിലും രാജീവ് ചോദിച്ചു.
-ഉം. എട്ടര കഴിഞാല്‍ അവര് കിടക്കും. പിന്നെ ഞാന്‍ വിളിക്കാറില്ല. പിന്നെ...ഇവിടെ പറയുന്നതും, നടക്കുന്നതുമൊന്നും കാണണ്ടല്ലോ!പിന്നെയ്..അത്യാവശ്യം ഒരു പപ്പടം കാച്ചാനൊക്കെ എനിക്കറിയാട്ടോ..ഒരു കള്ള ചിരിയോടെ അദിതി അടുക്കളയിലേക്ക് നടന്നു...രാജീവും എഴുന്നേറ്റ് നടന്നു..വേച്ച് വേച്ച്..
-ഏയ്..ഞാന്‍ നേരത്തെ കണ്ടില്ല..ഇതെന്ത് പറ്റി കാലിന്? അദിതി രാജീവിനെ താങ്ങി കൊണ്ട് ചോദിച്ചു. രാജീവ്: ഓ ഒരു ചെറിയ മുറിവ്..ഷിപ്പിലൊന്ന് വീണു.
അദിതി: എവിടെ? കാണട്ടെ..അദിതി രാജീവിന്‍റെ പാന്‍റ്സ് പതുക്കെയുയര്‍ത്തി. വലത് വണ്ണങ്കാലിലായി ഒരു മുറിവ്..അദിതി അതില്‍ പതുക്കെതടവി. കുറച്ച് സമയം അവളൊന്നും പറഞ്ഞില്ല..
****
-എവിടെ? കാണട്ടെ? അദിതി: അയ്യൊടാ..അങ്ങനിപ്പൊ കാണണ്ട..
-എന്നായാലും ഞാന്‍ കാണേണ്ടതല്ലെ..അവന്‍ അദിതിയുടെ കാലുയര്‍ത്തി അവന്‍റെ മടിയില്‍ വച്ചു. എന്നിട്ട് അവളുടെ പാവാട പതുക്കെ മുകളിലേക്ക് മാറ്റി..അവന്‍റെ കൈ താഴേക്ക് പിടിച്ച് കൊണ്ട് അദിതി മെല്ലെ വിളിച്ചു..ഏയ്..വിനൂ. അവളുടെ കാലില്‍ പതുക്കെ തടവി കൊണ്ട്വിനു ഇരുന്നു.
അദിതി: എന്ത് പറ്റിയെടാ? വിനുവിന്‍റെ മുഖമുയര്‍ത്തി അദിതി അവന്‍റെ കലങ്ങിയ കണ്ണുകളിലേക്ക് നോക്കി..ഏയ്. എന്താടാ ഇത്?ചോര പടര്‍ന്ന് കുങ്കുമ നിറമാര്‍ന്ന മുറിവിലേക്ക് നോക്കി അവര്‍ ഇരുന്നു..ഒന്നും മിണ്ടാതെ ..
*****
എന്തു പറ്റിയെടോ? അദിതിയുടെ മുഖമുയര്‍ത്തി രാജീവ്, അവളുടെ കലങ്ങിയ കണ്ണുകളിലേക്ക് നോക്കി..ഏയ് എന്താടോ ഇത്? ചോര പടര്‍ന്ന് കുങ്കുമനിറമാര്‍ന്ന മുറിവിലേക്ക് നോക്കി അവര്‍ ഇരുന്നു..ഒന്നും മിണ്ടാതെ..പാതി രാത്രിയെപ്പഴോ അദിതി ഉറക്കമുണര്‍ന്നപ്പോള്‍ തലയിണ ചുമരിനോട് ചേര്‍ത്ത് വച്ച് രാജീവ് ഇരിക്കുന്നുണ്ട്. കണ്ണുകള്‍ കലങ്ങിയിരിക്കുന്നു.പുതപ്പ് മാറിനോട് ചേര്‍ത്ത് പിടിച്ച് അയാളുടെ നഗ്നമായ നെഞ്ചില്‍ മുഖമമര്‍ത്തി അദിതി ചോദിച്ചു. എന്തേ? എന്തേയിത്ര ആലോചിക്കാന്‍..?
രാജീവ് ഒന്നും പറഞ്ഞില്ല. കുറച്ച് നേരത്തിന്‍ ശേഷം അദിതി വീണ്ടും ചോദിച്ചു..
അദിതി: ഞാനൊന്ന് ചോദിച്ചോട്ടെ?
രാജീവ്: ങും..രാജീവ് ചെറുതായൊന്ന് മൂളി.അദിതി: വീട്ടിലെല്ലാവരുമുണ്ടായിട്ടും എന്തേ കല്യാണം കഴിച്ചില്ല?രാജീവ്: ആരു പറഞ്ഞു..ഞാന്‍ കല്യാണം കഴിച്ചില്ലെന്ന്?
അദിതി: എന്ത്!! എന്നിട്ടൊന്നും എന്നോട് പറഞ്ഞിട്ടില്ലല്ലോ?
രാജീവ്: തന്നോടെന്നല്ല..ആരോടും ഒന്നും പറഞ്ഞിട്ടില്ല..
അദിതി: അവരെന്നിട്ടെവിടെ ഇപ്പൊ?
രാജീവ്: അറിയില്ല..അന്വേഷിക്കാറില്ല.
അദിതി: സങ്കടാവില്യാച്ചാല്‍ എന്താ ഇണ്ടായേന്ന് എന്നോട് പറയാമോ?ഒരു ചിരി മുഖത്ത് വരുത്തി കൊണ്ട് രാജീവ് ഒന്ന് നിവര്‍ന്നിരുന്നു..അദിതി അയാളെ വലത് കൈ കൊണ്ട് ചുറ്റി പിടിച്ചു..
അദിതി: സുന്ദരിയായിരുന്നൊ?
രാജീവ്: ങും..ഒരു ചെമ്പനീര്‍ പൂ പോലെ..ചുവപ്പില്‍ ഇളം റോസ് പൂക്കള്‍ പ്രിന്‍റ് ചെയ്ത ചുരിദാറിടുമ്പോള്‍ പ്രത്യേകിച്ചും..ആ ഡ്രസ്സായിരുന്നുഎനിക്കേറ്റവും ഇഷ്ടം..
****
ഞാനിന്നലെ സുജിയെ കണ്ടിരുന്നു..
സുജി: എന്നെയോ? പുരികമുയര്‍ത്തി അവള്‍ ചോദിച്ചു.
രാജീവ്: അതെ..ത്രിശ്ശൂര്‍ക്ക് പോകുന്ന ബസ്സില്‍..ഞാന്‍ പറയട്ടെ..ചുവപ്പില്‍ ഇളം റോസ് പൂക്കള്‍ പ്രിന്‍റ് ചെയ്ത ചുരിദാര്‍ അല്ലെ ഇന്നലെ ഇട്ടിരുന്നെ?
സുജി: ങും..രാജീവ് എവിടെ വച്ച്...?ഞാന്‍ വീട്ടിനടുത്ത ബസ്സ് സ്റ്റോപ്പില്‍ നില്‍ക്കുന്നുണ്ടായിരുന്നൂ..
സുജി: ഓ..ദാ ബസ്സ് വന്നു...അവള്‍ മറ്റൊന്നും പറയാതെ നടന്നു ബസ്സില്‍ കയറി.
- ഞാന്‍ 7 മണിക്ക് വിളിക്കും..രാജീവ് പുറകില്‍ നിന്ന് വിളിച്ച് പറഞ്ഞു..7 മണിക്ക് വിളിച്ചപ്പോള്‍ എടുത്തത് സുജിയുടെ അമ്മയായിരുന്നു..
അമ്മ: ആ മോനോ? അവള്‍ മുറിയിലാ..ഞാന്‍ വിളിക്കാം..ങാ..പിന്നെ രാവിലെ മോന്‍റച്ഛന്‍ വിളിച്ചിരുന്നു..എന്‍റെ അസുഖത്തിന്‍റെ വിവരം ചോദിച്ചു..പിന്നെ കല്യാണത്തിന്‍റെ വിശേഷങ്ങള്‍ ഒക്കെ പറഞ്ഞു..കുറച്ച് ദിവസങ്ങളല്ലേ ഇനി ഉള്ളൂ..ഒരുക്കങ്ങളൊക്കെ എന്തായി എന്നും ചോദിച്ചു. ങാ..ദാ അവള് വന്നു..ഞാന്‍ കൊടുക്കാം..
സുജി: ഹലോ..
രാജീവ്: ഹലോ..ഇതു ഞാനാ..എന്തേയിന്ന് ഒന്നും പറയാതെ പോയ്കളഞ്ഞത്?
സുജി: ഓ..അതോ അതൊന്നുമില്ല..ബസ്സ് വന്നപ്പോ ..
രാജീവ്: ങും..ഇവിടെ എല്ലാവരും കല്യാണത്തിന്‍റെ ഒരുക്കത്തിലാ..ദുബായീന്ന് ചേച്ചിയൊക്കെ 13-ആം തിയ്യതി തന്നെ എത്തുമെന്ന് പറഞ്ഞു..ഹലോ...ഹലോ..സുജീ..എന്ത് പറ്റി..എന്താ ഒന്നും പറയാത്തെ?
സുജി: ഏയ് ഒന്നുമില്ല..ഒരു ചെറിയ തലവേദന.
രാജീവ്: മരുന്ന് കഴിച്ചില്ലേ?
സുജി: ങും..
രാജീവ്: ഇനി രണ്ട് ദിവസമേയുള്ളൂ..അപ്പൊഴേക്കും തലവേദനയൊക്കെ മാറ്റിക്കോണേ..
സുജി: ങും..രാജീവ്: ശരിയെന്നാ..സുജി പോയി റെസ്റ്റ് എടുത്തോളൂ..ഗുഡ് നൈറ്റ്..സ്വീറ്റ് ഡ്രീംസ്..
സുജി: ഒകെ..
ഒരു വേദന നിറഞ്ഞ ചിരിയോടെ അദിതി അയാളെ കേട്ട് കൊണ്ടിരുന്നു..രാജീവ് വലത് കൈ കൊണ്ട് അദിതിയെ ചുറ്റി പിടിച്ചു..
രാജീവ്: കല്യാണം ആഘോഷമായി തന്നെ നടന്നു..
ആഘോഷമായി തന്നെ നടന്ന കല്യാണം!..അദിതി മനസ്സില്‍ വീണ്ടും പറഞ്ഞു..
രാജീവ്: നിന്നെ പോലെ സുന്ദരികളായവര്‍ കരയുമ്പോള്‍ ഒരു സൌന്ദര്യമൊക്കെയുണ്ട്.
അദിതി: ഏയ്..എന്തോ..അദിതി പതുക്കെ കണ്ണുകള്‍ തുടച്ചു..
*****
നിന്നെ പോലെ സുന്ദരികളായവര്‍ കരയുമ്പോള്‍ ഒരു സൌന്ദര്യമൊക്കെയുണ്ട്..പക്ഷെ ഇതിപ്പൊ രണ്ട് ദിവസമായി ഈ കരച്ചില്‍.രാജീവ് ഒരു ചെറുചിരിയോടെ പറഞ്ഞു..സുജി പതുക്കെ എഴുന്നേറ്റ് ജനാലക്കരികിലേക്ക് നടന്നു..
സുജി: ഞാന്‍ അമ്മയെ കുറിചോര്‍ത്തു..ഇപ്പൊ ഒറ്റയ്ക്ക് അവിടെ..സുജിയുടെ ചുമലില്‍ കൈ ചേര്‍ത്ത് കൊണ്ട് രാജീവ് പറഞ്ഞു. ഇന്നലെ തിരക്കും ക്ഷീണവും..ഇന്ന് അമ്മയെ കുറിച്ചോര്‍ത്ത് സങ്കടം..എന്‍റെ കാര്യം കഷ്ടമാണെന്നാ തോന്നുന്നേ..സുജി രാജീവിനെ ഒന്ന് സൂക്ഷിച്ച് നോക്കി.
എന്‍റമ്മേ..ഞാനൊരു തമാശ പറഞ്ഞതാണേ..ഇനിയിപ്പൊ അതും പറഞ്ഞ് കരച്ചില് കൂട്ടണ്ട..
*****
കൌസല്യാ സുപ്രജാ രാമാ..വീണ ഇന്‍സ്ട്രുമെന്‍റല്‍ ആണ് അലാം സെറ്റ് ചെയ്തിരിക്കുന്നത്..5 മണിയായി..
അദിതി: ഇന്ന് വര്‍ക്ക് ഉണ്ടോ?
രാജീവ്: ഉം..പക്ഷെ പോകുന്നില്ല..അതിങ്ങെടുക്ക്..അദിതി മൊബൈല്‍ എടുത്ത് കൊടുത്തു..ജോര്‍ജ്ജിനെ വിളിച്ച് ഞാനിന്ന് വരുന്നില്ലെന്ന് പറയട്ടെ..കോണ്ടാക്റ്റ്സില്‍ നിന്ന് ജോര്‍ജ്ജിന്‍റെ നമ്പര്‍ ഡയല്‍ ചെയ്തു. ബീപ്..വീണ്ടും ട്രൈ ചെയ്തപ്പൊഴും ബീപ്..
അദിതി: എന്താ എടുക്കുന്നില്ലേ?രാജീവ്: ഇല്ല..എങഗേജ്ഡ്.
****
-എന്തേ എടുക്കുന്നില്ലേ?രാജീവ്: ഇല്ല..എങഗേജ്ഡ്..-പോട്ടെടാ..വിചാരിച്ചതിലും നേരത്തെ അല്ലേ പോകുന്നത് ..വൈകീട്ടല്ലല്ലോ...രാജശേഖരന്‍ മാനേജര് നിനക്കാദ്യമായി ഒരുപകാരം ചെയ്തതല്ലേ.., പവിത്രന്‍ പറഞ്ഞു..
രാജീവ്: ങും..കളിയാക്കിക്കോടാ..നീ കെട്ടുമ്പൊ അറിയാം. ..ആഴ്ച്ച ഒന്ന് കഴിഞ്ഞു. അവളെ ഒന്ന് ശരിക്ക് കണ്ട് പോലുമില്ലെടാ..പവിത്രന്‍ വീണ്ടും ചിരിച്ചു കൊണ്ട് പറഞ്ഞു..വാ..പോകാം..രാജീവ് ബൂത്തില്‍ നിന്ന് ചാടിയിറങ്ങി. കുരിശ്..ആവശ്യം നേരത്ത് കോപ്പിലെ ചാര്‍ജ്ജും തീര്‍ന്നു..
തണുക്കുന്നില്ലേ..കഴുത്തിലെ മഫ്ലര്‍ ഒന്നു കുടി ചുറ്റി കൊണ്ട് പവിത്രന്‍ ചോദിച്ചു..
രാജീവ്: ങും?...ങും ങും..
*****
തണുക്കുന്നില്ലേ..ബാത്ത് ടബ്ബില്‍ അയാളുടെ മാറില്‍ പുറം ചാരി കിടക്കുമ്പോള്‍ അദിതി ചോദിച്ചു.
രാജീവ്: ങും? ങും ങും..
അദിതി: എന്നിട്ട് ..അദിതി കൈ കൊണ്ട് അയാളുടെ കൈ കോര്‍ത്ത് പിടിച്ചു.
****
സുജൂ..സുജൂ..ഇവളിതെവിടെ പോയ്? രാജീവ് കോളിങ്ങ് ബെല്ലില്‍ വിരലമര്‍ത്തി. ശബ്ദമൊന്നും കേള്‍ക്കാനില്ല..അയാള്‍ വാതിലില്‍ മുട്ടി നോക്കി.ശ്ശെടാ..ഇവളിതെവിടെ? അയല്‍പ്പക്കത്തെ ആലീസ് ചേച്ചിയോട് തിരക്കാം എന്നോര്‍ത്ത് തിരിഞ്ഞ് നടക്കുമ്പോഴാണ് പിന്നില്‍ വാതില്‍ തുറക്കുന്ന ശബ്ദം കേട്ടത്..തിരിഞ്ഞ് നോക്കിയപ്പോള്‍ ഉറക്കച്ചടവോടെ സുജി..
രാജീവ്: ങാ..എവിടെ പോയീന്ന് വിചാരിച്ചു ഞാന്‍..
സുജി: ഒരല്‍ഭുതത്തോടെ ..എന്ത് പറ്റി, വിളിച്ചില്ല?
രാജീവ്: ഓ സെല്ലിലെ ചാര്‍ജ്ജ് തീര്‍ന്നു..അതും പറഞ്ഞ് കൊണ്ട് രാജീവ് അകത്തേക്ക് കയറി, ഇടത് കൈ കൊണ്ട് സുജിയെ ചേര്‍ത്ത് പിടിച്ച് കൊണ്ട്.
-ഞാന്‍ കുളിച്ചിട്ടില്ല..സുജി പറഞ്ഞു..
രാജീവ്: ഞാനും..അവന്‍ അവളുടെ കാതില്‍ കടിച്ചു. പതുക്കെ ഒഴിഞ്ഞ് മാറി കൊണ്ട് അവള്‍ പറഞ്ഞു. പോയി കുളിക്കൂ..ഒരു നീരസത്തോടെരാജീവ് അവളെ വിട്ട് കൊണ്ട് കുളിമുറിയിലേക്ക് പോയി.രാജീവ് ടബ്ബില്‍ വെള്ളം നിറച്ച് അതില്‍ കിടന്നു. തുടര്‍ച്ചയായി ഒരു പാട് സമയം യാത്ര ചെയ്തതിന്‍റെ നല്ല ക്ഷീണമുണ്ട്.
****
രാജീവ് ബാത്ടബ്ബില്‍ ഒന്ന് കൂടി ചാഞിരുന്നു. .അദിതിയും. ട്ടടഡിങ്ടൊങ്...നോകിയടോണ്‍..ടബ്ബില്‍ കിടന്ന് കൈയ്യെത്തിച്ച് ഫ്ലഷിന് മുകളില്‍ വച്ചിരുന്ന ഫോണെടുത്തു.
രാജീവ്: ഹലോ..
ജോര്‍ജ്ജ്: ആ ഹലോ..എന്തേ നീ വിളിച്ചേ?
രാജീവ്: പ്രത്യേകിച്ചൊന്നുമില്ല..ഞാനിന്ന് വരുന്നില്ലെന്ന് പറയാനാ...
ജോര്‍ജ്ജ്: ങും? എന്തു പറ്റി?
രാജീവ്:ഏയ് ഒരു മൂഡില്ല.
ജോര്‍ജ്ജ്: ഹും..എന്തു പറയാനാ..നീ പണ്ടേ ഇങ്ങനെയല്ലേ..ഓകെ..
രാജീവ്: ഓകെ..
*****
ട്ടടഡിങ്ടൊങ്...നോകിയടോണ്‍..ഇതാരുടേതാ? വെന്‍റിലേറ്ററിന്‍റെ തട്ടില്‍ നിന്ന് രാജീവ് ആ സെല്‍ഫോണ്‍ കൈ നീട്ടി എടുത്തു. സ്ക്രീനില്‍ സുജിയുടെ മുഖം. ഈ വീട്ടിലെ നമ്പര്‍! രാജീവ് ഫോണ്‍ കട്ട് ചെയ്തു. അയാള്‍ ടബ്ബില്‍ നിന്നുമെഴുന്നേറ്റു. ആ ഫോണിന്‍റെ ബ്രൌസറിലൂടെ വിരലോടിച്ചു.ഇമേജസില്‍ സുജിയുടെ പല മുഖങ്ങള്‍..ഒടുവില്‍.. ബെഡ് ലാമ്പിന്‍റെ അരണ്ട വെളിച്ചത്തില്‍, അര്‍ദ്ധനഗ്നയായ സുജിയുടെ കഴുത്തില്‍ മുഖം തിരിച്ച് ചുംബിക്കുന്ന ഒരാണും..രാജീവിന്‍റെ സിരകളില്‍ രക്തം ഇരച്ച് കയറി..എത്ര നേരം വീണ്ടും ടബ്ബില്‍ തന്നെ കിടന്നുവെന്നറിയില്ല;മരവിച്ച് പോയ ശരീരവും, മനസ്സുമായി..രാജീവ് പതുക്കെ കുളിമുറിയില്‍ നിന്ന് ബെഡ്റൂമിലേക്ക് വന്നു. സുജി കിടക്കയില്‍ ഇരിക്കുന്നുണ്ട്. രാജീവ് മൊബൈല്‍ സുജിയുടെ കയ്യില്‍ കൊടുത്തു. സുജി പതുക്കെ മുഖം തിരിച്ചു പറഞ്ഞു..ഞാനെല്ലാം പറയാം..
രാജീവ് ഒന്നും മിണ്ടിയില്ല. സുജി പറഞ്ഞു കൊണ്ടിരുന്നു.. രാജീവ് ഒന്നും മിണ്ടാതെ കേട്ട് കൊണ്ടുമിരുന്നു..ഒരു നിശ്വാസത്തോടെ സുജി പറഞ്ഞ് നിര്‍ത്തി.രാജീവ് പതുക്കെ കട്ടിലില്‍ ഇരുന്ന് ഒരു സിഗരെറ്റിന് തീ കൊളുത്തി.
സുജീ..ആര്‍ദ്രമായി അയാള്‍ വിളിച്ചു. കലങ്ങിയ കണ്ണുകളോടെ സുജി തിരിഞ്ഞു നോക്കി.
രാജീവ്: ഇത്രയും ദിവസങ്ങള്‍ക്കിടയില്‍ എപ്പൊഴെങ്കിലും നിനക്കെന്നോട് പറയാമായിരുന്നില്ലേ? ആദ്യമായി നിന്നെ പെണ്ണ് കാണാന്‍ വന്നപ്പോള്‍..നീയുമായി ഫോണില്‍ സംസാരിച്ചപ്പോള്‍..അറ്റ്ലീസ്റ്റ്, കല്യാണ റിസപ്ഷന്‍റെ സമയത്ത്, ഇത് എന്‍റെ ഫ്രണ്ട് സൂരജ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയപ്പോഴെങ്കിലും...(കുറച്ച് നേരത്തെ മൌനത്തിന് ശേഷം)..എപ്പൊഴെങ്കിലും..
സുജി: ...ഐയാം സോറി..
****
രാജീവിന്‍റെ വിരലുകളില്‍ കനലിന്‍റെ ചൂട്..അയാള്‍ സിഗരെറ്റ് ബട്ട് ക്ലോസെറ്റിലേക്കിട്ടു. ബാത്റൂമിലെ കനത്ത പുകമറയ്ക്കുള്ളില്‍ അദിതിയുടെ മുഖം..ചുവന്ന് തുടുത്തിരിക്കുന്നു..അവളുടെ നനുത്ത തേങ്ങല്‍ ആ മുറിക്കുള്ളില്‍ തളം കെട്ടി നിന്നു..
****
ഞാന്‍ പോകുന്നു..സുജി പറഞ്ഞു..
-സൂരജ് എവിടെ വരും? രാജീവ് ചോദിച്ചു.
സുജി: കോളേജ് സ്റ്റോപ്പില്‍..
രാജിവ്: നടക്കേണ്ട..ഞാന്‍ കൊണ്ട് വിടാം..
വേണ്ട..സുജി പറഞ്ഞു..
വീട്ടില്‍ നിന്നും കോളേജ് സ്റ്റോപ്പിലെത്തുന്നവരേയും കാറിന്‍റെ സൈഡ് ഗ്ലാസ്സില്‍ മുഖമമര്‍ത്തി സുജി പുറത്തേക്ക് നോക്കിയിരുന്നു..മഴ പെയ്യുന്നുണ്ട്..കാര്‍ സ്റ്റോപ്പില്‍ നിര്‍ത്തി..
ഞാനൊന്നും പറയുന്നില്ല..എന്നോട് ക്ഷമിക്കൂ..സുജി പറഞ്ഞു..
രാജീവ്: ങും..ഓള്‍ ദ ബെസ്റ്റ്സ്...
മഴ് രൂക്ഷമായി മൂന്ന് നാല് ദിവസം പെയ്തു. ഇടവപ്പാതി ഒഴിഞ്ഞ് ആകാശം വീണ്ടും തെളിഞ്ഞു...
*****
ഒരു പാട് ദിവസങ്ങള്‍ക്ക് ശേഷം ആകാശം വീണ്ടും തെളിഞ്ഞു. കര്‍ട്ടന്‍ നീക്കുമ്പോള്‍ അദിതി പറഞ്ഞു. ഇത് വരെ ക്ലൌഡിയായിരുന്നു..രാജീവ് പോകാന്‍ തയ്യാറെടുക്കുമ്പോള്‍ അദിതി പറഞ്ഞു..ഞാനൊരു കാര്യം കൂടി ചോദിച്ചോട്ടെ?
-ഇനിയെന്താ..രാജീവ് ചോദിച്ചു.
അദിതി: അന്ന് ആദ്യമായി എന്നെ കാണാന്‍ വന്നപ്പോള്‍ പറഞ്ഞില്ലെ..32 ഇയര്‍ ഓള്‍ഡ് വെര്‍ജിനാണെന്ന് അത് സത്യമായിരുന്നോ?
-ഹഹഹ..രാജീവ് ഒരുപാട് ചിരിച്ചു. ഒടുവില്‍ ഒരു മന്ദഹാസത്തോടെ പറഞ്ഞു..അതെ..തിരിഞ്ഞ് ലാപ്ടോപ്പെടുക്കുമ്പോള്‍ പറഞ്ഞു..ഒരു തമാശ കേള്‍ക്കണോ..മോഹന്‍ ലാലിന്‍റെ തൂവാനതുമ്പികള്‍ കണ്ട്പ്പൊ തൊട്ട് ഞാന്‍ മനസ്സില്‍ കരുതിയിരുന്നു..ഞാന്‍ കല്യാണം കഴിക്കുന്നപെണ്ണുമായേ ആദ്യമായി ഇടപഴകൂ..അല്ലെങ്കില്‍ ഞാനാദ്യം ആരുമായി ഇടപഴകുന്നുവോ അവരെ ഞാന്‍ കല്യാണം കഴിക്കുമെന്ന്...ആദ്യത്തേതോ നടന്നില്ല..രണ്ടാമത്തേത് എങ്ങിനെ? ഉറപ്പിക്കാലോ..?ഒരു ചിരി ചിരിച്ചു കൊണ്ട് രാജീവ് ഇറങ്ങിപ്പോയി..
ഒരല്‍ഭുത ലോകത്തിലെന്ന പോലെ അദിതി തന്നെ മറന്നു നിന്നു...ഒരു നൊടിയിടയില്‍, ഒരു ഉള്‍വിളി..മനസ്സിലൂടെ അതിതീക്ഷ്ണമായി കാലത്തിന്‍റെ സഞ്ചാരം...ചിത്രങ്ങളൊന്നൊന്നായി അവളുടെ ഓര്‍മ്മകളിലൂടെ പാഞ്ഞ് പോയി...വിനു..കല്യാണനിശ്ചയം..ബൈക്ക് യാത്ര..ചോരയില്‍ കുതിര്‍ന്ന വിനുവിന്‍റെ മുഖം..നക്ഷത്രക്കളങ്ങളില്‍ വൈധവ്യ സമാനയോഗം കണ്ട് വിളറിയ ജ്യോത്സ്യന്‍റെ മുഖം..ജാതകവിധിയില്‍ മനം നൊന്ത് പ്രാണന്‍ വെടിഞ്ഞ അമ്മയുടെ മുഖം..ആരുമില്ലാത്ത ഇവള്‍ക്ക് ഞാനുണ്ടെന്ന് പറഞ്ഞ്,വിധിയെ വെല്ലുവിളിച്ച് ഒടുവില്‍ നീന്തറിഞിട്ടും മരണത്തിന്‍റെ ചുഴിയിലിറങ്ങിയൊലിച്ചു പോയ മുറചെക്കന്‍ അനന്തേട്ടന്‍റെ നീലിച്ച മുഖം..ഏറ്റവും ഒടുവില്‍ ഗള്‍ഫ് ന്യൂസിന്‍റെ ഫ്രണ്ട് പേജിലെ ചോരയൊലിച്ച മുഹമ്മദിന്‍റെ മുഖം..ഈശ്വരാ...വേണ്ട..ഇനിയും...അദിതി ഓടി ചെന്ന് ഫോണെടുത്ത് രാജിവിന്‍റെ നമ്പര്‍ ഡയല്‍ ചെയ്തു..
ഹലോ..എന്താ അദിതി? മറുതലക്കല്‍ രാജിവിന്‍റെ ശബ്ദം..
അദിതി: രാജീവ്...ഇപ്പൊ പോവെണ്ടാ..എനിക്കൊരു കാര്യം..പറഞ്ഞ് തീരും മുന്‍പേ അദിതിയുടെ കാതില്‍ വിധി ശബ്ദങ്ങളുടെ രൂപമാര്‍ന്നു..പൊട്ടി ചിതറുന്ന ചില്ലുകളുടെ ശബ്ദങ്ങള്‍, തകരുന്ന ലോഹങ്ങള്‍ തെറിച്ച് വീഴുന്ന ശബ്ദങ്ങള്‍, നെഞ്ചിടിപ്പുകള്‍ക്കിടയില്‍ മറ്റെന്തൊക്കെയോ ഉരസ്സി പായുന്ന ശബ്ദങ്ങള്‍ ...അദിതിയുടെ വിറക്കുന്ന കൈകളില്‍ നിന്ന് റിസീവര്‍ താഴെ വീണു...
****
അദിതി മെല്ലെ കണ്ണുകള്‍ തുറന്നു...കയ്യും തലയുമൊക്കെ വേദനിക്കുന്നു. അവ്യക്തമായി എന്തൊക്കെയോ ഓര്‍മ്മ വരുന്നുണ്ട്..കോള്‍പാടം, ബൈക്ക്, വിനു, അമ്മ, അനന്തേട്ടന്‍, മുഹമ്മദ്, രാജീവ്...അദിതി പതുക്കെ എഴുന്നേറ്റ് നടന്നു ബാത് റൂമിലെ കണ്ണാടിക്കു മുന്നില്‍ ചെന്ന് നിന്നു..കണ്ണുകള്‍ ചെറുതായി മങ്ങി..എല്ലാം ഒരു പുക പോലെ..കണ്ണാടിയിലെ രൂപം അവ്യക്തമായി...അവള്‍ വെറുതെ ഒന്ന് ചിരിച്ചു. ടാപ്പില്‍ നിന്ന് വെള്ളമെടുത്ത് മുഖം കഴുകി..ഇപ്പോള്‍ അവള്‍ക്ക് വീണ്ടും എല്ലാം വ്യക്തമായി കാണാം..കോള്‍പാടം, ബൈക്ക്, വിനു, അമ്മ, അനന്തേട്ടന്‍, മുഹമ്മദ്, രാജീവ്...അവള്‍ക്ക് കണ്ണാടിയില്‍ ഇപ്പോള്‍ കുറച്ച് കൂടി തെളിഞ്ഞ് കാണാം..അവളുടെ തന്നെ രൂപം..അവള്‍ സ്വയം പറഞ്ഞു...
ഞാന്‍ അദിതി...ഏന്‍ അബ്സൊലൂടിസ്റ്റ്.....

Sunday, July 13, 2008

ശാന്തി പറഞ്ഞ കഥ 2 -)0 ഭാഗം

"വരുന്നോ എന്‍റെ കൂടെ? അവള്‍ അവന്‍റെ കയ്യില്‍ കൈ ചേര്‍ത്തു. കടലിന്‍റെ ആഴങ്ങളിലേക്ക് അവര്‍ നടന്നിറങ്ങി. ചുറ്റും വാക്കുകള്‍ക്കതീതമായ
സൌന്ദര്യസങ്കല്‍പങ്ങളുടെ മുത്തും, പവിഴവും പലജാതി വര്‍ണ്ണങ്ങളായി പൂത്ത് നിന്നു. വേര്‍തിരിച്ചെടുക്കാനാവാത്ത വിധം പരസ്പരം പകര്‍ന്ന
മനസ്സുകള്‍ ആ അനന്തതയുടെ മടിതട്ടില്‍ ശാന്തമായി പുണര്‍ന്നു കിടന്നു...മൂന്നാം നാള്‍ അനിവാര്യമായ ഒരുയിര്‍ത്തെഴുന്നേല്‍പ്പും കാത്ത്..."

എടി എടീ...ഹലോ..ഇതെന്തു പറ്റി ഇവള്‍ക്ക്? ജോഗിങ്ങിന് പോയപ്പൊ തടഞ്ഞു വീണ് തല വല്ല കല്ലേലും ഇടിച്ചോ പടച്ചോനെ.! നസിയ പറഞ്ഞു.
അടുത്ത് ഗൌരിയുമുണ്ട്.
അനു- ഹൊ..ഈ സാഹിത്യവാസനയില്ലാത്തവളുമാരുടെ ഇടേന്ന് എന്നെ അങ്ങോട്ടെടുത്തോണേ...
എടി പഹയത്തി , ഇത് നന്ദഗോപന്‍ സാറിന്‍റെ 'തിരകളറിയാതെ' എന്ന കഥയുടെ അവസാനമാടി.
എത്? നമ്മടെ കലോത്സവം ഉദ്ഘാടിക്കാന്‍ വന്ന ടീമൊ? താടിയൊക്കെ വച്ച്, ഒരു പള പള ഷര്‍ട്ടുമിട്ട് വന്ന
ബ്ലാക്ക് ആന്‍റ് വൈറ്റ് ഐറ്റം! ലിനിയുടെ കമന്‍റ്.
അനു- അങ്ങേര് എന്തിട്ടാലെന്താ? ഒഹ്..എന്നാ എഴുത്താ! നീ വായിച്ചിട്ടില്ലേ? 'തിരകളറിയാതെ'. ഞാനത്
വായിച്ചിട്ട് ഒരാഴ്ച്ഛ അതിന്‍റെ ഹാങ്ങിലായിരുന്നു..!
ഗൌരി- ഇന്നെന്താ പെട്ടെന്ന് നന്ദഗോപന്‍ തലക്ക് കയറിയെ?
അനു-അതെ അങ്ങനെ ചോദിക്ക്.ഞാന്‍ ഇന്ന് രാവിലെ സാറിനെ കണ്ടു, പരിചയപെട്ടു.അദ്ദേഹമിവിടെ അടുത്താടി താമസം.
നസിയ- അള്ളാ. ക്ലാസ്സിപ്പൊ തുടങ്ങും..കുളിക്കണ്ടെ ഇനി..നാല് പേരും നാലുവഴിക്കോടി..
****
അനു- ഗുഡ് മോണിംഗ് സര്‍,
നന്ദന്‍ -ഗുഡ് മോണിംഗ്. ആ ഇന്നൊരാള്‍ കൂടിയല്ലൊ?
അനു -അതെയ്. ഇന്നലെ ഞാന്‍ സാറിനെ പരിചയപെട്ടൂന്ന് പറഞ്ഞപ്പൊ ഇവള്‍ക്ക് വിശ്വാസം വന്നില്ല. അതോണ്ട് ഇറങ്ങി പുറപ്പെട്ടതാ.
നന്ദന്‍- ഹഹഹ. ഇപ്പൊ വിശ്വാസമായോ?
ഉം..ഗൌരി തലയാട്ടി.
നന്ദന്‍- രാവിലെ ഓടുന്നതൊക്കെ കൊള്ളാം .പക്ഷെ പഠിക്കാന്‍ കിട്ടുന്ന ഏറ്റവും നല്ല സമയം കളഞ്ഞ് പഠിപ്പ് ഉഴപ്പരുതെന്ന് മാത്രം,
അനു- ഏയ് ഇല്ല സാര്‍. ക്ലാസ്സിലെ മിടുക്കി കുട്ടികളാ ഞങ്ങള്‍. ഗൌരി ഒന്ന് പതുങ്ങി ചിരിച്ചു.
നന്ദന്‍-ഉം ശരി ശരി.
അനു -സാറിന്‍റെ 'താമര' എന്ന കഥ തുടങ്ങുന്നത് ഇങ്ങനെ ഒരു ഫോറെസ്റ്റ് ഓഫീസറുടെ ഓട്ടത്തില്‍ നിന്നാണ്.
നന്ദന്‍- ആ..കഥകളൊക്കെ വായിക്കാറുണ്ടൊ?
ഗൌരി-ഉണ്ടോന്നോ? ഒന്നും പറയണ്ട. സാറിന്‍റെ കഥയിലെ എല്ലാ ഡയലോഗും ഇവള്‍ക്ക് ബൈ ഹാര്‍ട്ട് അല്ലെ!
നന്ദന്‍ -സാഹിത്യമൊക്കെ അത്രക്ക് ഇഷ്ടമായിരുന്നെങ്കില്‍ പിന്നെ ഈ ബിഫാം അല്ലാതെ കണ്ട്, ബി ഏ എടുക്കരുതായിരുന്നോ?
അനു -ഓ..ഇത് മമ്മിയുടെ ഒരു ആഗ്രഹമായിരുന്നു..
നന്ദന്‍ - ഓകെ. നിങ്ങളുടെ പാരെന്‍റ്സൊക്കെ എന്തു ചെയ്യുന്നു?
ഗൌരി- എന്‍റെ അച്ഛന്‍ ദേവസ്വം ബോര്‍ഡിലാ..അമ്മ ഹൌസ് വൈഫ്.
നന്ദന്‍-കുട്ടിയുടെയോ?
- ഓ..അവരൊക്കെ അങ്ങ് സ്റ്റേറ്റ്സ്സിലാ..എന്തോ നീരസത്തോടെ അനു പറഞ്ഞു.
അയ്യോ..രമേശന്‍!
ഒപ്പം ഓടിയിരുന്ന കുട്ടികള്‍ നൊടിയിടയില്‍ അപ്രത്യക്ഷരായി.
കുറച്ച് ദൂരം ഓടി കഴിഞ്ഞപ്പോള്‍ പിന്നില്‍ നിന്നും അവര്‍ വിളിച്ചു. സാ..ര്‍.
നന്ദന്‍ -ആഹാ.എവിടെ മുങ്ങിയതാ രണ്ട് പേരും.
ഗൌരി -അത് രമേശനെ കണ്ടപ്പൊ മുങ്ങിയതാ..ഞങ്ങടെ കോളേജിലെ പ്യൂണാ രമേശന്‍. നല്ല കാലത്ത് പെണ്ണ് കെട്ടാത്തതിന്‍റെ ചൊരുക്കാ..
ഞങ്ങളെയാരെങ്കിലും കണ്ടാ മതി..എന്തെങ്കിലും കുറ്റം കണ്ട് പിടിക്കാന്‍. (ഏയ്..അനു ഗൌരിയെ കൈ കൊണ്ട് തട്ടി.)
നന്ദന്‍-ആ എനിക്ക് തോന്നി അങ്ങനെയെന്തെങ്കിലും കാണുമെന്ന്..
അപ്പൊ ശരി..ഞാന്‍ വലത്തോട്ട് തിരിയും.നിങ്ങള്‍ നേരെയല്ലെ..ആ പിന്നെ.എന്‍റെ വീട് ഇവിടെയാ. ഇടക്ക് അങ്ങോട്ടൊക്കെ ഇറങ്ങാം.
എനിക്ക് നല്ല ഒരു ലൈബ്രറി ഉണ്ട്. പിന്നെ അവിടെ ബോറടിച്ചിരിക്കുന്ന ഒരു തള്ളശ്ശിയേയും കാണാം.
അനു -ശരി. ഞങ്ങാളൊരു ദിവസം വരാം സാര്‍.
*****
അപ്രതീക്ഷിതമായി മഴ പെയ്തു.
നന്ദഗോപന്‍ വെറുതെ പുറത്തെ നനു നനുത്ത മഴ നോക്കിയിരിക്കുകയാണ്.
-നന്ദാ..
-എന്താ അമ്മാ..?
-ദാ ഇവിടെ രണ്ട് കുട്ടികള്‍ നിന്നെ കാണാന്‍ വന്നിരിക്കുന്നു.
-ആ ദാ വരുന്നു..
ആ നിങ്ങളാണോ? രണ്ട്, മൂന്ന് ദിവസങ്ങളായി കാണാഞ്ഞപ്പൊ ഞാന്‍ കരുതി രണ്ട് പേരും പഠിപ്പ്
നിര്‍ത്തി പോയെന്ന്.
അനു -സോറി സര്‍. പറയാന്‍ മറന്നു. മൂന്ന് ദിവസം അവധിയായിരുന്നല്ലോ. അതിന്‍റെ കൂടെ ഒരു ദിവസം ലീവും എടുത്തു. അങ്ങനെ നാട്ടിലൊക്കെ ഒന്നു പോയി
കറങ്ങി വന്നു.
അതിന് കുട്ടിയുടെ വീട്ടുകാരൊക്കെ എവിടെയൊ..സ്റ്റേറ്റ്സിലാണെന്നു പറഞ്ഞിട്ട്? നന്ദന്‍ അനുവിനോട് ചോദിച്ചു.
അനു -ആ.. ഇവിടെ ഒരു റിലേറ്റീവ് ഉണ്ട്..
നന്ദന്‍ -ഉവ്വൊ..ആട്ടെ നിങ്ങളൊക്കെ ഏത് നാട്ടുകാരാ?
ഗൌരി- ഞാന്‍ എര്‍ണാകുളത്ത് മരട്.
അനു- ഞാന്‍..അ..അച്ഛന്‍റെ വീട് എര്‍ണാകുളത്ത് തന്നെയാ..
നന്ദന്‍ -ഉം.ശരി, ഇന്ന് ക്ലാസില്ലെ?
അനു -ഇല്ല. ഞങ്ങള്‍ സാധാരണ ഇങ്ങനെയാ. ക്ലാസ്സ് തുടങ്ങുന്നതിന്‍റെ തലേന്ന് എത്തും. മിക്കവാറും എന്തെങ്കിലുമൊക്കെ അസ്സൈന്‍മെന്‍റ്സ്
ഉണ്ടാവുമെ. ഇന്ന് അതൊക്കെ ഉച്ചയോടെ എഴുതി തീര്‍ത്തു. അപ്പൊ കരുതി കുറച്ച് നേരം സാറിന്‍റെ തല കടിക്കാമെന്ന്..
ഹിഹി..അനു ചിരിക്കുമ്പോള്‍ കട്ട പല്ല് കാണാതിരിക്കാന്‍ വായ് പൊത്തി.
നന്ദന്‍ -ഹഹഹ അതു കൊള്ളാം.- അമ്മാ..രണ്ട് ചായ..അല്ല മൂന്ന്..
ഗൌരി- എന്തിനാ സാര്‍ ആ പാവം അമ്മയെ ബുദ്ധിമുട്ടിക്കുന്നെ ? ഇവള്‍ നല്ല അസ്സലായി ചായയിടും.
നന്ദന്‍-അതു വേണോ?
ഗൌരി-അയ്യെ..ഏ സാറിന്‍ ഇത്ര ധൈര്യമില്ലെ?
നന്ദന്‍- അപ്പൊ അങ്ങനെയായോ? എന്നാ നടന്നോ..
അമ്മ -ടാ.നിന്നെ തിരക്കി അപ്പുറത്ത് ആരോ വന്നിരിക്കുന്നു. കുട്ട്യോളെന്തിനാ ഇതൊക്കെ ചെയ്യണെ..എന്നെ വിളിക്കാര്‍ന്നില്ലെ?
ഗൌരി-ഇല്ലാ..അതു സാരമില്ല..സാറിന്‍റമ്മ അവിടെ ഇരിക്കൂ.
അമ്മ-ഇപ്പൊഴത്തെ കുട്ട്യോള്‍ടെ ഓരോ കാര്യം..
അനു-അല്ലമ്മേ.. ഒരു കാര്യം ചോദിക്കട്ടെ?
അമ്മ- ഉം എന്താ? ഈ സാറെന്താ കല്യാണം കഴിക്കാഞ്ഞെ?..ഒരു നിമിഷത്തേക്ക് അമ്മ ഒന്നും മിണ്ടിയില്ല.
..എന്‍റെ ഒരു യോഗം അല്ലാണ്ടെന്താ? മാധവിയമ്മയുടെ കണ്ണുകള്‍ നിറഞ്ഞു. അല്ലാണ്ട് പണ്ട് സ്കൂളില്‍ പഠിക്കുമ്പൊ ഒരു കുട്ടിയോട് ഇഷ്ടമുണ്ടായിരുന്നൂന്ന്
വച്ച് ആരെങ്കിലും ജീവിതം മുഴുവന്‍ ഇങ്ങനെ ഒറ്റക്ക് നടക്ക്വൊ! എന്‍റെ കാലം കൂടി കഴിഞ്ഞാല്‍ പിന്നെ ആരുണ്ടിവന് ? മാധവിയമ്മ ദീര്‍ഘമായി നിശ്വസിച്ചു..
ഗൌരി- അമ്മ ഒരിക്കലും കല്യാണത്തിന് നിര്‍ബന്ധിച്ചില്ലേ?
അമ്മ -നിര്‍ബന്ധിക്കാഞ്ഞിട്ടൊന്നുമല്ല.ഒരിടക്കാലത്ത് കഴിക്കാമെന്നൊക്കെ എന്‍റടുത്ത് സമ്മതിച്ചതാ. പക്ഷെ അപ്പൊന്നും ശരിയായൂല്യ..
അത് പണ്ട് ദുബായില്‍ ജോലി ചെയ്തോണ്ടിരുന്നപ്പൊ. കുട്യോള്‍ടെ അച്ഛന്‍ നിര്‍ബന്ധിപ്പിച്ചു സമ്മതിപ്പിച്ചതാ.അല്ലാണ്ട് ശരിക്കിഷ്ടമുണ്ടായിട്ടൊന്നുമല്ല.
നന്ദന്‍- അമ്മ ഈ കുട്ടികളോടെന്ത് പഴമ്പുരാണമൊക്കെയാ പറയുന്നത്.
അമ്മ- ഓ.ഞാനൊന്നും പറയുന്നില്ലേയ്..
അനു-സര്‍ ഇതാ ചായ.
നന്ദന്‍-ഉം.കൊള്ളാമല്ലോ..മോളൂട്ടിയെ കല്യാണം കഴിക്കുന്ന ചെക്കന് എന്തൊക്കെയായാലും നല്ല ചായ കുടിക്കാന്‍ കിട്ടും.
ഹഹഹ എല്ലാവരും ആ ചിരിയില്‍ പങ്ക് ചേര്‍ന്നു.
മഴ നിന്നൂന്ന് തോന്നുണു..എനിക്ക് പറമ്പില്‍ ചില്ലറ പണിയുണ്ട്. കൂടണമെങ്കില്‍ കൂടാം. നന്ദന്‍ പറമ്പിലേക്ക് നടന്നു. പിന്നാലെ അനുവും ഗൌരിയും..
അനു-സാര്‍ ഞങ്ങള്‍ വന്നത്..
നന്ദന്‍ - ഉം എന്താ?
ഞങ്ങള്‍ക്ക് ഒരു കഥ വേണം ..ഒരു ഡ്രാമ ചെയ്യാനാ.
ആ അപ്പൊ വെറുതെയല്ല ചായ ഒക്കെ ഇട്ട് തന്നതല്ലെ? നന്ദന്‍ ഉറക്കെ ചിരിച്ചു. എന്‍റെ കയ്യില്‍ എവിടെയാ നാടകം.നമ്മുടെ നാട്ടില്‍ നാടകം എഴുതുന്ന
എത്രയോ പേരുണ്ട്. അവര്‍ എഴുതിയതില്‍ നിന്നും എന്തെങ്കിലും എടുത്താ പോരെ?
അനു- അതു ശരിയാവില്ല..അതൊക്കെ സ്ഥിരം പാറ്റേണിലുള്ളതാ..ഞങ്ങള്‍ക്ക് പുതിയതായി എന്തെങ്കിലും ചെയ്യണം. സര്‍ വിചാരിച്ചാല്‍ നടക്കും.
നന്ദന്‍-അല്ലാ അതിന് ഞാന്‍ എഴുതുന്നത് ചെറുകഥകളല്ലെ?
അനു-സാര്‍ ഇതിനു മുന്‍പ് ഒന്ന് രണ്ട് സിനിമയും ചെയ്തിട്ടുണ്ടല്ലൊ!
നന്ദന്‍- കുട്ടീ..അതൊക്കെ സുഹ്ര്ത്തുക്കള്‍ നിര്‍ബന്ധിച്ചപ്പൊ എഴുതിയന്നെ ഉള്ളൂ.
അനു-അപ്പൊ ഞങ്ങള്‍ സാറിന്‍റെ കൂട്ടുകാരല്ലെ..?ഒന്നെഴുതി താ സാര്‍.ഞങ്ങള്‍ വേണേല്‍ ഹെല്‍പ് ചെയ്യാം.
നന്ദന്‍-അതൊന്നും ശരിയാവില്ല കുട്ടികളെ..ദാ വീണ്ടും മഴ തുടങ്ങി..
അവര്‍ പറമ്പില്‍ നിന്നും വീട്ടിലേക്ക് കയറി.
അനു-അമ്മെ,അമ്മെ ഒന്ന് പറയൂ അമ്മെ..ഈ സാറിന്‍റടുത്ത്..
അമ്മ -നന്ദാ എന്താടാ ഇത്?
ഗൌരി- ഞങ്ങള്‍ക്ക് ഒരു നാടകം എഴുതി തരാന്‍ പറഞ്ഞതാ അമ്മെ.
അമ്മ-കൊച്ച് കുട്ടികളല്ലെടാ..നിനക്ക് എഴുതി കൊടുക്കാന്‍ പറ്റുംച്ചാ എഴുതി കൊടുക്കൂ..
നന്ദന്‍- അമ്മ ഇതെന്തറിഞ്ഞിട്ടാ..നാടകമെ..നന്ദന്‍ അകത്തേക്ക് കയറി പോയി.
അമ്മ-സാരല്യ..പറ്റുംച്ച അവന്‍ എഴുതി തരും. ഇതൊക്കെ വെറും കാണിക്കലല്ലെ..
അനു-എന്നാ ഞങ്ങളിറങ്ങട്ടെ. പിന്നെ വരാം.
അമ്മ- ടാ..ഈ കുട്ട്യോള്‍ പോവ്വാന്ന്..
നന്ദന്‍--ഓ ശരി.
ഗൌരിയും, അനുവും നടന്നു..ചെറുതായി മഴ ചാറുന്നുണ്ട്..
*****
അനു-അപ്പോ സാറിന് ഞങ്ങളോട് ശരിക്കും സ്നേഹമുണ്ട്.
നന്ദന്‍- പൊ പൊ..കൊഞ്ചുന്നൊ..മാക്രികുട്ടികള്...
ഒരു കുസ്റ്തി ചിരിയോടെ അനു അകത്തേക്കോടി.
-സാറിന്‍റമ്മേ..ദാ ഇത് കണ്ടോ..അങ്ങനെ സാര്‍ നാടകം..എഴുതി...തന്നു...അണച്ച് കൊണ്ട് അനു പറഞ്ഞു.
അന്ന് രാവെളുക്കുവോളം അനുവിന്‍റെ റൂമിലെ വെളിച്ചം അണഞ്ഞില്ല.
വധശിക്ഷക്ക് വിധിക്കപ്പെട്ട ഒരു ജയില്‍പുള്ളിയോട്,ജയില്‍ ഡോക്ടര്‍ക്ക് തോന്നുന്ന അതിതീവ്രമായ ഹ്റ്ദയബന്ധത്തിന്‍റെ കഥ പറയുന്ന ഒരു നാടകം..
(ജയില്‍ പുള്ളി: "ഇപ്പൊ മരണമടുക്കുമ്പാള്‍ ജീവിതത്തിന്‍റെ അര്‍ത്ഥങ്ങള്‍ കൂടുതല്‍ തെളിയുന്നു".
ഡോ: ചെയ്ത തെറ്റുകള്‍ മനസ്സിനെ വേദനിപ്പിക്കുന്നുണ്ടല്ലെ?
ജ.പുള്ളി:ഡോക്ടര്‍ക്ക് തെറ്റി. എന്‍റെ നന്‍മകളേക്കാള്‍ ഞാന്‍ എന്‍റെ തെറ്റുകളെ സ്നേഹിക്കുന്നു.എപ്പൊഴെങ്കിലും ഞാന്‍ ശരിക്കും ജീവിച്ചിട്ടുണ്ടെന്ന്
തോന്നുന്നത് ആ തെറ്റുകള്‍ ഓര്‍ക്കുമ്പോഴാണ്..ഈ ലോകം നന്‍മ ആഗ്രഹിക്കുന്നില്ല ഡോക്ടര്‍. ഡോക്ടര്‍ക്ക് പോലും ഏറ്റവും രസിച്ച നിമിഷങ്ങള്‍
സമ്മാനിച്ചത് ഒരു പക്ഷെ ചില നുറുങ്ങ് തെറ്റുകളാവാം.
അവനെ മനസ്സിലാവാതെ ഡോക്ടര്‍ പകച്ച് നിന്നു.)കൂടെ അനുവും..

റിഹേഴ്സലുകള്‍ തകര്‍ത്ത് നടക്കുന്നു..ഡോക്ടറായി രംഗത്ത് വരുന്നത് അനുവാണ്..കൂട്ടത്തില്‍ കൂടുന്നുവെങ്കിലും ഒരു
തനിമരമായി തീര്‍ന്ന പോലെ അനുവിന് തോന്നി. ഡോക്ടറായി നിന്ന് കൊണ്ട് ആ ജയില്‍പുള്ളിയുടെ മനസ്സ് വായിച്ചെടുക്കല്‍! അത് അനുവിന്‍
ഒരു തപസ്യയായി..നാടകത്തിന്‍റെ റിഹേഴ്സലുകളുമൊക്കെയായി തിരക്കിലായെങ്കിലും,അനുവിന്‍റെ മനസ്സില്‍ അസ്വസ്ഥമായ ഒരു കടലിളകി കൊണ്ടിരുന്നു...
******
അനു-സര്‍..ഇതേതാ ഈ 'ശാന്തി പറഞ്ഞ കഥ'. പുതിയതാ? നന്ദന്‍റെ പുസ്തകകെട്ടുകള്‍ക്കിടയില്‍ നിന്ന് അനു ചോദിച്ചു.
നന്ദന്‍- അ..അതോ..അത് പുതിയതൊന്നുമല്ല. അതാദ്യകാലത്ത് പ്രസിദ്ധീകരിച്ചതാ..പക്ഷെ സമാഹാരത്തില്‍ ഉള്‍പെടുത്തിയിട്ടില്ലാന്ന് മാത്രം.
അനു- ഞാനിതെടുത്തോട്ടെ.?വായിച്ചിട്ട് കൊണ്ട് തരാം..
നന്ദന്‍-ആ..എടുക്കുന്നതൊക്കെ കൊള്ളാം..അവസാനം കുട്ടിയുടെ മമ്മിയും, പപ്പയും വന്ന് എന്‍റെ കഥ കഴിക്കരുത്..മോള്‍ടെ പഠിത്തം
മോശമാക്കി എന്നും പറഞ്ഞ്!
അനു-ഏയ്.. അതെന്തായാലും ഉണ്ടാവില്ല..അനു തല താഴ്ത്തി..അനുവിന്‍റെ ശബ്ദം നേര്‍ത്തതാകുന്നത് നന്ദനറിഞ്ഞു.
നന്ദന്‍-എന്ത് പറ്റി കുട്ടി?
അനു-ഏയ് ഒന്നുമില്ല സാര്‍..ഞാന്‍ പോവ്വാ..അനു നടന്നു..പിന്നെ തിരിഞ്ഞു നിന്ന് പറഞ്ഞു..ആ..പിന്നെയ്..അടുത്താഴ്ച ഞാനിവിടെ ഉണ്ടാവില്ല.
നാട്ടില്‍ പോവ്വാ.തിരിച്ച് വരുമ്പഴേ തരത്തുള്ളൂ..
നന്ദന്‍-ഓ അങ്ങനെയാവട്ടെ.
*****
മദര്‍: കുട്ടീ..നിന്‍റെ പഠിത്തമൊക്കെ എങ്ങനെ പോകുന്നു?
അനു- നന്നായിരിക്കുന്നു മദര്‍.
മദര്‍-ഇവിടെ വന്നു പെട്ട കുട്ടികളില്‍ പഠിക്കാന്‍ ഏറ്റവും മിടുക്കിയാ നീ. അതുകൊണ്ട് ശ്രദ്ധിച്ച് പഠിച്ച് നന്നായി വരണം.
മദര്‍ എപ്പോഴും പറയാറുള്ളതാണിത്..എങ്കിലുമെന്തോ അനുവിന് ഇപ്പൊഴും മദര്‍ സം‌സാരിക്കുന്നത് കേള്‍ക്കാന്‍ ഇഷ്ടമാണ്.
കാണാനും നല്ല സുന്ദരിയാണ് മദര്‍. പലപ്പോഴും, മദര്‍ എന്തുകൊണ്ട് ഈ വഴി തിരഞ്ഞെടുത്തു എന്ന് ചിന്തിച്ചിട്ടുണ്ട്..പക്ഷെ ചോദിക്കാന്‍ തോന്നിയിട്ടില്ല. ..

അനു അവിടെയൊക്കെ ചുറ്റി നടന്നു. അള്‍ത്താരയിലെ രൂപങ്ങളില്‍ വിരലുകളോടിച്ചു കൊണ്ട്, ഡോര്‍മിറ്ററിയുടെ വരാന്തയോട് ചേര്‍ന്ന് നില്‍ക്കുന്ന
ചെടികളോടും, പൂക്കളോടും വെറുതെ കുശലങ്ങള്‍ ചോദിച്ചു കൊണ്ട്..

ശാന്തി പറഞ്ഞ കഥ വായിച്ച് കഴിയാറായി. മനുഷ്യമനസ്സ് എത്ര വിചിത്രമാണ്..സ്വന്തം അസ്തിത്വം തേടുന്നവന്‍റെ ജീവിതസരണികള്‍,
അവന്‍റെ ചോദ്യങ്ങള്‍, സത്യത്തിന് അവന്‍ കല്‍പ്പിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍..എല്ലാം വിചിത്രമായി തോന്നി അനുവിന്..
****
അനു- ഹും..ദുബായിലെ ജീവിതം വെറുതെയല്ല മടുത്തത്!
നന്ദന്‍-ഹാ..കാന്താരി ഇതെപ്പൊ വന്നു?
അനു-ദാ..ഇപ്പൊ തന്നെ..ഹോസ്റ്റെലില്‍ പോയി. ഉടുപ്പ് മാറി ..നേരെ ഇങ്ങോട്ടോടി. മാധവിയമ്മ എവിടെ പോയി?
നന്ദന്‍-ഇന്ന് ഗീതായജ്ഞം..മൂപ്പരുടെ സെറ്റിലെ ആള്‍ക്കാര്‍ വന്ന് എടുത്തോണ്ട് പോയി.. ഇരിക്ക്..
നന്ദനും, അനുവും കല്‍പ്പടവില്‍ ഇരുന്നു.
അനു-അമ്മയില്ലാത്ത നേരം നോക്കി സിഗരറ്റ് വലിക്കുവാല്ലെ?ഉം...
നന്ദന്‍-ഇല്ല..വല്ലപ്പോഴുമൊക്കെ മാത്രം..
അനു- ഞാനൊരു സ്വകാര്യം ചോദിച്ചോട്ടെ?
നന്ദന്‍-ഇന്നെന്താ പതിവില്ലാതെ ഒരു മുഖവുര ? എനിവേ..ഗൊ അഹെഡ്.
അനു-സാറിന് ആ ശാന്തിയെ ഇഷ്ടമായിരുന്നൊ?
നന്ദന്‍-ഏത് ശാന്തി?..
അനു-'ശാന്തി പറഞ്ഞ കഥ'-യിലെ ..ദുബായില്‍ നടന്ന ആ കഥ സ്വന്തം അനുഭവമല്ലെ?
നന്ദന്‍- ഈ കുട്ടി...!!? ഇതെന്താ ഇപ്പൊ അങ്ങനെ ഒരു ചോദ്യം? അതൊക്കെ കഥയല്ലെ കുട്ടി. ഓരോ തമാശകള്‍..
അനു-അത് പറ്റില്ല. അങ്ങനെ പറഞ്ഞ് ഒഴിയാനൊക്കില്ല.
നന്ദന്‍-എന്‍റെ മകളാവാനുള്ള പ്രായമേ കുട്ടിക്കുള്ളൂ. അപ്പൊ ഇങ്ങനെയൊക്കെ ചോദിക്കാമോ?
അനു- ഞാന്‍ ഒരു കഥാകാരനോടാണ് ചോദിക്കുന്നത്. അപ്പൊ പ്രായമൊക്കെ ഒരു പ്രശ്നമാണോ?
'അനന്തരാവകാശി' യില്‍ ഇതിനും അപ്പുറത്തുള്ളതൊക്കെ അച്ഛനും മകനും ഡിസ്കസ് ചെയ്യുന്നുണ്ടല്ലൊ?
നന്ദന്‍-കുട്ടിയോടിപ്പൊ എന്താ പറയുക..
അനു-സത്യം..അനുവിന്‍റെ മുഖം ഒരു ദാര്‍ശനികയുടേത് പോലെ തിളങ്ങി.
നന്ദന്‍-സ്നേഹമായിരുന്നോ അത് അറിയില്ല...ഒരു തരം കൌതുകമായിരുന്നു..ആ ശരീരത്തിനോട്, ആ മനസ്സിനോട്..അറിയാനുള്ള ഒരു തരം കൌതുകം..
ഒരു പക്ഷെ..തെറ്റായുള്ള ഒരു ആവേശം...
അനു-ഓഫീസില്‍ ഒരു ടേബിളിനപ്പുറമിരിക്കുന്ന സുന്ദരിയായ, നിനക്ക് വലിയ വോള്‍ടേജാണെന്ന് പറയാറുള്ള ഫിലിപ്പീനയേക്കാള്‍ എന്ത് പ്രത്യേകതയാ
വെറുമൊരു വെയിറ്റ്റെസ്സിനോട് തോന്നിയത്? ഉം? ..അത് ആ കഥയില്‍ പറയുന്നില്ല. അതൊരു മൈനസ് പോയിന്‍റ് തന്നെ..അനു ലേശം തമാശ കലര്‍ത്തി പറഞ്ഞു.
നന്ദന്‍-കഥയ്ക്കെന്തിന് ജഡ്ജ്മെന്‍റ്?
അനു-എന്തൊക്കെ പറഞ്ഞാലും കഥാകാരന് വായനക്കാരോട് ഒരു തരം കമിറ്റ്മെന്‍റ് ഉണ്ട്.
നന്ദന്‍-എനിക്കതില്‍ വിശ്വാസമില്ല. പിന്നെ കാരണങ്ങള്‍..അത് അങ്ങനെ എളുപ്പം പറയാവുന്നതും, എളുപ്പം മനസ്സിലാക്കാവുന്നതും അല്ല.
നന്ദന്‍ അല്‍പം വികാരധീനനായി. അത് ജന്‍മജന്‍മാന്തരങ്ങളായി മനസ്സിന്‍റെ സങ്കേതങ്ങളില്‍ ഉള്ള വാസനയുടെ ഫലമാണ്. അങ്ങനെയൊക്കെയെ പറയാനൊക്കൂ.
അനു-അങ്ങനെ കടിച്ചാപൊട്ടാത്തതൊക്കെ പറഞ്ഞൊഴിയാനൊക്കൂല..അനു കളിയില്‍ അലം കാര്യം കൂടി കലര്‍ത്തി പറഞ്ഞു.
നന്ദന്‍- ഞാന്‍ എന്തിനങ്ങനെ ചെയ്യണം? നന്ദന്‍റെ ശബ്ദം അല്‍പം വിറച്ചു.
അനു -അങ്ങനെ അറിയാനുള്ള കൌതുകമായിരുന്നെങ്കില്‍.. അന്ന്.. മനോഹരമായ ആ സന്ധ്യയില്‍..അവരുടെ തോളത്ത് വച്ച കൈ എന്തിന് തിരിച്ചെടുത്തു?
അതും സമ്മതപൂര്‍`വ്വം കണ്ണുകളടച്ച ഒരു സ്ത്രീയുടെ തോളത്ത് നിന്ന്?
നന്ദന്‍ അനുവിന്‍റെ കണ്ണുകളിലേക്ക് സൂക്ഷിച്ച് നോക്കി..ഒന്നും മിണ്ടാതെ..
അനു-അപ്പൊ എനിക്ക് തോന്നുന്നു അത് പ്രണയമായിരുന്നെന്ന്..എന്താ ശരിയല്ലെ?
നന്ദന്‍- എനിക്കറിയില്ല കുട്ടീ..
നന്ദന്‍ കല്‍പടവില്‍ നിന്നുമെഴുന്നേറ്റു..
അനു- സര്‍..ഞാന്‍ സാറിനെ ഡിസ്റ്റര്‍ബ് ചെയ്തോ?
-ഏയ് ഇല്ല..നന്ദന്‍ അനുവിന്‍റെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു.
******
നന്ദന്‍ ജനാലകള്‍ തുറന്നിട്ട് വെറുതെ പുറത്തേക്ക് നോക്കികൊണ്ടിരുന്നു..വര്‍ഷങ്ങളെത്ര കഴിഞ്ഞിരിക്കുന്നു..എന്നിട്ടും ഇന്നും സ്മരണകള്‍ മണക്കുന്നു..
കഥയ്ക്കപ്പുറം നില്‍ക്കുന്ന കഥാപാത്രങ്ങള്‍! എന്തൊക്കെ നേടിയാലും ചിലപ്പോള്‍ തോന്നും, ജീവിതം വെറുമൊരു തോല്‍ വിയാണെന്ന്. പരാജയങ്ങള്‍
എല്ലാ ജയങ്ങളേയും അതിജീവിച്ച് ഒരു ചക്രവര്‍ത്തിയായി നില്‍ക്കുന്നു. രസകരം തന്നെ..
മൂന്നിലും,നാലിലും പഠിക്കുമ്പോള്‍ ആഗ്രഹിച്ച ടോയ് കാറുകള്‍ ..അത് കിട്ടിയത് 21-ആം വയസ്സില്‍..എന്നോ കളഞ്ഞ് പോയ ആ കൊച്ചു കുട്ടിയുടെ
ധന്യ നിമിഷം മനസ്സില്‍ ഓര്‍ത്തെടുത്തനുഭവിക്കാന്‍ നടത്തിയ വിഡ്ഢിത്തം..
ഒരു നോട്ടത്തിന്, ഒരു വാക്കിന് വേണ്ടി ദാഹിച്ച് നിന്നത്..വര്‍ഷങ്ങള്‍ക്കപ്പുറം,സിം‌ഗപ്പൂരിലെ രാത്രിയുറങ്ങാത്ത ഗേയ് ലാങ്ങ് തെരുവില്‍
കൂട്ടുകാരിക്ക് പാസ്സ് മാറ്റിക്കിട്ടാന്‍ 200 ഡോള്ളറിന് വേണ്ടി തന്‍റെ തോളുരുമ്മി നടന്നവളില്‍, നഷടപ്പെട്ട ദാഹമഭിനയിച്ച് ഫലിപ്പിക്കാന്‍ ശ്രമിച്ചത്...
അങ്ങനെ അങ്ങനെ...കാലം തെറ്റി കിട്ടിയ പലതും..തെറ്റിയ കാലത്തും കിട്ടാത്ത പലതും..
ആ കുട്ടി എന്നെ പലതും ഓര്‍മിപ്പിച്ചു..വെള്ളിയാഴ്ച രാത്രികളില്‍ താടി വച്ച കൂട്ടങ്ങള്‍ ഛര്‍ദ്ദിക്കുന്ന നിരൂപണങ്ങള്‍ക്കെത്താന്‍ കഴിയാത്തത്
ഒരു കൊച്ച് കുട്ടി മനസ്സിലാക്കുമ്പോള്‍ ഏതോ പൂര്‍ വ്വ ജന്‍മബന്ധം പോലെ ഹ്റ്ദയം ഊഷ്മളമാകുന്നു..
ഇക്കാലത്ത് നല്ല സാഹിത്യവാസനയുള്ളവര്‍ തന്നെ വിരളം..അച്ഛനോ, അമ്മയോ മറ്റോ സഹ്ര്ദയരായിരിക്കാം!

****
ഇവിടെ ഈ കടല്‍ നോക്കിയിരിക്കുമ്പോള്‍ മനസ്സ് ശാന്തമാകും അല്ലെ..ശാന്തി ? ദുബായിലെ എന്‍റെ ഏറ്റവും അടുത്ത ഫ്രണ്ട് ഈ കടലാണ്..
ശാന്തി -ഉം..പിന്നെ..ഇന്നലെ കോടതി വിധി വന്നു.
നന്ദന്‍-ഉം..എന്തായി?
ശാന്തി- എന്താവാന്‍; പ്രതീക്ഷിച്ചത് പോലെ തന്നെ നിയമപരമായി വേര്‍പിരിഞ്ഞു..
നന്ദന്‍-ഇനിയെന്താ?
ശാന്തി-ഇനി അയാള്‍ക്ക് തോന്നിയ പോലെ ജീവിക്കാം. അത് തന്നെ..
നന്ദന്‍-അതല്ല..തന്‍റെ പ്ലാന്‍?
ശാന്തി- ഇത്രയും കാലം ജീവിച്ചില്ലേ, അതുപോലെ തന്നെ ഇനിയും..ശാന്തി ഒന്ന് നിശ്വസിച്ചു.
നന്ദന്‍ -വീണ്ടും ഒരു വിവാഹം?
ശാന്തി-ഹഹഹ..ഇതാ പറയുന്നേ താനിപ്പോഴും 17 ആം നൂറ്റാണ്ടിലാണെന്ന്..എടോ ഇത്ര യാഥാര്‍ത്ഥ്യ ബോധമില്ലാതെ ചിന്തിക്കാന്‍ തനിക്ക് മാത്രമേ കഴിയൂ..
സാഹിത്യകാരനാത്രെ..ശാന്തി കളിയാക്കി ചിരിച്ചു.
നന്ദന്‍- ഞാന്‍ തന്നെ...പറഞ്ഞു തുടങ്ങും മുന്‍പ് ശാന്തി കൈ കൊണ്ട് നന്ദന്‍റെ ചുണ്ടുകള്‍ പൊത്തി..
കലങ്ങി തുടങ്ങിയ കണ്ണുകള്‍ നന്ദന്‍ കാണാതിരിക്കാന്‍ ശാന്തി മുഖം തിരിച്ചു. കുറച്ച് നേരത്തേക്ക് അവരൊന്നും പറഞ്ഞില്ല...
നന്ദന്‍- ബട്ട്..വൈ?
ശാന്തി -താനൊന്ന് പോടോ..വാ നമുക്ക് തിരിച്ച് പോവാം. എനിക്ക് ഡ്യൂട്ടിയുണ്ട്..
നന്ദന്‍-ഒരു നിമിഷം..ഞാന്‍ ഇപ്പൊ ഈ കടലിലേക്ക് നടന്നങ്ങ് പോയാല്‍..
ശാന്തി- ഹാ പിന്നെ..ഞാന്‍ തന്നെ പോലെ ആത്മഹത്യ ചെയ്യാന്‍ നടക്കുവല്ലെ..ഞാന്‍ ജീവിക്കും..എനിക്ക് വേണ്ടിയല്ല..എന്‍റെ മോള്‍ക്ക് വേണ്ടി..
നിമിഷാര്‍ദ്ധം കൊണ്ട് ശാന്തിയുടെ മുഖം, ഒരു യോദ്ധാവിന്‍റെ സ്ഥൈര്യം നിറഞ്ഞ വിരക്തി പൂണ്ടു. മറ്റാരും വേണ്ടെനിക്ക്..ആരും..

നന്ദാ..വാ..ഭക്ഷണം കഴിക്കാം..അകത്ത് നിന്ന് അമ്മ വിളിച്ചു..
*****
നന്ദന്‍-ആ മോളെ, അടുത്ത ആഴ്ചയല്ലെ മത്സരം? ഓള്‍ ദ ബെസ്റ്റ്സ്..
അനു- സാര്‍ വരണം കേട്ടോ..
നന്ദന്‍-അതല്ലെ പ്രശ്നം..എനിക്ക് ഡെല്‍ഹിയില്‍ ഒരു ക്യാമ്പുണ്ട്..കുറേ ഫോറിന്‍ ഡെലിഗേറ്റ്സ് ഒക്കെ വരുന്ന ഒരു ക്യാമ്പ്.
അനു -അയ്യോ..സാറില്ലെങ്കില്‍ ഒരു സുഖവുമുണ്ടാവില്ല..അനു ഒരു കൊച്ചു കുട്ടിയെ പോലെ ചുണ്ടുകള്‍ മേല്‍പോട്ടാക്കി.
നന്ദന്‍ - ഞാനില്ലെങ്കിലെന്താ? നാടകം തകര്‍ക്കണം. എനിക്ക് പോവാതെ പറ്റില്ല..ഇങ്ങനെ ഓരോ ജാടകള്‍ അല്ലാതെ വേറെ ഒന്നുമില്ലേയ് ഈ ജീവിതത്തില്‍ ..
അനു -ഉം..നോ സെന്‍റി...ഞാന്‍ ഒരു ഐഡിയ പറയാം..സാറെന്നെ ദത്തെടുത്തോളൂ..എനിക്കും അങ്ങനെ പറയത്തക്ക ആരുമില്ല..
നന്ദന്‍ ഒരു ഞെട്ടലില്‍ നിന്നുണര്‍ന്ന് പറഞ്ഞു..ഏയ്..മോള്‍ടെ ..അച്ഛനും അമ്മയുമൊക്കെ സ്ടേറ്റ്സിലെവിടെയോ ആണെന്ന് പറഞ്ഞിട്ട്..
അനു- ഓ..അതൊക്കെ വെറും പുളു..ചുമ്മാ..അവരൊക്കെ.. സ്ടേറ്റ്സിനും ദൂരെയാ..ഒരുപാട് ഒരുപാട് ദൂരെ..
നന്ദന്‍-മോളപ്പൊ ഈ...നന്ദന്‍റെ കണ്ണുകള്‍ ഈറനായി..
അനു -ഊഹും..എഗയ് ന്‍.സെന്‍റി.?.കഥയൊക്കെ ഞാന്‍ പിന്നെ വിശദമായി പറയാം..ഇപ്പൊ ഞാന്‍ പോട്ടെ..അവിടെ അവളുമാര്‍
എന്നെ കാത്തിരിക്കുന്നുണ്ടാകും..നാടകം പ്രാക്റ്റീസ് ചെയ്യാന്‍..അപ്പൊ ഡെല്‍ഹി ക്യാമ്പൊക്കെ കഴിഞ്ഞ് വരൂ..ഞാനിവിടൊക്കെ തന്നെ ഉണ്ടാകും..
മുഖം താഴോട്ട് പിടിച്ച് അനു ഇറങ്ങി പോയി..
******
നന്ദന്‍-ഹൊ..ഈ ഡെല്‍ഹീലെന്നൊക്കെ പറഞ്ഞാ എന്‍റെ മാധവിയമ്മേ എന്തൊരു തണുപ്പാ..എയ്..ഇതെവിടെ പോയി..മാധവിയമ്മേ..മാധവിയമ്മേ...
ആഹ..വാതിലൊക്കെ തുറന്നിട്ട് ത്റ്സന്ധ്യനേരത്ത് പത്രാസില്‍ കട്ടിലില്‍ കേറി കിടക്കുകയാ..? അമ്മേ..അമ്മെ..നന്ദന്‍റെ കൈതലം വിറച്ചു..ഈശ്വരാ..
******
അനു-സര്‍..ഞാന്‍ വന്നിരുന്നു...അമ്മ..
നന്ദന്‍-ഉം പുനരപി ജനനം പുനരപി മരണം..എന്നാലും തീര്‍ത്തും ഒറ്റക്കായി..നന്ദന്‍ കയ്യാലയിലെ തൂണില്‍ തല ചേര്‍ത്ത് വച്ചു.
അനു-സാര്‍!ഇങ്ങനെ ഒറ്റക്കിരുന്നാല്‍ വെറുതെ ഗ്ലൂമിയായി ഇരിക്കും..വരൂ..ഞാന്‍ നല്ല ഒരു ചായ ഇട്ടു തരാം..
അനു- ആഹ..സാറിപ്പൊ അമ്മയുടെ മുറിയിലാണോ കിടപ്പ്?
നന്ദന്‍-ആ..ആരുമില്ലാന്ന് തോന്നാതിരിക്കാന്‍..

നന്ദന്‍- കുട്ടി വന്നതേതായാലും നന്നായി..ഞാന്‍ എന്‍റെ മുറിയിലെ സാധനങ്ങളെല്ലാം ഇങ്ങോട്ട് മാറ്റുകയായിരുന്നു..
കുറേ നേരം കഴിഞ്ഞപ്പൊ ബോറടിച്ചു..അപ്പൊഴാ കയ്യാലയില്‍ ചെന്നിരുന്നത്..ഇനീപ്പൊ എന്തായാലും വീണ്ടും തുടങ്ങാം..
വാ..നമുക്കാ ടേബിളും, അലമാരിയും ഇങ്ങോട്ട് മാറ്റിയിടണം..ഞാനൊരു സ്റ്റൂളെടുത്തിട്ട് വരാം.കുട്ടി ഒരു കാര്യം ചെയ്യ്..
ആ കൊത്ത് പണികളുള്ള ചെറിയ പെട്ടിയെടുത്ത് ഇങ്ങോട്ട് മാറ്റി വച്ചേക്ക്..
നന്ദന്‍ അടുത്ത മുറിയിലേക്ക് പോയി..

നന്ദന്‍-ഏയ് കുട്ടീ..എന്തു പറ്റി? എന്താ വീണത്? അപ്പുറത്തെ മുറിയില്‍ നിന്ന് നന്ദന്‍ തിരക്കി.
അനു-ഏയ് ഒന്നുമില്ല സാര്‍..ഈ പെട്ടി എന്‍റെ കയ്യേന്ന് വീണതാണ്..

നന്ദന്‍ മുറിയിലേക്ക് വരുമ്പോള്‍ അനു മുട്ടുകുത്തി നില്‍ക്കുകയായിരുന്നു..ചുറ്റും പെട്ടിയില്‍ നിന്ന് തെറിച്ച് വീണ കടലാസ്സും മറ്റും കിടക്കുന്നുണ്ട്..
നന്ദന്‍ പിന്നില്‍ വന്ന് നിന്നിട്ടും അനു എഴുന്നേല്‍ക്കുകയോ, തിരിഞ്ഞ് നോക്കുകയോ ചെയ്തില്ല..

നന്ദന്‍-ഏയ് അനു.. എന്താ കുട്ടി..?
അനു-സാര്‍..ഈ ഫോട്ടോ..ഇതാരാ..?
നന്ദന്‍ -ഓ..ഇതോ..ഇത് താനന്ന് ചോദിച്ചില്ലെ..ശാന്തിയെ പറ്റി..അവരുടെ മകളുടെയാ....
അനു -സാറിന്‍ ഈ കുട്ടിയുടെ പേരറിയാമോ?
നന്ദന്‍ -ഉം ..ആന്‍ എന്നോ മറ്റോ ആണെന്നാണ് ഓര്‍മ്മ..
അല്‍പ നേരം അനു ഒന്നും മിണ്ടിയില്ല. നന്ദന് ഒരു തേങ്ങല്‍ മാത്രം കേള്‍ക്കാമായിരുന്നു..
നന്ദന്‍-എന്താ മോളെ? നന്ദന്‍ അനുവിന്‍റെ തോളില്‍ കൈ വച്ചു..
അനു തന്‍റെ മുഖം നന്ദന്‍റെ കൈ തണ്ടയോട് ചേര്‍ത്ത് വച്ചു..അനുവിന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി..അത് നന്ദന്‍റെ കയ്യിലൂടെ ഊര്‍ന്ന് താഴോട്ട് വീണു..
നന്ദന്‍-ഏയ്..എന്താ മോളെ ഇത്?..പറയൂ
അനു-സര്‍...ഇത്..ഞാനാ..ഞാനാ ഇത്..
നന്ദന്‍-അനൂ....
കരഞ്ഞു തളര്‍ന്ന ഒരു കൈകുഞ്ഞിനെ പോലെ അനു നന്ദന്‍റെ തോളില്‍ തല ചേര്‍ത്ത് വച്ച് ഉമ്മറപടിയില്‍ ഇരുന്നു...അകലേക്കെങ്ങോ നോക്കി...
മഴ തോര്‍ന്നെങ്കിലും ഈറന്‍ നില്‍ക്കുന്ന ആകാശം പോലെ നന്ദന്‍റെ കണ്ണുകള്‍!
എത്ര നേരം അങ്ങിനെ ഇരുന്നുവെന്ന് അവരറിഞ്ഞില്ല..

അനു-സാര്‍ ഞാന്‍ പോട്ടെ...
നന്ദന്‍- എവിടെ?..മോളിനിയെങ്ങും പോകുന്നില്ല..
അനു -സാര്‍..ഞാന്‍..
നന്ദന്‍ -മുന്‍പെന്നോട് പറഞ്ഞില്ലെ..ദത്തെടുത്തോളാന്‍...
അനു -അത്..
നന്ദന്‍-അതെ.. ഇനി എന്‍റെ മകളാ നീ..

ജന്‍മങ്ങളുടെ അകലങ്ങളില്‍ നിന്നും വന്ന ഒരു നനു നനുത്ത കാറ്റ് അവരുടെ മുഖത്ത് വീണു..സ്നേഹത്തിന്‍റെ ഒരു തലോടല്‍ പോലെ...

Monday, April 30, 2007

അപരിചിതര്‍...

എന്നും വരുന്ന ആ കുട്ടികള്‍ എവിടെ? വിജയലക്ഷ്മി ചിന്തിച്ചു.
ഈ നഗരത്തില്‍ എന്നും കാണാറുള്ള മുഖങ്ങള്‍ അവരുടേത്‌ മാത്രമാണ്‌.പ്രേമിക്കുന്നവര്‍ പാര്‍ക്കുകള്‍ ഇഷ്ടപെടുന്നവരായിരിക്കും. പക്ഷെ മറ്റു പല ആളുകളും വരുന്നതിനായതിനാല്‍ അതില്‍ ഒരു റിസ്ക്‌ ഫാക്ടര്‍ ഉണ്ട്‌. വിജയലക്ഷ്മി ആരോടെന്നില്ലാതെ വെറുതെ ചിരിച്ചു. പക്ഷെ അവര്‍ സാധാരണ ഇണക്കിളികളെ പോലെ അല്ലെന്നും തനിക്ക്‌ തോന്നിയിട്ടുണ്ട്‌. ഒന്നാമതായി അവര്‍ രണ്ടു പേരും വല്യ പണമുള്ളിടത്തു നിന്നാണ്‌ എന്നു കണ്ടിട്ട്‌ തോന്നുന്നില്ല. സാധാരണയായി താനിരിക്കുന്ന ബഞ്ചിന്റെ ഒരു ബഞ്ച്‌ മുന്നിലൂടെയാണ്‌ നടന്ന് പോകുക. ഒന്നും മിണ്ടാതെ, അവര്‍ എന്നും ഇരിക്കാരുള്ള കാറ്റാടി മരത്തിന്റെ അടുത്ത്‌ ഇരിക്കും. താനിരിക്കുന്ന ബഞ്ചിന്റെ മുന്നില്‍ രണ്ടാമത്‌ ബഞ്ച്‌ കഴിഞ്ഞാല്‍ ഒരു വളവാണ്‌. കോണ്‍ഷേപ്പിലുള്ള അക്വേറിയം ബില്‍ഡിങ്ങിന്റെ ഒരു ഭാഗം അതിനോട്‌ ചേര്‍ന്നാണ്‌. ആ ഭാഗം ഒരു അരമതില്‍ കെട്ടി വളച്ചിരിക്കുന്നു. അതിനടുത്താണ്‌ കാറ്റാടിമരം. അതിനു താഴെയായി രണ്ടു ചെറിയ പാറകള്‍ ഉണ്ട്‌. അതിലാണ്‌ ആ കുട്ടികളിരിക്കാറ്‌. ഈ ബഞ്ചിലിരുന്ന് നോക്കിയാല്‍ ഇരുവരേയും കാണാം. തോളോട്‌ തോള്‍ ചേര്‍ന്നിരിക്കും. പണ്ട്‌ താനും പപ്പേട്ടനും ഈ പാര്‍ക്കില്‍ വന്നങ്ങനെ ഇരിക്കാറുണ്ട്‌. പപ്പേട്ടന്‍ ഉണ്ടായിരുന്നപ്പോഴേതില്‍ നിന്ന് ഈ നഗരം എത്ര മാറി!, ടീച്ചര്‍ നെടുവീര്‍പ്പിട്ടു. ഏത്രയോ പേര്‍ വരുന്നു...എത്രയോ പേര്‍ പോകുന്നു...ചിലരെല്ലാം നേരത്തെ..ചിലരെല്ലാം കുറച്ച്‌ വൈകിയും...പപ്പേട്ടന്‍ പോയിട്ടിപ്പൊ അഞ്ച്‌ വര്‍ഷമായിരിക്കുന്നു...താന്‍ ഒറ്റക്കായിട്ടും...
*****
ടീച്ചറേ, മറ്റേ ഗേറ്റ്‌ വഴി തന്നെ പോണം. ഇവിടെ ഗേറ്റിന്റെ പണി ശകലം കൂടി ബാക്കിയുണ്ട്‌. വാച്ച്‌ മാന്‍ കുമാരനാണ്‌.
ഓ..ആയിക്കോട്ടെ. അപ്പൊ റിനോവേഷന്‍ കഴിഞ്ഞില്ലാലെടൊ..
പാര്‍ക്ക്‌ റിനോവേഷന്‍ കഴിഞ്ഞ്‌ ഇന്നലെ തുറന്നതേയുള്ളു. സാധാരണ, വീട്ടില്‍ നിന്നിറങ്ങി നടന്ന്, പാര്‍ക്കിന്റെ കിഴക്ക്‌ വശം സപ്ന തിയ്യേറ്ററിന്റെ മുന്നിലെ ഗേറ്റിലൂടെയാണ്‌ കടക്കുന്നത്‌. തിരിച്ചു പോകുമ്പോള്‍ പടിഞ്ഞാറ്‌ വശത്തെ ഗേറ്റ്‌ കടന്ന് വടക്കുന്നാഥന്റെ നടക്കലൊന്ന് തൊഴുത്‌, തിരിച്ച്‌ വീട്ടിലേക്ക്‌. വേറെ ആവശ്യങ്ങളില്ലെങ്കില്‍ എന്നും ഇതാണ്‌ പതിവ്‌. ഇതിപ്പൊ ഒരാഴ്ച കഴിഞ്ഞ്‌ ഇന്നാണ്‌ വരുന്നത്‌. കണ്ണിന്‌ ഒരു ഓപ്പറേഷന്‍. അതിനാല്‍ എല്ലാ പതിവും മുടങ്ങി. ഒരാഴ്ച രിനൊവേഷന്‍. കൃത്യം അതേ ഒരാഴ്ച ആശുപത്രിയില്‍. നല്ല കണക്ക്‌! ആരോടെന്നില്ലാതെ ടീച്ചര്‍ വെറുതെ ചിരിച്ചു. ഇരുട്ടി തുടങ്ങി. അധികം വൈകിയാല്‍, കാഴ്ചക്ക്‌ അത്ര ശക്തി പോര. ടീച്ചര്‍ നടത്തത്തിന്റെ വേഗം കൂട്ടി.
***
ടിംഗ്‌ ടൊങ്ങ്‌. പതിവ്‌ പോലെ ജാനു വന്ന് വാതില്‍ തുറന്നു. അകത്ത്‌ കയറി സോഫയില്‍ ഇരുന്നു. വേഗത്തില്‍ നടന്നത്‌ കൊണ്ടായിരിക്കാം, ഒരു ക്ഷീണം.
-ജാനൂ...ഒരു ചെറു നാരങ്ങ പിഴിഞ്ഞ്‌ വെള്ളമൊഴിച്ചു താ..
ശരിയെന്നാ..ജാനു പൊയ്ക്കൊ, നേരം വൈകണ്ട. ഗ്ലാസ്സില്‍ നിന്നും മുഖമുയര്‍ത്തി ടീച്ചര്‍ പറഞ്ഞു.
ചെറുതായി ക്ഷീണം തോന്നിയതിനാല്‍ നേരത്തെ കിടന്നു. പക്ഷെ ഉറക്കമാണെങ്കില്‍ വരുന്നുമില്ല. ആഭേദസ്മരണകള്‍ കയ്യിലുണ്ട്‌..പക്ഷെ വായിക്കാന്‍ തോന്നുന്നില്ല. വെറുതെ കണ്ണുകളടച്ച്‌ കിടന്നു.
ആ കുട്ടികള്‍ എവിടെ? സാധാരണ അവരെ കാണാതിരിക്കുന്നത്‌ വീക്കെന്‍ഡില്‍ കോളേജില്ലാത്തപ്പോഴാണ്‌. അല്ലാതെ ഇനി ഒരാള്‍ മുടങ്ങിയാലും മറ്റേയാള്‍ അവിടെയിരുന്ന് കുറേ കഴിഞ്ഞേ പോകാറുള്ളൂ.അല്ല..താനെന്തിനാ അവരെ പറ്റി ചിന്തിച്ച്‌ ഉറങ്ങാതിരിക്കുന്നത്‌?ടീച്ചര്‍ സ്വയം പറഞ്ഞു. അവരാരാണെന്നോ, എന്താണെന്നോ ഒന്നുമറിയില്ല. തന്റെ മുന്നിലൂടെ കടന്നു പോകുമ്പോള്‍, കണ്ടിട്ടുള്ളത്‌ കൊണ്ടോ, എന്തോ ഒരു പരിചയഭാവം കാണും മുഖത്ത്‌. അത്ര തന്നെ..പക്ഷേ..എന്നാലും എവിടെ പോയി? നാളെ കാണുമായിരിക്കും. ടീച്ചര്‍ ഒന്നു ദീര്‍ഘമായി നിശ്വസിച്ചു.
*****
എന്നും ഒരേ വാര്‍ത്ത തന്നെ.ഇതിപ്പൊ രണ്ടാഴ്ച്‌ മുന്‍പും കണ്ടതാണല്ലോ! സ്മാര്‍ട്ട്‌ സിറ്റി, സ്മാര്‍ട്ട്‌ സിറ്റി!..ഹും..ഇന്ത്യ പരമ്പരയിലെ രണ്ടാമത്തെ കളിയും തോറ്റു..ആകെ വ്യത്യസ്ഥതയുള്ളത്‌ മരണപേജില്‍ മാത്രം!-പാല്‍.. ടീച്ചര്‍ കണ്ണുയര്‍ത്തി നോക്കി.മുന്നില്‍ പാല്‍കുപ്പിയുമായി സുരേഷ്‌. 8-ം ക്ലാസ്സില്‍ പഠിക്കുന്ന ഒരു വാല്‌ പയ്യന്‍. പാല്‍കുപ്പിയില്‍ താളം പിടിച്ചാണ്‌ നില്‍പ്പ്‌.
-ഇന്നാ..ടീച്ചര്‍ കുപ്പി തിരിച്ച്‌ കൊടുത്തു. തിരിഞ്ഞ്‌ നടക്കുമ്പോള്‍ എന്തോ ഓര്‍ത്ത്‌ ടീച്ചര്‍ തിരിഞ്ഞ്‌ നിന്ന് വിളിച്ചു.
-ടാ സുരേഷേ..
-ഹും..എന്താ?
-നിനക്കൊരു ചേച്ചിയില്ലെ?
-എനിക്കൊന്നല്ല രണ്ട്‌ ചേച്ചിമാരുണ്ട്‌.
-ഓ.ടീച്ചര്‍ പറഞ്ഞു..അതല്ലെടാ..കോളേജില്‍ പഠിക്കുന്നത്‌. മൂത്തവള്‍ നേരത്തെ കല്യാണം കഴിഞ്ഞ്‌ പോയതല്ലെ.
-ങ്ങും.രേഷ്മ..(എന്തേ? എന്ന ചോദ്യഭാവത്തില്‍ സുരേഷ്‌.)
-ഇപ്പൊ അവള്‍ക്ക്‌ കോളേജുണ്ടൊ?
-ഇണ്ട്‌..എന്താ?
-ഏയ്‌..ഒന്നൂല്യ..ഞാന്‍..ആ..വെറുതെ ചോദിച്ചതാ..
കോളേജുണ്ടല്ലൊ..പിന്നെവിടെ പോയതായിരിക്കും? പത്രത്തിലൂടെ നോക്കുന്നുണ്ടെങ്കിലും ടീച്ചറുടെ മനസ്സ്‌ ആകെ ചിന്തയിലായിരുന്നു..
****
ര്‍`ണിം..ര്‍`ണിം..ടെലിഫോണ്‍ അടിച്ചു." ഞാന്‍ പതുക്കെ എഴുന്നേറ്റ്‌ വരുമ്പഴേക്കും അത്‌ കട്ടാകും..ജാനൂ..അതിങ്ങെടുക്ക്‌.." ജാനു കോഡ്‌ലെസ്സുമായി വന്നു.
-ഹലോ?
-നമസ്കാരം ടീച്ചറേ. ഞാന്‍ സ്വാമിജിയുടെ കയ്യില്‍ കൊടുക്കാം. അഭേദാനന്ദാശ്രമത്തില്‍ നിന്നും മുരുകനാണ്‌.-നമസ്കാരം ടീച്ചര്‍..
-നമസ്കാരം സ്വാമിജി.
- ഞാന്‍ വിളിച്ച്‌ ബുദ്ധിമുട്ടിച്ചോ? ആട്ടെ കണ്ണിനിപ്പോ എങ്ങനുണ്ട്‌?
- കുഴപ്പമില്ല സ്വാമി. പിന്നെ നൂറ്‌ ശതമാനം നേരെയാവൊന്നുല്യ..വയസ്സിത്ര ആയില്ലെ?
- എല്ലാം ശരിയാവും. പിന്നെ ഇപ്പൊ വിളിച്ചത്‌ ടീച്ചറെ ഒന്നുകൂടി ഓര്‍മ്മിപ്പിക്കാനാണ്‌. നമ്മുടെ അന്നദാനമണ്ഡപത്തിന്റെ കാര്യത്തില്‍..
- ഓര്‍മ്മയുണ്ട്‌ സ്വാമി. ഞാന്‍ വേഗം ശരിയാക്കാം. അത്‌ ഞാന്‍ അന്ന് പറഞ്ഞത്‌ പോലെ ആ സ്ഥലം വിറ്റ്‌ കിട്ടിയാലുടനെ മനസ്സില്‍ വിചാരിച്ച പോലെ അത്‌ ഞാനെത്തിക്കാം. കഴിഞ്ഞാഴ്ച ഹോസ്പിറ്റലിലും മറ്റുമായി..
-അറിയാം അറിയാം..ഞാന്‍ എല്ലാവരേയും വിളിച്ചൊന്ന് ഓര്‍മ്മിപ്പിക്കുന്നുവെന്നേയുള്ളൂ. പിന്നെ അടുത്താഴ്ച സത്സംഗത്തിന്‌ വരണം. വിശ്വനാഥപൈയുടെ ടോക്കുണ്ട്‌..
-ശരി സ്വാമി..ഫോണ്‍ കട്ടായി..
ഇപ്പ്പൊ തന്നെ വിളിച്ചേക്കാം.ജാനൂ..ആ ടെലിഫോണ്‍ ഇരിക്കുന്ന ടേബിളിന്റെ താഴത്തെ വലിപ്പില്‍ ഒരു ഡയറിയുണ്ട്‌. അതിങ്ങെടുത്ത്‌ താ..എവിട്യാ ഇതെഴുതിവച്ചത്‌. ഒരോര്‍മ്മയും കിട്ടുന്നില്ല. ഡയറിയുടെ പേജുകള്‍ തിരയുമ്പോള്‍ ടീച്ചര്‍ സ്വയം പറഞ്ഞു. ഈയിടെയായി ഓര്‍മ്മ തീരെ കുറഞ്ഞിരിക്കുന്നു. കണ്ണിനു മാത്രമല്ല..തലക്കും കൂടി ഓപ്പറേഷന്‍ വേണ്ടി വരുമ്ന്നാ തോന്നണത്‌. ഹാവൂ..ടീച്ചറുടെ വിരല്‍ ബട്ടണുകളിലമര്‍ന്നു. ങും.ങും.'നിങ്ങള്‍ വിളിച്ച നമ്പര്‍ ഇപ്പോള്‍ സ്വിച്ച്‌ ഓഫ്‌...' അത്‌ മുഴുമിപ്പിക്കാന്‍ കാത്ത്‌ നില്‍ക്കാതെ ടീച്ചര്‍ കട്ട്‌ ചെയ്തു.
******
-അമ്മായീ...അമ്മായിക്ക്‌ എന്നോട്‌ ഇത്ര സ്നേഹല്ല്യാണ്ട്‌ പോയല്ലൊ? ഒരാഴ്ച ആസ്പത്രീല്‌ കെടന്നിട്ട്‌ എന്നെ ഒന്നറിയിക്കാന്‍ തോന്നീല്യല്ലൊ..മിനിഞ്ഞാന്ന് തെക്കേതിലെ നേഴ്‌സ്‌ ത്രേസ്യാമേനെ കണ്ടപ്പഴാ അമ്മായി അവര്‍ടെ ആസ്പത്രീല്‌ കെടന്നിരുന്നൂന്ന് അറിഞ്ഞെ..അമ്മായി ആകങ്ങട്‌ ക്ഷീണിച്ചു.
- ഓ സാരല്ല്യ ഗിരിജേ..അതത്രക്ക്‌ വല്യ ഓപെറേഷനൊന്നുമല്ല. രണ്ട്‌ ദിവസം കൊണ്ട്‌ തീരാവുന്നതേണ്ടാര്‌ന്നുള്ളൂ. പപ്പേട്ടന്റെ കൂട്ടുകാരനായത്‌ കൊണ്ട്‌, ആ തോമസ്‌ ഡോക്ടര്‍, ഒരാഴ്ച കിടന്ന്‌ട്ട്‌ പോയാമതീന്ന് പറഞ്ഞു..അത്രേ ഉള്ളൂ..
- അമ്മായീനെ ഞാന്‍ എത്ര തവണ വിളിച്ചൂന്നാ..
(എന്തിനാ ഗിരിജേ ഈ നുണ..നിന്നെയെനിക്കറിയാവുന്നതല്ലേ..ടീച്ചര്‍ മനസ്സില്‍ വിചാരിച്ചു.)
-എന്നിട്ട്‌ വിളിച്ചിട്ട്‌ കിട്ടാഞ്ഞപ്പൊ, നീയെന്തേ ഒന്നന്വേഷിക്കാഞ്ഞേ? ടീച്ചര്‍ കളിയായി ചോദിച്ചു.
ഗിരിജ ആകെ വല്ലാണ്ടായി..
-അല്ല..അത്‌..പിന്നെ..ങാ..വല്ല ലൈന്‍ തകരാറേങ്ങാനുമാവുമ്ന്നാ കരുത്യേ..
(ങും..മിടുക്കി, നിന്റെ ഈ നാക്കില്ലായിരുന്നെങ്കില്‍, ഹൊ..താന്‍ ചിരിക്കുന്നത്‌ ഗിരിജ കാണാതിരിക്കാന്‍ ടീച്ചര്‍ മുഖം തിരിച്ചു).
*****
500/- രൂപയും വാങ്ങി മൂന്ന് മണിക്ക്‌ പോകുന്നത്‌ വരെ...ഹൊ..ഒരു ചെവിതല തന്നിട്ടില്ല്യ..ടീച്ചര്‍ ജാനുവിനോട്‌ പറഞ്ഞു.
-ടീച്ചര്‍ ഒന്നും മിണ്ടാണ്ട്‌ കേട്ടിരിക്കണോണ്ടാ..
-എന്തെങ്കിലും ആവട്ടേന്ന് വിചാരിച്ചിട്ടാ.. ഞാന്‍. പപ്പേട്ടന്റെ അകന്നതെങ്കിലും, ബന്ധത്തില്‌ന്ന് പറയാനുള്ള ഒരേ ഒരുവളാ..നല്ലതായാലും, ചീത്തയായാലും, ഈ കാണുന്നതിലുള്ള ഒരു പങ്ക്‌ എന്തായാലും അവള്‍ക്കുള്ളത്‌ തന്ന്യാ..പക്ഷെ അത്‌ എന്നെ തെക്കോട്ടെടുത്തിട്ടേ കിട്ടൂ...അല്ലെങ്കില്‍ തന്നെ ഞാന്‍ വേറെ ആര്‍ക്ക്‌ കൊടുക്കാനാ?ടീച്ചര്‍ മുന്നിലെ ജനലിലൂടെ റോഡിലേക്ക്‌ നോക്കി..ചൂടാറിതുടങ്ങുന്നതേയുള്ളൂ...റോഡ്‌ വിജനമായി തന്നെ..
****
പാര്‍ക്കിലേക്ക്‌ നടന്നു തുടങ്ങുമ്പോഴും, റോഡിലധികം തിരക്കില്ലായിരുന്നു. ടീച്ചര്‍ റോഡിന്റെ അരിക്‌ ചേര്‍ന്ന് നടന്നു. .ഇന്നാ കുട്ടികള്‍ വരുന്നുണ്ടാവോ?'ഗോകുല'ത്തിന്റെ ചിത്രപണികളുള്ള മതില്‌ തുടങ്ങി. ഗോകുലത്തിന്റെ അവിടെ എത്തുമ്പോള്‍ ശ്രീലക്ഷ്മി വരാറുള്ളതാ..ഇന്ന് ഞാന്‍ നേരത്തെയാണോ? ടീച്ചര്‍ വാച്ച്‌ നോക്കി. അല്ലല്ലൊ..വൈകിയിട്ടുമില്ല..
പീപി..പീപി..ആ..ശ്രീലക്ഷ്മിയുടെ ഹോണാണ്‌. ടീച്ചര്‍ ഗോകുലത്തിന്റെ മതിലിനോട്‌ ചേര്‍ന്ന് പറ്റി നിന്നു. അവിടെ വളവുണ്ടെന്നൊന്നുമില്ല്യാത്ത പോലെയാ അതെന്നും വരുന്നത്‌.
ഏയ്‌..അതാ ചെറുക്കനല്ലെ! ബസ്സിനുള്ളില്‍ ആ പരിചിത മുഖം. എന്താണെന്നറിയില്ല ഒരാശ്വാസം ടീച്ചര്‍ക്കനുഭവപ്പെട്ടു.
ബഞ്ചില്‍ ചെന്നിരുന്നിട്ടും ഇടയ്കിടെ ടീച്ചര്‍ ആ കാറ്റാടിമരത്തിലേക്ക്‌ നോക്കി കൊണ്ടിരുന്നു. കാണുന്നില്ലല്ലൊ! ഇനി വന്ന് കണ്ടാല്‍ എന്തായാലും അവരെ പറ്റി ചോദിക്കും. ടീച്ചര്‍ മനസ്സില്‍ കരുതി.
-ടീച്ചറിന്റെ പതിവ്‌ സമയം കഴിഞ്ഞല്ലൊ? ഇന്നിതെന്ത്‌ പറ്റി? (കുമാരനാ)
ചിന്തായില്‍ നിന്ന് ഞെട്ടിയുണര്‍ന്ന് ടീച്ചര്‍ പറഞ്ഞു..ഏയ്‌ ഒന്നൂല്ല്യ..
പടിഞ്ഞാറ്‌ വശത്തെ ഗേറ്റിന്റെ പണി പൂര്‍ത്തിയായി...നടന്ന് വടക്കുന്നാഥന്റെ മുന്നിലെത്തി, തൊഴുത്‌ തിരിച്ച്‌ നടന്നപ്പോഴാണ്‌ കണ്ടത്‌. അവിടെ കല്‍പടവുകളില്‍ ആരോ ഒരു ശിവനെ വരച്ച്‌ വച്ചിരിക്കുന്നു. ശിവന്റെ മുഖം മാത്രം. ആ മുഖത്തിന്റെ പകുതി വലുപ്പത്തിലുള്ള ചന്ദ്രക്കലയും! ശിരസ്സില്‍ നിന്നുമൊഴുകുന്ന ഗംഗ, അടുത്ത കല്ലുകളിലൊഴുകുന്ന പോലെ..മനസ്സിലാദ്യമായി ഒരു കണ്‍ഫ്യൂഷന്‍..പാര്‍വ്വതീ സമേതനായ ശിവന്‍ വേണോ..അതോ തിരുജടയില്‍ ഗംഗയെ ഒളിപ്പിച്ച ശിവന്‍ വേണോ? എന്തേ മന്‍സ്സിലിപ്പൊ ഇങ്ങനെ ഒരു വികൃതി? ടീച്ചര്‍ വയം ചോദിച്ചു..നിയമപരമായി പാര്‍വ്വതിയ്ക്കാണല്ലോ പ്രിഫെറന്‍സ്‌..അതിന്‌ കാമത്തില്‍ നിയമത്തിനെന്ത്‌ പ്രസക്തി!
അങ്ങനെയെങ്കില്‍ ഗംഗയെ കണ്ട്‌ പാര്‍വ്വതി പിണങ്ങി കാണണം..ശിവന്‍ പാര്‍വതിയെ ഉപേക്ഷിച്ച്‌ ഗംഗയെ എടുത്തും കാണും..ഏത്‌ കോളേജിലാണ്‌പഠിക്കുന്നതെന്നറിഞ്ഞിരുന്നെങ്കില്‍..അല്ലെങ്കില്‍ തന്നെ തനിക്കിതില്‍ എന്ത്‌ കാര്യം. രണ്ട്‌, മൂന്ന് ദിവസം കഴിഞ്ഞാല്‍ താനും മറക്കും ഇതൊക്കെ..
****
ഹും..മരുന്ന് കഴിഞ്ഞ്‌ കുറച്ച്‌ ദിവസമായി..കൊളെസ്റ്റ്രോള്‍ കണ്ട്രോളിലാണെന്നതിനാല്‍ നാളെ വാങ്ങാം, നാളെ വാങ്ങാം എന്ന് കരുതി മാറ്റി വച്ച്‌, മാറ്റി വച്ച്‌..എന്തായാലും നാളെ ജാനൂനെ വിട്ട്‌ വാങ്ങിപ്പിക്കാം. ഈയിടെയായി മറവി വളരെ കൂടുതലാ..അല്‍ഷിമേഴ്സാണോ തനിക്കും. ഈയടുത്താ ടീവിയില്‍ അതിനെ പറ്റിയുള്ള ഒരു സിനിമ കണ്ടത്‌..ഓര്‍ക്കാന്‍ കൂടി വയ്യ. ഓര്‍മ്മയുടെ കാര്യം പറാഞ്ഞപ്പോഴാ..ആ ശിവന്‍.കുട്ടിയെ വിളിച്ചില്ല. അന്ന് വിളിച്ചപ്പൊ സ്വിച്ച്ഡ്‌ ഓഫ്‌ ആയിരുന്നല്ലോ. ഇപ്പൊ തന്നെ വിളിച്ചേക്കാം..അല്ലെങ്കില്‍ ഇനിയും മറന്നാലോ..
- ഹലോ, ശിവങ്കുട്ടിയല്ലെ?- അതെ ഇതാരാണ്‌?
- ഞാനാടൊ..വിജയലക്ഷ്മി..
- അയ്യൊ ടീച്ചറായിരുന്നോ, ഞാന്‍ നമ്പറ്‌ ശ്രദ്ധിച്ചില്ല..ങാ..എന്താ ടീച്ചറേ ഈ രാത്രീല്‌?
- തന്നോടൊക്കെ ഒരു കാര്യം പറഞ്ഞിട്ട്‌..
-ഓര്‍മ്മയുണ്ട്‌ ടീച്ചറേ..പക്ഷെ ഇതു വരെ ഒന്നും ഒത്ത്‌ വന്നില്ല. അറിയാവുന്ന ബ്രോക്കര്‍മാരോടൊക്കെ പറഞ്ഞിട്ടുണ്ട്‌. പിന്നെ അതും പോരാഞ്ഞ്‌, ടീച്ചര്‍ ബ്രോക്കര്‍മാര്‍ക്ക്‌ കൊടുക്കാന്‍ തന്നേന്ന് എടുത്ത്‌ ഞാന്‍ പേപ്പറിലും കൊടുത്തിട്ടുണ്ട്‌. കഴിഞ്ഞ 27-ആം തിയ്യതിയില്‍ വന്നിരുന്നു. ഞാന്‍ ടീച്ചറിന്റെ നമ്പറും കൊടുത്തിട്ടുണ്ടായിരുന്നു..
- ങും..ശരി ശരി..എന്നാലും ഒന്ന് കൂടി ഉഷാറായി അന്വേഷിച്ച്‌ നോക്ക്‌ ശിവങ്കുട്ടി..
-ഹഹ..നോക്കാം ടീച്ചറേ..നോക്കാം.. ടീച്ചര്‍ ഫോണ്‍ കട്ട്‌ ചെയ്ത്‌ കട്ടിലില്‍ ചാരിയിരുന്നു. ഈ ശിവങ്കുട്ടിയും ഒരു വകയാ..എന്റെ സ്റ്റുഡന്റായിരുന്നു.. പഠിക്കുമ്പോ രാഷ്ട്രീയം പറഞ്ഞ്‌ നടന്നു. കോളേജീന്ന് പുറത്തിറങ്ങിയപ്പൊ..രാഷ്ട്രീയവുമില്ല..ജോലിയുമില്ല..ഇപ്പൊ ഇതു പോലെ പല പല പണിയും ചെയ്ത്‌ ജീവിക്കുന്നു. ഓരോ മനുഷ്യര്‍ ഓരോ തരം! ടീച്ചര്‍ തലയിണ ഒന്ന് കൂടി പൊന്തിച്ചു വച്ചു..
****
ഇന്ന് പപ്പേട്ടന്റെ അമ്മ മരിച്ച ദിവസമാ..രാവിലെ എഴുന്നേറ്റ്‌ കുട്ടങ്കുളങ്ങര അമ്പലത്തില്‍ പോയി അമ്മയ്ക്കായി പ്രാര്‍ത്ഥിക്കാറുണ്ട്‌. പപ്പേട്ടന്റെ തറവാട്‌ അമ്പലത്തിന്റെ തെക്ക്‌ വശത്തായിരുന്നു. തന്നെ കല്യാണം കഴിച്ചു കൊണ്ട്‌ വന്നത്‌ ആ വീട്ടിലേക്കായിരുന്നു. പിന്നീടാ അതൊക്കെ വിറ്റ്‌ ഇപ്പൊ ഇരിക്കുന്നിടത്തേക്ക്‌ വന്നത്‌..ടീച്ചര്‍ ഓര്‍ത്തു. തൊഴുത്‌ കാറില്‍ കയറി ആദ്യത്തെ വളവ്‌ തിരിയുമ്പൊഴാണ്‌ ടീച്ചര്‍ ആ ആണ്‍കുട്ടിയെ വീണ്ടും കണ്ടത്‌.. കാറിന്റെ എതിരെ നടന്ന് വരുന്നു..ഏയ്‌ ഒന്ന് നിര്‍ത്ത്‌. ടീച്ചര്‍ കാറില്‍ നിന്നും പുറത്തിറങ്ങി. തന്നെ കണ്ടോന്ന് ഉറപ്പില്ല..
ഏയ്‌ മോനെ...ടീച്ചര്‍ വിളിച്ചു..അവന്‍ തിരിഞ്ഞ്‌ നോക്കുന്നില്ലല്ലൊ..പാര്‍ക്കില്‍ വച്ചു കണ്ടാല്‍ ഒരു പരിചയഭാവമെങ്കിലും ഉണ്ടാവും മുഖത്ത്‌..എന്തെങ്കിലും ചോദിച്ചാലോ എന്ന് കരുതിയിട്ടായിരിക്കും ശ്രദ്ധിക്കാതെ പോയത്‌. ടീച്ചര്‍ രണ്ടടി വേഗത്തില്‍ നടന്ന് അവന്റെ തോളില്‍ കൈ വച്ചു..
അവന്‍ തിരിഞ്ഞ്‌ നിന്നു..മോനെ..ടീച്ചര്‍ക്ക്‌ എന്തു ചോദിക്കണമെന്നറിയാതെയായി..ഉം..മോനെവിടുത്തെയാ?
അ..അ..
- ടീച്ചര്‍ ഒന്ന് കൂടി ചോദ്യം ആവര്‍ത്തിച്ചു..
-അ..അ..അവന്‍ ആംഗ്യം കാണിച്ചു..അവന്‌ ചെവി കേള്‍ക്കാനും, സംസാരിക്കാനും ആവില്ല..ടീച്ചര്‍ ആകെ വല്ലാതായി..അവന്‍ കുറച്ച്‌ നേരം ഒന്നും മിണ്ടാന്‍ കഴിയാതെ നോക്കി നില്‍ക്കുന്ന ടീച്ചറെ നോക്കി നിന്നു..പിന്നെ നടന്ന് നീങ്ങി..
-ഇവിടടുത്തെങ്ങും ഉള്ളതല്ല..കണ്ട്‌ പരിചയം പോരാ..അമ്പലത്തിലെ വെളിച്ചപാടിന്റെ ശബ്ദം പിന്നില്‍..
-ങ്ങും...തിരിഞ്ഞ്‌ നോക്കാതെ ടീച്ചര്‍ ഒന്നു മൂളി..
******
ഈശ്വരാ..ആ കുട്ടിക്ക്‌ സംസാരിക്കാന്‍ കഴിയില്ലേ..അല്ല...ആ രണ്ട്‌ കുട്ടികളും !!!അവരെ ശ്രദ്ധിച്ച്‌ തുടങ്ങിയത്‌ മുതലുള്ള കാര്യങ്ങള്‍ ടീച്ചറുടെ മനസ്സിലൂടെ മിന്നി. ശരിയാ..അവര്‍ സംസാരിക്കുന്നത്‌ താനിത്‌ വരെ കണ്ടിട്ടില്ല. ആ പെണ്‍കുട്ടിക്കും സംസാരിക്കാന്‍ കഴിയില്ലെ? അവര്‍ പിണങ്ങിയത്‌ എന്തിനായിരിക്കാം..?കാര്‍ വീടിന്‌ മുന്നില്‍ വന്ന് നിന്നപ്പോഴാണ്‌ ടീച്ചര്‍ ചിന്തകളില്‍ നിന്ന് വേര്‍പെട്ടത്‌.ഇനി താനവരെ ഒരുമിച്ച്‌ കാണുമോ? അറിയില്ല..
*****
ണിം ണിം ..ഫോണ്‍ ബെല്ലടിച്ചു..ഓ സ്വാമിജിയായിരിക്കും. സോഫയിലിരുന്ന് കൈയ്യെത്തിച്ച്‌ ടീച്ചര്‍ ഫോണെടുത്തു.
-ഹലോ...2345348 അല്ലെ..
-അതെ..
-ങ്ങാ..ഞാന്‍ ഒരാഴ്ച മുന്‍പത്തെ പത്രത്തില്‍ വന്ന ഒരു ആഡ്‌ കണ്ട്‌ വിളിക്കുന്നതാ..ഒരു സ്ഥലം വീടടക്കം കൊടുക്കാനുണ്ട്‌ എന്നുള്ളത്‌..
-ങ്ങാ..ടീച്ചര്‍ പറഞ്ഞു.
-അതെനിക്ക്‌ നോക്കിയാല്‍ കൊള്ളാമെന്നുണ്ട്‌. എനിക്കും വീടുള്ളതാ വേണ്ടത്‌. 2500 സ്ക്വയര്‍ ഫീറ്റ്‌ എനിക്ക്‌ ചെറുതാ..എന്നാലും..
-അല്ല..അത്‌ 3250 സ്ക്വയര്‍ ഫീറ്റ്‌ ഉണ്ടല്ലൊ..
-ഉവ്വോ..പത്രത്തില്‍ പക്ഷെ 2500 എന്നാണല്ലൊ. എനിവേ..എനിക്ക്‌ എന്നാ ആ സ്ഥലം ഒന്ന് കാണാന്‍ പറ്റുക. നാളെയായാലോ?
-ഓ ശരി..ഒന്ന് വിളിച്ചിട്ട്‌ വന്നാല്‍ ഞാന്‍ ആരെയെങ്കിലും ഏര്‍പാടാക്കി നിര്‍ത്താം.
-ഒകേ..ഞാന്‍ നാളെ ഒരു 10 മണിക്ക്‌ വിളിക്കാം..
-ഒകേ..
ആ കുട്ടിയുടെ മുഖം മനസ്സില്‍ നിന്ന് മായുന്നില്ല..ടീച്ചര്‍ സോഫയില്‍ ഒന്ന് ചാഞ്ഞിരുന്നു..ഈ സ്ഥലം വിറ്റ്‌ പോയാല്‍ അതില്‍ നിന്ന് കുറച്ച്‌ പണം അവനെ കണ്ട്‌ പിടിച്ച്‌ കൊടുത്താലൊ? ഓപറേഷന്‍ എന്തെങ്കിലും ചെയ്താല്‍ സുഖപ്പെടുന്നതാണെങ്കില്‍...
-ആരായിരുന്നു ടീച്ചറെ ഫോണില്‍? ജാനു ചോദിച്ചു.അത്‌ പത്രത്തില്‍ ശിവങ്കുട്ടി കൊടുത്ത പരസ്യം കണ്ട്‌ വിളിച്ചതാ..ഒരു പുത്തന്‍ പണക്കാരന്‍..ഓ ..പിന്നെ ആ ശിവങ്കുട്ടിയുടെ കാര്യം പറയണ്ട..ഒരു കാര്യവും നേരെ ചൊവ്വെ ചെയ്യാനറിയില്ല, ഇപ്പൊഴും..3250 സ്ക്വയര്‍ ഫീറ്റ്‌ എന്ന് ഒരായിരം തവണ പറഞ്ഞിട്ടുള്ളതാ..എന്നിട്ടും ദേ 2500 സ്ക്വയര്‍ ഫീറ്റെന്ന് കൊടുത്തിരിക്കുന്നു. ഞാന്‍ ആശുപത്രിയിലായിരുന്നതിനാല്‍ നോക്കിയുമില്ല. എന്തായാലും ജാനൂ..ആ 27-ആം തിയ്യതിയിലെ പേപ്പറെടുത്തിട്ട്‌ വാ..
-ഹൊ..ഇപ്പഴത്തെ പിള്ളേരുടെ ഒരു കാര്യെ..വയ്യാണ്ട്‌ കിടക്കണ വീട്ടുകാരെ നോക്കാണ്ട്‌...ജാനു ടീച്ചറുടെ അടുത്തേക്ക്‌ നടന്ന് വന്നു..
- എന്താ ജാനൂ..പിറുപിറുക്കണേ?
-അല്ലാ..ഇപ്പൊഴത്തെ പിള്ളേരെ..ജാനു നിവര്‍ത്തി പിടിച്ചിരിക്കുന്ന പേജ്‌ ടീച്ചര്‍ക്ക്‌ നേരെ പിടിച്ചു.'യുവതിയും യുവാവും ആത്മഹത്യ ചെയ്ത നിലയില്‍. അയ്യന്തോള്‍ കളരിക്കല്‍ ശങ്കരന്റേയും,....
ടീച്ചറിന്റെ ശബ്ദമിടറി..കണ്ണുകളില്‍ നീറ്റലനുഭവപ്പെട്ടു..ടീച്ചര്‍ പേപ്പറില്‍ നിന്ന് മുഖം തിരിച്ചു.. ഈശ്വരാ..
ബാക്കി ജാനുവാണ്‌ വായിച്ചത്‌..
'...ആകെയുള്ള ഒരു ഇരട്ട സഹോദരന്‍ മനോജ്‌ ബധിരനും, മൂകനുമാണ്‌. തനിക്കുണ്ടായിരുന്ന ഗുരുതരമായ ഹൃദ്രോഗ്രം മാറ്റാന്‍ കഴിവില്ലാത്തതിനാലാവണം സനോജ്‌ ആത്മഹത്യ ചെയ്തതെന്ന് കരുതപെടുന്നു.മരിച്ച സുജയും, സനോജും തമ്മില്‍ പ്രണയത്തിലായിരുന്നു...'
******
നാല്‌ മണിയായല്ലൊ..ഈ ടീച്ചറിതെവിടെ? ഇന്നൊന്നും കഴിച്ചില്ലാന്ന് തോന്നുന്നു..മുറിയടഞ്ഞ്‌ കിടപ്പുണ്ട്‌. ഇങ്ങനെയുണ്ടായിട്ടില്ലല്ലൊ ഇതു വരെ..ജാനു പിറുപിറുത്ത്‌ കൊണ്ട്‌ ടീച്ചറിന്റെ മുറിയുടെ വാതിലില്‍ മുട്ടി. ടീച്ചര്‍ വാതില്‍ തുറന്നു..വീര്‍ത്തിരിക്കുന്ന കണ്ണുകള്‍, തടിച്ച കണ്ണടയ്ക്കുള്ളിലൂടെയെങ്കിലും കാണാം...
-ഒന്നും കഴിച്ചില്ലാന്ന് തോന്നുന്നു, ഇന്ന്?
- എനിക്ക്‌ വിശപ്പില്ല..ടീച്ചര്‍ ഒരു വിധം പറഞ്ഞൊപ്പിച്ചു.
-തിരിഞ്ഞ്‌ നടക്കാന്‍ പോകുമ്പോള്‍ ഒന്ന് നിന്ന് ജാനു വീണ്ടും ചോദിച്ചു..അല്ല..ഇന്ന് നടക്കാനും പോണില്ലേ?എങ്ങോട്ടെന്നില്ലാതെ നോക്കി കൊണ്ട്‌ ടീച്ചര്‍ പറഞ്ഞു..ഇല്ല..ഇനിയൊരിക്കലും..

*********

Wednesday, April 11, 2007

സാബ്രെ..


എന്റെ ഏതൊരു സാഹസികത നിറഞ്ഞ ദിവസത്തില്‍ വേണമായിരുന്നെങ്കിലും 'സാബ്രെ'യെ കണ്ടുമുട്ടുമായിരുന്നു. പക്ഷെ അതുണ്ടായത്‌ ഞാന്‍ ഇന്ത്യയിലേക്ക്‌ തിരിച്ചു പോയാലോ എന്നു ചിന്തിച്ച അന്നായിരുന്നു. അന്നു രാവിലെ മുതല്‍ തന്നെ അസാധാരണമാം വിധം അസ്വസ്ഥമായിരുന്നു മനസ്സ്‌. ഓഫീസിലെത്താന്‍ തന്നെ വൈകി. കപ്പലിന്റെ എഞ്ചിന്‍ സെര്‍വീസിങ്ങുമായി ബന്ധപ്പെട്ട ജോലിയായിരുന്നതിനാല്‍, കപ്പല്‍ ദുബായിയില്‍ വരുമ്പോള്‍ മാത്രമെ കാര്യമായ പണിയുണ്ടാകാറുള്ളൂ. എങ്കിലും ഓഫീസില്‍ കൃത്യ സമയത്ത്‌ എത്താതെ പറ്റില്ല. എന്നിട്ടെന്താ, എന്തെങ്കിലും പുസ്തകം വായിച്ചുകൊണ്ടിരിക്കും. അക്കാലത്ത്‌ മരിയാപുസോയുടെ 'ദ ലാസ്റ്റ്‌ ഡോണ്‍' വായിക്കലായിരുന്നു പ്രധാന പണി. അതിലെ ഒരു കഥാപാത്രമായ അഥീന അക്വിറ്റൈനിനെ വര്‍ണ്ണിച്ചു കൊണ്ടിരിക്കുകയാണ്‌ കഥാകാരന്‍.' പുറത്തെ പൂഴിമണലിനെ ചുംബിച്ചു കൊണ്ടിരിക്കുന്ന അലസയായ കടല്‍. സൂര്യന്‍ അസ്തമയത്തിന്‌ പോകാന്‍ മടി കാണിക്കുന്നു. അവളുടെ നീല കണ്ണുകള്‍ ഒരു സമുദ്രം പോലെ.. അകലെ, വര്‍ഷങ്ങള്‍ക്കകലെ, ഇതേ പോലെ അസ്തമയസൂര്യന്റെ ചെറുചൂടില്‍, പാടത്ത്‌ കൊയ്യാറായി നില്‍ക്കുന്ന നെല്‍ക്കതിരുകള്‍. അഥീന അക്വിറ്റൈന്റേതേക്കാള്‍ ഭംഗിയുള്ള കണ്ണുകള്‍, എന്തോ കാത്ത്‌ നില്‍ക്കുന്നു, നക്ഷത്രങ്ങള്‍ പോലെ...മരിയോപുസോ.. ഞാന്‍ നിന്നെ അസ്വദിക്കുന്നു. ഓഫീസിലെ ഫിലിപ്പീന സുഹൃത്ത്‌ ചോദിച്ചു.
വൈ ആര്‍ യു ക്രൈയിംഗ്‌?
-നതിംഗ്‌...
ഒരു ചെറു പുഞ്ചിരിയില്‍ കാലം മറഞ്ഞു. പൊന്‍ നിറമുള്ള വെയിലിനു പകരം, മുന്നില്‍ വൈറ്റ്‌ വാഷ്‌ ചെയ്ത ചുവരിന്റെ ബാക്ക്ഗ്രൌണ്ടില്‍ രണ്ട്‌ വലിയ എഞ്ചിന്റെ ചിത്രങ്ങള്‍ മാത്രം!
*****
ഹിറ്റ്‌ 96.7FM...ഷൈഖ്‌ സയ്യദ്‌ റോഡിലേക്ക്‌ വണ്ടിയെത്തിയപ്പോള്‍ FM-ലെ ജോണിന്റെ ശബ്ദം. മൂവി ഗൊ റൌണ്ട്‌ എന്ന പ്രോഗ്രാം ആണ്‌. മലയാളസിനിമാ വിശേഷങ്ങള്‍ക്കൊപ്പം പാട്ടുകളുമുണ്ടാകും. ഇരുവശങ്ങളിലും തലയുയര്‍ത്തി നില്‍ക്കുന്ന പടുകൂറ്റന്‍ കെട്ടിടങ്ങള്‍.ഇവിടം മരുഭൂമിയായിരുന്നെന്ന് വിശ്വസിക്കാന്‍ തന്നെ പ്രയാസം. ഏസിയുടെ തണുപ്പില്‍, അകലെ നിന്നെന്ന പോലെ കടലിന്റെ മൃദുവായ ആരവം. ജാനകിയമ്മയുടെ ശ്രുതിമധുരമായ ശബ്ദം.. 'ആഴക്കടലിന്റെ അങ്ങേക്കരയി... 'ശ്രീരാഗമാണോന്ന് സംശയം.. നഷട്ബോധത്തിന്റെ ആഴക്കടലില്‍, സൌന്ദര്യാരാധനക്ക്‌ മുത്തുകള്‍ തിരയുന്നു. ഇല്ല..മുത്തുകള്‍ പോയിട്ട്‌ ഒരു വെള്ളാരങ്കല്ല് പോലുമില്ല. തിരിച്ച്‌ പൊങ്ങിവന്നപ്പോള്‍, വിയര്‍പ്പുതുള്ളികള്‍..അസ്വസ്ഥമായ മനസ്സ്‌..അതും ഏസിയുടെ കുളിരില്‍..
****
ഇല്ല..ഇതു താങ്ങാനാവുന്നില്ല. മുറിയിലെത്തിയതും, കാബിനറ്റ്‌ തുറന്ന് നോക്കി. ഇന്നലത്തെ ഗ്രാന്റ്‌സ്‌. കഷ്‌ടി ഒരു പെഗ്ഗുണ്ടാവും. ഓകെ, അപ്പൊ വെള്ളം വേണ്ട. ഒന്നു കിടന്നാലൊ..ഇല്ല കടലിപ്പോഴും അശാന്തമാണ്‌. ഇനി അടുത്ത മാര്‍ഗ്ഗം ഒരു കുളി! ഷവര്‍ തുറന്ന് അതിനടിയില്‍ നിന്നു. ചെവിയില്‍ വെള്ളം വീഴുന്ന ശബ്ദം. ബാത്‌ റൂമിലെ ടൈലുകളില്‍ വെള്ളം വീഴുന്നു. തൊട്ടപ്പുറത്തിരിക്കുന്ന ബക്കറ്റില്‍, ഫ്ലഷിന്റെ കവറില്‍..വെള്ളം പലതരം ശബ്ദങ്ങളുണ്ടാക്കി.ചെണ്ട, താളം, ചേങ്ങില..അതെ, പാണ്ടിമേളമാണ്‌. ആറാട്ടുപുഴ പൂരത്തിന്‌ അമ്മതിരുവടിയെ എഴുന്നള്ളിക്കുമ്പോള്‍ പാണ്ടിമേളമാണ്‌. ഇപ്പോള്‍ മേളം അഞ്ചാം കാലത്തിലേക്ക്‌ കടന്നിരിക്കുന്നു. അറുപത്തിയൊന്ന് ദേവകള്‍ അണിനിരക്കുന്ന ദേവസംഗമം! ഒരു പക്ഷെ ഞങ്ങളുടെ അവസാനത്തെ സംഗമവും! അവള്‍ മുഖം കുനിച്ചു നില്‍ക്കുകയാണ്‌.
-ഒന്നു ചോദിച്ചോട്ടെ..ഇഷ്‌ടം തോന്നിയിട്ടുണ്ടോ എന്നോട്‌? എപ്പോഴെങ്കിലും?
അവള്‍ മുഖമുയര്‍ത്തി. നിറഞ്ഞ്‌ തുടങ്ങിയ കരിനീലകണ്ണുകള്‍..
-ങ്ങും..അവള്‍ പറഞ്ഞു.
-എന്നിട്ടും എന്തേ?..പാതിവഴിയില്‍ അവന്റെ വാക്കുകള്‍ പതറി.
-എനിക്കറിയില്ല..അത്‌ ശരിയാവില്ലാന്ന് തോന്നി..
ഷവറിനടിയില്‍ നിന്ന് ഞാന്‍ വേദന നിറഞ്ഞ പുച്ഛത്തോടെ ചിരിച്ചു..അന്നത്തെ പോലെ..
*****
തല തോര്‍ത്തിയിട്ടില്ല. യോര്‍ക്ക്‌ ഇന്റര്‍നാേഷനലിന്റെ മുന്നില്‍ കാറെത്തിയപ്പോഴാണ്‌ ഞാനത്‌ ശ്രദ്ധിച്ചത്‌. അകത്ത്‌ കയറി. കൈയ്യിലൊരു പെഗ്ഗ്‌ വോഡ്‌കയുമായി ഞാന്‍ പ്രാഞ്ചി പ്രാഞ്ചി നടന്നു. കോഴികൂടിനടുത്ത്‌ നടക്കുന്ന കുറുക്കനെ പോലെ. കൂടുതലും ആഫ്രിക്കന്‍സ്‌ ആണ്‌. ഇടയ്ക്ക്‌ റഷ്യന്‍സ്‌, ഒന്ന്, രണ്ട്‌, ഫിലിപ്പീന. അവിടവിടെ വച്ചിരിക്കുന്ന കമ്പ്യൂട്ടര്‍ ഗയിമുകളില്‍ ഒന്നിനടുത്ത്‌ ഒരു സുന്ദരി നില്ക്കുന്നു. സൊളിറ്റൈറില്‍ ഒരു കാര്‍ഡ്‌ തള്ളുന്നതിനിടയില്‍ അവള്‍ ഇടങ്കണ്ണിട്ട്‌ നോക്കി. അവളുകളുടെ കണ്ണുകളും നീലയാണ്‌. പക്ഷെ അഥീനയുടെ അത്രക്ക്‌ നീലയല്ല. -എക്സ്‌ക്യൂസ്‌ മി. ആര്‍ യു റെഡി ഫോര്‍ എ റേഷ്യല്‍ വാര്‍?- ഒന്നു ചിരിച്ചെങ്കിലും സുന്ദരിയായ അവള്‍ പറഞ്ഞു." ഒ.. നൊ..അയാം ബിസി നൌ.-ഓകെയ്‌ .. ഞാന്‍ അടുത്ത്‌ തന്നെ മാറി നിന്നു. ഇത്‌ റേഷ്യല്‍ ഡിസ്ക്രിമിനേഷന്‍ തന്നെ. കറുത്ത ഇന്ത്യനെ വെളുത്ത ടര്‍ക്കിക്കാരിക്ക്‌ വേണ്ട.ഷിറ്റ്‌!കുടിച്ച വോഡ്‌ക വെറും മിനെറല്‍ വാട്ടര്‍! ഞാന്‍ കൌണ്ടറിനടുത്തേക്ക്‌ നടന്നു.വീണ്ടും വീണ്ടും ലാര്‍ജ്ജുകള്‍..
*****
ഷക്കീലിന്റെ ക്യാമ്പിലെത്തുമ്പോള്‍ പന്ത്രണ്ട്‌ മണിയായ്‌ കാണും. അവിടെ നിഴല്‍ വീണ മുഖവുമായി ഇരിക്കുന്ന ഒരു ഇന്‍ഡോനേഷ്യന്‍. വസ്‌ത്രധാരണം ഇന്ത്യക്കാരുടേത്‌ പോലെ. കയ്യില്‍ രണ്ട്‌ സ്വര്‍ണ്ണ നിറത്തിലുള്ള വളയും, ഒരു റബ്ബര്‍ കൊണ്ടുള്ള വളയും.അവളുടേതും നീല കണ്ണുകളാണ്‌..നഗ്നയായി മാറില്‍ ചാഞ്ഞ്‌ കിടക്കുമ്പോള്‍, എന്റെ കയ്യിലെ കറുത്ത ചരട്‌ ചൂണ്ടി അവള്‍ ചോദിച്ചു,'ഇതെന്താ?'-നതിംഗ്‌.ജസ്റ്റ്‌ ഫോര്‍ എ സ്റ്റൈല്‍. പാവം അമ്മ.. നടക്കാന്‍ വയ്യാതിരിക്കുമ്പോഴും, പെരുവനം അമ്പലത്തില്‍ നടന്ന് പോയി പൂജിച്ചു കൊണ്ടു വന്ന ചരടാണ്‌. ഈശ്വരാ.. ഞാന്‍ കണ്ണുകള്‍ മാറ്റി..
-നന്നായി കുടിച്ചിട്ടുണ്ടല്ലൊ?എന്തിനാ ഇങ്ങനെ കുടിക്കുന്നത്‌? ഒരു രസത്തിന്‌ കുറച്ച്‌ ആവാം പക്ഷെ ഇങ്ങനെ അധികം കുടിച്ചാല്‍ കരളിന്‌ അസുഖം വരും. എനിക്കറിയാം. അവളുടെ കലങ്ങിയ നീല കണ്ണുകള്‍ കൊച്ചു കുട്ടികളെ ഉപദേശിക്കുന്നത്‌ പോലെ..
-എങ്ങനെയറിയും? നീ കുടിക്കുമോ? നിനക്കിപ്പോള്‍ കരളില്ലെ? ഞാന്‍ കളിയാക്കി.
അതല്ല. അവളുടെ ശബ്ദം മാറി.കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു. ഞാന്‍ അവളുടെ മുഖം പിടിച്ചുയര്‍ത്തി.-ഏയ്‌.വാട്ട്‌ ഹാപ്പെന്റ്‌? ഞാന്‍ ചോദിച്ചു. അവള്‍ ഒഴിഞ്ഞ്‌ മാറുന്ന ഒരു ചിരി ചിരിച്ചു.
നൊ നൊ, പറയ്‌, വാട്ട്‌ ഈസ്‌ റോങ്‌ വിത്‌ യു? നിന്റെ പാരെന്റ്‌സ്‌ കുടിക്കുമോ? അതോ..
അവള്‍ ദീര്‍ഘമായി ഒന്നു നിശ്വസിച്ചുഃഉം... നൊട്ട്‌ മൈ പാരെന്റ്‌സ്‌...മൈ ഹസ്ബന്‍ഡ്‌..കുടിച്ച്‌, കുടിച്ച്‌.. ഇപ്പൊ കരളിന്‌ രോഗമാണ്‌. ഒന്നും ചെയ്യാന്‍ വയ്യ. വേദനയോടെ അവള്‍ പറഞ്ഞു.
- ചികില്‍സയൊന്നും?
- ഉം..ഉണ്ട്‌.. ഹി ഈസ്‌ ഇന്‍ ഹോസ്പിറ്റല്‍ നൌ. ഓപറേഷന്‍ വേണം..അതിന്‌ വേണ്ടിയാണ്‌ ഞാന്‍ ഈ...അയാം ലിവിംഗ്‌ ഫോര്‍ ഹിം ഓണ്‍ലി...അവളുടെ നീല കണ്ണുകള്‍ നിറഞ്ഞൊഴുകി...
ഇടയ്ക്കൊക്കെ വിളിക്കൂ. തിരിച്ചു പോകാനൊരുങ്ങുമ്പോള്‍ എന്റെ മൊബൈലില്‍ അവളുടെ നമ്പര്‍ അടിച്ചു കൊണ്ട്‌ അവള്‍ പറഞ്ഞു, എന്റെ പേരറിയാമോ? സാബ്രെ...
******
പിന്നീട്‌ ഞാനവളെ കണ്ടത്‌ വളരെ അപ്രതീക്ഷിതമായി ജുമൈറ ബീച്ചില്‍ വച്ചാണ്‌.
ഹലോ. ഇന്ന് ഡ്യൂട്ടിയില്ലെ? ഞാന്‍ ചോദിച്ചു.
ഇല്ല. എം.സി-യാണ്‌. അവള്‍ ചിരിച്ചു.
അന്ന് അവള്‍ ഒരു പാട്‌ കാര്യങ്ങള്‍ പറഞ്ഞു. അവളുടെ ഒരകന്ന ബന്ധുകൂടിയാണ്‌, ഭര്‍ത്താവായ സഫര്‍. വീട്ടുകാര്‍ക്ക്‌ ഇഷ്‌ടമില്ലാതിരുന്നിട്ടും അവര്‍ ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഒരിക്കലും തിരിച്ചു പോകില്ല എന്ന് നിശ്ചയിച്ചുറപ്പിച്ചാണ്‌ അവള്‍ സ്വന്തം വീട്ടില്‍ നിന്നും ഭര്‍ത്താവിനോടൊപ്പം ഇറങ്ങിയത്‌. പക്ഷെ വിധി..അത്‌ പറയുമ്പോള്‍ അവള്‍ കരയുകയായിരുന്നില്ല. ആ നീലകണ്ണുകള്‍ പുകയുകയായിരുന്നു... തിരിച്ചു വീട്ടില്‍ വീണ്ടും കയറി ചെല്ലുമ്പോഴേക്കും കരഞ്ഞ്‌ കരഞ്ഞ്‌ ആ കണ്ണുകള്‍ വറ്റിയിരുന്നിട്ടുണ്ടാകും.. ഞാന്‍ മനസ്സിലോര്‍ത്തു.
-ഓപറേഷന്‌ ഇനിയും പണം വേണം..അവളകലെ വെയിലില്‍ തിളങ്ങുന്ന അലകളിലേക്ക്‌ നോക്കി കൊണ്ട്‌ പറഞ്ഞു. ഇനി രണ്ട്‌ മാസം കൂടി..അത്‌ കഴിഞ്ഞാല്‍ ഞാന്‍ തിരിച്ച്‌ ഇന്‍ഡോനേഷ്യയിലേക്ക്‌ പോകും...
ര്‍ണിം,ര്‍ണിം..അവളുടെ സെല്‍ ഫോണ്‍ റിംഗ്‌ ചെയ്തു.
യാ യാ, അയാം കമിംഗ്‌..അവള്‍ മറുപടിയായ്‌ പറഞ്ഞു. - എനിക്ക്‌ പോണം. ഒഴുകാന്‍ തുടങ്ങിയിരുന്ന കണ്ണുകള്‍ തുടച്ച്‌ അവള്‍ എഴുന്നേറ്റ്‌ നടന്നു...
*****
ഇന്‍ഡോനേഷ്യയിലേക്ക്‌ തിരിച്ച്‌ പോകുന്നതിന്‌ മുന്‍പ്‌ ഞാന്‍ സാബ്രെയെ ഒരിക്കല്‍ കൂടി കണ്ടിരുന്നു. ഒരു ദിവസം ഓഫിസിലിരിക്കുമ്പോള്‍ ഒരു ഫോണ്‍കോള്‍.
-ഹലോ.-ഹലോ.. ഞാന്‍ സാബ്രെയാണ്‌. ഞാന്‍ തിരിച്ച്‌ പോകുകയാണ്‌.. നാളെ.എനിക്ക്‌ ഒന്ന് കാണണമെന്ന് തോന്നി. ഇന്ന് എങ്ങനെ? ഫ്രീയാണോ?
-ഓകെ..
-എങ്കില്‍ എന്റെ ഫ്ലാറ്റില്‍ വന്നാല്‍ മതി.
-ഒോകെ.അന്ന് ഞങ്ങള്‍ ഒരു മണിക്കൂര്‍ മുറിയടച്ചിരുന്ന് സംസാരിച്ചു.
-ഓപറേഷന്‍ കഴിഞ്ഞു, കഴിഞ്ഞയാഴ്ച..കണ്ണുകള്‍ തുടച്ച്‌ ചിരിച്ച്‌ കൊണ്ട്‌ പറഞ്ഞു. മിനിഞ്ഞാന്ന് വീട്ടിലേക്ക്‌ കൊണ്ട്‌ വന്നു.കയ്യില്‍ കരുതിയിരുന്ന ഒരു ചെറിയ ഗിഫ്റ്റ്‌ അവളുടെ കയ്യില്‍ വച്ചുകൊടുത്തു കൊണ്ട്‌ ആ സന്തോഷത്തില്‍ ഞാനും പങ്ക്‌ ചേര്‍ന്നു.. പിരിഞ്ഞുപോരുമ്പോള്‍ അവള്‍ അവളുടെ ഇന്‍ഡോനേഷ്യയിലെ അഡ്രസ്സ്‌ തന്നു.-ഷിപ്പില്‍ സിംഗപൂരിലേക്കും, ഇന്‍ഡോനേഷ്യയിലേക്കുമൊക്കെ വരാറുണ്ടെന്നല്ലെ പറഞ്ഞത്‌. ഇനി വരുമ്പോള്‍ എന്റെ വീട്ടിലേക്ക്‌ വരൂ..അവിടെ ഷിപ്പ്‌യാര്‍ഡിന്റെ അടുത്താണ്‌..ആ കണ്ണുകള്‍ തിളങ്ങി.. സംഭവിക്കാന്‍ സാധ്യതയില്ലെങ്കിലും, ഞാന്‍ സമ്മതഭാവത്തില്‍ ചിരിച്ചു.
*****
സാബ്രെ പോയി കുറച്ച്‌ മാസങ്ങളായി. അവളെ ഞാന്‍ മറന്ന് തുടങ്ങിയതാണ്‌. പിന്നീട്‌ ഓര്‍ക്കുന്നത്‌ ഷിപ്പില്‍ യാത്ര ചെയ്യുമ്പോഴാണ്‌. ദുബായില്‍ നിന്ന് ഇന്‍ഡോനേഷ്യ വരെ!. ജോലി കഴിഞ്ഞ്‌ കപ്പലിന്റെ മുകള്‍തട്ടില്‍ വരുമ്പോള്‍, കുറച്ച്‌ നേരം കടല്‍ നോക്കി നില്‍ക്കും. അപ്പോഴൊക്കെ ഞാനോര്‍ക്കും. അഥീനയുടെ കണ്ണുകള്‍, ഉത്സവപറമ്പിലെ കരിനീലകണ്ണുകള്‍, സാബ്രെയുടെ കണ്ണുകള്‍..പാവം..ഇപ്പൊ ഭര്‍ത്താവുമൊത്ത്‌ സുഖമായി കഴിയുന്നുണ്ടാവും..
*****
"-------------"ഇന്‍ഡോനേഷ്യന്‍ ഭാഷയാണ്‌. എന്നെ എന്തൊക്കെയൊ ശകാരിക്കുകയും, ശപിക്കുകയുമൊക്കെ ചെയ്യുകയാണ്‌ ആ വൃദ്ധയായ സ്ത്രീ...ഗൈഡ്‌ ആയി വന്ന ഒരു ചെറുപ്പക്കാരനാണ്‌ സാബ്രെയുടെ വീട്ടില്‍ നിന്നും തിരിച്ചു വരുമ്പോള്‍ പറഞ്ഞു തന്നത്‌.. സാബ്രെ തിരിച്ചുവന്നു കുറച്ചു കാലം ഭര്‍ത്താവുമൊന്നിച്ച്‌ താമസിച്ചിരുന്നത്രെ..പക്ഷെ പിന്നീട്‌ അയാള്‍ സാബ്രെയെ ഉപേക്ഷിച്ച്‌ മറ്റൊരു സ്ത്രീയുമായി താമസം തുടങ്ങി...ഒരു സിനിമാക്കഥ പോലെ ..എനിക്കു വിശ്വസിക്കാന്‍ കഴിയുന്നില്ല.. ഞാന്‍ സ്വയം പറഞ്ഞു.,. സാബ്രെ വീട്ടുകാരുമായി വഴക്കായി എങ്ങോട്ടോ പോയി..എവിടെയാണെന്നൊ എന്താണെന്നൊ ആര്‍ക്കുമറിയില്ല.., അയാള്‍ പറഞ്ഞു നിര്‍ത്തി.ഞാന്‍ അന്ന് തന്നെ ദുബായിലേക്ക്‌ തിരിച്ചു പോന്നു..പോരുമ്പോള്‍ മുഴുവന്‍ സാബ്രെയെ കുറിച്ച്‌ ഓര്‍ക്കുകയായിരുന്നു...മരണത്തിന്റെ വായില്‍ നിന്ന് ഭര്‍ത്താവിനെ രക്ഷിച്ചെടുത്ത്‌ വെറുതെ മറ്റൊരാള്‍ക്ക്‌...ജീവിതത്തിന്റെ ഗതിവിഗതികളില്‍ ആശ്ചര്യത്തോടെ നോക്കി നില്‍ക്കാന്‍ മാത്രം വിധിക്കപ്പെട്ടവര്‍... തന്നെപോലെ...സാബ്രെയെപ്പോലെ..അങ്ങനെ എത്ര പേര്‍..കടലില്‍ തിരകള്‍ അശാന്തമായി.. *****
ഹലോ...റഷീദ്‌ പോര്‍ട്ടിലിറങ്ങി തിരിച്ച്‌ കരാമയിലേക്ക്‌ ടാക്സി കാത്തിരിക്കുമ്പോളാണ്‌ നാട്ടില്‍ നിന്നും ഫോണ്‍...
'മോനെ അമ്മയാണ്‌ നീ എത്തിയോ?.. ഞങ്ങള്‍ ഇവിടെ ആകെ തീ പിടിച്ചിരിക്കുകയാ..ഫ്ലാഷ്‌ ന്യൂസില്‍...സുനാമി അടിക്കുന്നതിന്റെ വാര്‍ത്തകളാ മൊത്തം...ഈശ്വരാ...അപകടമൊന്നുമില്ലാതെ എത്തിയല്ലോ..' '
ഇല്ലമ്മേ..പേടിക്കണ്ട.. ഞാന്‍ സേഫ്‌ ആയി എത്തി..'
ഷിപ്പില്‍ വെച്ച്‌ ഇന്‍ഫോ കിട്ടിയിരുന്നു..പക്ഷെ റൂമിലെത്തി ടിവി കണ്ടപ്പോഴാണ്‌ അതിന്റെ ഭീകരത മനസ്സിലായത്‌...കടല്‍ തകര്‍ത്തു കളഞ്ഞ വീടുകള്‍..അലമുറയിട്ട്‌ കരയുന്ന കുട്ടികള്‍..കൂടുതല്‍ മരണങ്ങള്‍ ഇന്‍ഡോനേഷ്യയിലും ഇന്‍ഡ്യയിലും.... ഇന്‍ഡോനേഷ്യ........ജീവന്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു..സ്ക്രീനില്‍ ഉറ്റവര്‍ നഷ്‌ടപ്പെട്ടവരുടെ ദൈന്യ മുഖങ്ങള്‍ മാറി മാറി തെളിയുന്നു...പിഞ്ചു കുട്ടികളെ മാറോട്‌ ചേര്‍ത്ത്‌ ആര്‍ത്തലച്ച്‌ കരയുന്ന അമ്മമാര്‍, ദുരന്തം റിപ്പോര്‍ട്ട്‌ ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍..മുറിവേറ്റവര്‍ ...അവരുടെ ശുശ്രൂഷകള്‍ക്കായി ധൃതി പിടിച്ചോടുന്ന ഡോക്ടര്‍മാര്‍..സന്നദ്ധ പ്രവര്‍ത്തകര്‍...ഒരു കൊച്ചു കുട്ടി വീടിന്റെ ഒരു ഭാഗം വീണ്‌ തകര്‍ന്ന തന്റെ കാലുമായ്‌ വേദനിച്ച്‌ കരയുന്നു... ....
ഏയ്‌..സാബ്രെ..അവള്‍ ആ കുട്ടിയുടെ കാലുകളില്‍ മുറിവ്‌ വെച്ചു കെട്ടുകയാണ്‌...കരയുന്ന ആ കുട്ടിയുടെ തലയില്‍ അവള്‍ തലോടി...അവന്റെ മുഖം മാറോട്‌ ചേര്‍ത്ത്‌ വെച്ചു...അവളുടെ കണ്ണുകള്‍ ..അവക്ക്‌ നീല നിറം കൂടിയിട്ടുണ്ട്‌.....അവ നിറഞ്ഞൊഴുകുന്നു...ആര്‍ത്തലക്കുന്ന തിരകളായല്ല....പകരം..അഗാധവും,ശാന്തവുമായ ഓളങ്ങളായി...

Tuesday, April 10, 2007

ആകാശത്തില്‍ മേഘങ്ങളില്ലാത്തവര്‍..